ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണമാണിതെന്നാണ് ആദ്യം അന്വേഷണ സംഘം പറഞ്ഞിരുന്നത്. ഇക്കാര്യം ഇരിങ്ങാലക്കുട കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊരു കവര്‍ച്ചാക്കേസ് മാത്രമായി അവസാനിപ്പിക്കാനാണ് നീക്കം.
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. കേസില്‍ ബിജെപി നേതാക്കളാരും പ്രതികളാകില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കും. കുറ്റപത്രം ജൂലൈ 24 ന് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ ആകെ 22 പ്രതികളാണുള്ളത്.
കുറ്റപത്രത്തില്‍ ബിജെപി നേതാക്കളുടെ മൊഴികള്‍ ഉള്‍പ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്. ഇവരില്‍ ഒരാള്‍ പോലും പ്രതിയാകില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവിരം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഒരു കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ശുപാര്‍ശയും കുറ്റപത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഇ.ഡി അന്വേഷിക്കേണ്ട പണമിടപാട് കേസില്‍ പൊലീസിന് പരിമിതികളുണ്ട്.
കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് കെ.സുരേന്ദ്രന്‍ പൊലീസിന് മുമ്പാകെ ഹാജരായിരുന്നു. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ വിട്ടയക്കുകയായിരുന്നു. കവര്‍ച്ചക്കേസില്‍ പരാതി നല്‍കിയ ധര്‍മരാജനും കെ.സുരേന്ദ്രനും ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്.
കവര്‍ച്ചാ പണം മുഴുവന്‍ കണ്ടെടുക്കുക ദുഷ്‌കരമെന്നാണ് പൊലീസ് പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബിജെപി നേതാക്കളില്‍ നിന്ന് കിട്ടിയിട്ടില്ല. അതിനാല്‍ ഇത് ഒരു കവര്‍ച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഇതിനോടകം ഇരുപത്തി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടി 45 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. എന്നാല്‍ ബാക്കി പണം കണ്ടെത്തുക എങ്ങനെയാണ് എന്നതിലാണ് അന്വേഷണസംഘം വഴിമുട്ടി നിന്നത്.
ഇത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണമാണെന്നാണ് ആദ്യം അന്വേഷണസംഘം പറഞ്ഞിരുന്നത്. ഇക്കാര്യം ഇരിങ്ങാലക്കുട കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊരു കവര്‍ച്ചാക്കേസ് മാത്രമായി അവസാനിപ്പിക്കവേ, സംസ്ഥാന സര്‍ക്കാര്‍ കേസ് വെളുപ്പിച്ച് കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ ഒരുങ്ങുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കും.
കൊടകര കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാക്കളെ ഒഴിവാക്കി നടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്നും ചെന്നിത്തല ആരോപിച്ചു.
69 നിയോജക മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും മറിച്ചുനല്‍കി. ബിജെപിയും സിപിഐഎമ്മും തമ്മില്‍ കൂട്ടുകെട്ടാണ്. എന്‍ഡിഎയിലെ മറ്റ് ഘടകക്ഷികളുടെ വോട്ടും മറിച്ചു നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച കൂട്ടുകെട്ടിന്റെ ഭാഗമായാണ് കൊടകര കേസിലെ ഒത്തുതീര്‍പ്പെന്നും രമേശ് ചെന്നിത്തല ആരോപിച്ചു
എന്നാല്‍ കുറ്റപത്രത്തില്‍ പറയുന്നത് പോലെ, കേസ് ഇ.ഡി ഏറ്റെടുക്കുമോ എന്ന കാര്യം സംശയമാണ്. നേരത്തേ, കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി ആഴ്ചകള്‍ക്കു മുമ്പേ തന്നെ സംസ്ഥാന പൊലീസ് കത്തു നല്‍കിയിരുന്നതാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുളളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ എന്‍ഫോഴ്‌സ്‌മെന്റ് പിന്‍വലിയുകയായിരുന്നു.
കോടികളുടെ കളളപ്പണ ഇടപാട് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സലീം മടവൂര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇ.ഡി യുടെ ഒളിച്ചു കളി വീണ്ടും പുറത്തു വന്നത്. പത്തുദിവസത്തിനുളളില്‍ മറുപടി വേണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇ.ഡി മറുപടി നല്‍കിയില്ല. കാര്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും രണ്ടാഴ്ചത്തെ സമയം കൂടി വേണമെന്നും ആവശ്യപ്പെട്ടു.
ഇതംഗീകരിച്ച ഹൈക്കോടതി സമയം നീട്ടി നല്‍കി. കൊടകര ഹവാല ഇടപാട് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ മടിച്ചു നില്‍ക്കുന്നതിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നതാണ്. ഇനി കുറ്റപത്രത്തില്‍ക്കൂടി ഇക്കാര്യം ആവശ്യപ്പെടുമ്പോള്‍ ഇഡി എന്ത് നിലപാടെടുക്കും എന്നത് നിര്‍ണായകമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.