പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ തിങ്കളാഴ്ച്ച ഈ വര്‍ഷത്തെ ഏറ്റവും തീവ്രതയേറിയ ശൈത്യക്കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എക്‌സ്മൗത്ത് മുതല്‍ യൂക്ല വരെയുള്ള പടിഞ്ഞാറന്‍ തീരത്ത് കാറ്റ് വീശുമെന്നാണു പ്രവചനം. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ തണുത്ത കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വെള്ളിയാഴ്ച്ച മുതല്‍ തലസ്ഥാനമായ പെര്‍ത്ത് ഉള്‍പ്പെടെയുള്ള തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. റോഡുകളും കെട്ടിടങ്ങളും ഉള്‍പ്പെടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മുങ്ങി. കനത്ത കാറ്റില്‍ വ്യാപകമായി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
തണുപ്പും മഴയും ശക്തമായ കാറ്റും കൂടിയായതോടെ ജനജീവിതം താറുമാറായി. പലയിടങ്ങളിലും മരം വീണും മറ്റും തടസപ്പെട്ട വൈദ്യുതി വിതരണം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ക്ലെയര്‍മോണ്ട് മുതല്‍ റോക്കിംഗ്ഹാം വരെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. അതേസമയം ഗ്രേറ്റ് സതേണ്‍, ഗോള്‍ഡ്ഫീല്‍ഡ്‌സ്-മിഡ്ലാന്റ്‌സ്, പെര്‍ത്ത് മെട്രോപൊളിറ്റന്‍ മേഖല എന്നിവിടങ്ങളില്‍ നിലവിലുണ്ടായിരുന്ന കാലാവസ്ഥാ മുന്നറിയിപ്പ് റദ്ദാക്കി.
സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിലേക്ക് സഹായത്തിനായി 700-ലധികം കോളുകളാണു ലഭിച്ചത്. ക്ലാരെമോണ്ടില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കാറില്‍ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി. നിരവധി ഷോപ്പിംഗ് സെന്ററുകളില്‍ വെള്ളം കയറി.
റോട്ട്നെസ്റ്റ് ദ്വീപില്‍ 98 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. 51.2 മില്ലിമീറ്റര്‍ മഴയാണ് കിംഗ്സ് പാര്‍ക്കില്‍ ഇന്നലെ വൈകിട്ട് 6 മണി വരെ രേഖപ്പെടുത്തിയത്.
സാധാരണയായി വര്‍ഷത്തില്‍ രണ്ടുതവണ ശൈത്യക്കാറ്റ് അനുഭവപ്പെടാറുണ്ട്. പെര്‍ത്തില്‍ ജൂലൈയില്‍ ശരാശരി 142 മില്ലിമീറ്റര്‍ മഴയാണു പെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.