കാളകളെയോ ട്രാക്ടറോ വാങ്ങാന്‍ പണമില്ല; പെൺമക്കളുടെ സഹായത്തോടെ നിലമുഴുത് കര്‍ഷകന്‍

കാളകളെയോ ട്രാക്ടറോ വാങ്ങാന്‍ പണമില്ല; പെൺമക്കളുടെ സഹായത്തോടെ നിലമുഴുത് കര്‍ഷകന്‍

ബാംഗ്ലൂർ: കൃഷിയിറക്കേണ്ട സമയമായിട്ടും കാളകളെയോ ട്രാക്ടറോ വാങ്ങാൻ പണമില്ലാത്തതിനെത്തുടർന്ന് പെൺമക്കളെ ഉപയോഗിച്ച് നിലമുഴുത് ധാർവാഡിലെ കർഷകൻ. കലഘട്ടഗി താലൂക്കിലെ മദകിഹൊന്നല്ലി ഗ്രാമത്തിലാണ് കല്ലപ്പ ജാവൂർ എന്ന കർഷകൻ പെൺമക്കളുടെ സഹായത്തോടെ നിലമുഴുതത്.

അസുഖങ്ങളെത്തുടർന്ന് അടുത്തിടെ ശസ്ത്രകിയ കഴിഞ്ഞതിനാൽ കല്ലപ്പ ആരോഗ്യപരമായും സാമ്പത്തികപരമായും ബുദ്ധിമുട്ടിലായിരുന്നു. ഈ സാഹചര്യത്തിൽ കൃഷിയിറക്കേണ്ട സമയമായിട്ടും കാളകളെയോ ട്രാക്ടറോ വാടകയ്ക്കെടുക്കാനുള്ള പണം കല്ലപ്പയുടെ കൈവശമുണ്ടായിരുന്നില്ല. ആരോഗ്യ മോശമായതിനാൽ ഒറ്റയ്ക്ക് നിലമൊരുക്കാനുമായില്ല.

എന്നാൽ വിദ്യാർഥിനികളായ മേഘയും സാക്ഷിയും അച്ഛന്റെ വിഷം അവസ്ഥ കണ്ടാണ് നിലമുഴാൻ സഹായിക്കാൻ തീരുമാനിച്ചത്. മക്കളുടെ നിർദേശം സ്വീകരിക്കുകയല്ലാതെ കല്ലപ്പയുടെ മുന്നിൽ മറ്റുമാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരാഴ്ചയോളം നീണ്ട പ്രയത്നത്തിലൂടെയാണ് മൂവരും ചേർന്ന് നിലമുഴുതത്. കംപ്യൂട്ടർ സയൻസ് ഡിപ്ലോമ വിദ്യാർഥിനിയാണ് മൂത്തമകളായ മേഘ. സാക്ഷി പത്താം തരം വിദ്യാർഥിയും.

കാളകൾക്കുപകരം കലപ്പ വലിക്കുന്ന പെൺമക്കളുടെയും കല്ലപ്പ ജാവൂരിന്റെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാനത്ത് കർഷകർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചകളും സജീവമായി.
കർഷകർക്ക് സർക്കാർ കൂടുതൽ സഹായങ്ങൾ ലഭ്യമാക്കാൻ തയ്യാറാകണമെന്ന് ഒട്ടേറെപ്പേർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

ദൃശ്യങ്ങൾ വൈറലായതോടെ കല്ലപ്പയുടെ കുടുംബത്തെ സഹായിക്കാൻ ഒട്ടേറെപ്പേരാണ് എത്തിയത്. മുൻ കോൺഗ്രസ് എം.എൽ.സി. നാഗരാജ് ചെബ്ബി കുടുംബത്തിന് കാളകളെ നൽകാമെന്ന് അറിയിച്ചു. കാർഷികോപകരണങ്ങളും പഠനസഹായവും നൽകാൻ വ്യക്തികളും വിവിധ സംഘടനകളും സന്നദ്ധതയറിയിച്ചിട്ടുണ്ട്.

എന്നാൽ കോവിഡ് സാഹചര്യത്തിൽ കാർഷികോൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ കഴിയാത്തതും ഗ്രാമീണമേഖലയിലെ കോവിഡ് വ്യാപനവുമാണ് കർഷകർക്ക് തിരിച്ചടിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.