വെല്ലിംഗ്ടണ്‍: മരത്തടിയില്‍ നിര്‍മ്മിച്ച ഒരു ഉപഗ്രഹം ആദ്യമായി ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു. വിസ വുഡ്സാറ്റ് എന്നാണ് കിലോഗ്രാമില്‍ താഴെ മാത്രം ഭാരമുള്ള ഈ കുഞ്ഞന്‍ ഉപഗ്രഹത്തിന്റെ പേര്. ബഹിരാകാശത്തെ അന്തരീക്ഷത്തില്‍ പ്ലൈവുഡ് എങ്ങനെ പ്രതികരിക്കുമെന്നും അതിനുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കാനും ഈ ഉപഗ്രഹ വിക്ഷേപണത്തിലൂടെ സാധിക്കും.
ആര്‍ട്ടിക് ആസ്ട്രനോട്ടിക്‌സ് എന്ന ഫിന്നിഷ് സാറ്റലൈറ്റ് കമ്പനിയാണ് വുഡ്സാറ്റിന്റെ രൂപകല്‍പനയ്ക്ക് പിന്നില്‍. വരുന്ന നവംബര്‍ മാസം ന്യൂസിലന്‍ഡില്‍ നിന്ന് വുഡ്സാറ്റിന്റെ വിക്ഷേപണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
വിക്ഷേപിക്കപ്പെടുന്ന വുഡ്സാറ്റ് ഭൂമിയ്ക്ക് ചുറ്റുമുള്ള പോളാര്‍ ഓര്‍ബിറ്റിലേക്ക് കടക്കും. മരത്തടി സാറ്റലൈറ്റിന്റെ വിക്ഷേപണം വിജയിച്ചാല്‍ ഭാവിയില്‍ ഉപഗ്രഹ വിക്ഷേപണ രംഗത്തേക്ക് ചെലവുകുറഞ്ഞ ബദല്‍ മാര്‍ഗമായി ഇതിനെ തങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് വുഡ്സാറ്റിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്.
കഴിഞ്ഞ ജൂണ്‍ 12ന് വുഡ്സാറ്റിന്റെ ടെസ്റ്റ് ഫ്‌ളൈറ്റ് നടത്തിയിരുന്നു. വെതര്‍ ബലൂണിനൊപ്പം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ ദൂരത്തിലേക്കും സ്ട്രാറ്റോസ്ഫിയറിലേക്കും വുഡ്സാറ്റ് കടന്നു. എന്നാല്‍ ഭൂമിയുടെ പരിധിവിട്ട് ബഹിരാകാശത്തേക്ക് കടത്തിയിരുന്നില്ല.
യു.പി.എം പ്ലൈവുഡ് എന്ന കമ്പനിയാണ് വുഡ്സാറ്റിന്റെ നിര്‍മ്മാണത്തിന് പിന്നില്‍. പ്രത്യേക ക്യാമറകള്‍ വുഡ്സാറ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്. സെല്‍ഫി സ്റ്റിക്കില്‍ ഘടിപ്പിച്ചതിന്റെ മാതൃകയിലുള്ള ഒരു ക്യാമറയാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയം.
വിക്ഷേപിക്കപ്പെട്ടതിന് ശേഷം വുഡ്സാറ്റിനുണ്ടാകുന്ന ഓരോ മാറ്റങ്ങളും ഈ ക്യാമറകണ്ണുകള്‍ ഒപ്പിയെടുക്കും. അതേ സമയം വുഡ്സാറ്റിനുള്ളിലെ ചില ഘടകങ്ങള്‍ തടികൊണ്ടല്ല നിര്‍മ്മിച്ചിരിക്കുന്നത്. അലൂമിനിയം റേല്‍സും ഇതില്‍പ്പെടും.
വുഡ്സാറ്റിലെ റേഡിയോ പേലോഡിന് വേണ്ട ഊര്‍ജം നല്‍കുന്നത് ഒമ്പത് ചെറിയ സോളാര്‍ സെല്ലുകളാണ്. വിക്ഷേപണ ഘട്ടത്തില്‍ നേരിട്ടേക്കാവുന്ന വെല്ലുവിളികളെ മുന്നില്‍ കണ്ടാണ് നാല് ഇഞ്ച് വീതം നീളവും വീതിയും ഉയരവുമുള്ള വുഡ്സാറ്റിന്റെ നിര്‍മ്മാണം.
തെര്‍മല്‍ വാക്വം ചേംബറില്‍ ഉണക്കിയെടുത്ത ബര്‍ച് മരം കൊണ്ടാണ് വുഡ്സാറ്റിന്റെ പ്ലൈവുഡ് നിര്‍മ്മിച്ചിരിക്കുന്നത്. അറ്റോമിക് ലെയര്‍ ഡെപസിഷന്‍ പ്രക്രിയയ്ക്ക് ശേഷം വളരെ നേര്‍ത്ത അലൂമിനിയം ഓക്‌സൈഡ് ലെയറും ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.