അഡ്‌ലെയ്ഡ്: ചോക്ലേറ്റ് എന്നു കേട്ടാല്‍ പലരുടെയും നാവില്‍ വെള്ളമൂറും. എന്നാല്‍ ചോക്ലേറ്റ് തവള എന്നു കേട്ടാലോ? അതൊരു മിഠായിയോ കേക്കോ ആണെന്നു തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ പറഞ്ഞുവരുന്നത് യഥാര്‍ഥ ചോക്ലേറ്റ് തവളയെക്കുറിച്ചാണ്. പളപളാ മിനുങ്ങുന്ന ചോക്ലേറ്റ് നിറമുള്ള തവള.
ഒറ്റക്കാഴ്ചയില്‍ തന്നെ മനസ്സിലാക്കാം ഇതൊരു സാധാരണ തവളയല്ലെന്ന്. കാരണം ഈ തവളയുടെ ശരീരം മുഴുവന്‍ ചോക്ലേറ്റ് നിറമാണ്. അടുത്തിടെ ഓസ്‌ട്രേലിയയിലാണ് വളരെ വ്യത്യസ്തമായ ഇത്തരത്തിലുള്ള തവളയെ കണ്ടെത്തിയിരിക്കുന്നത്. കാഴ്ചയില്‍ ചോക്ലേറ്റ് നിറമുള്ളതു കൊണ്ട് തന്നെ ഇവയെ ചോക്ലേറ്റ് തവള എന്നാണ് പേരിട്ടിരിക്കുന്നത്. ലിറ്റോറിയ മിറ എന്നാണ് ഈ തവളയുടെ ശാസ്ത്രീയ നാമം. ലത്തീന്‍ ഭാഷയില്‍ വിചിത്രം എന്നാണ് മിറയുടെ അര്‍ത്ഥം.
ന്യൂഗിനിയ ദ്വീപിലെ ചതുപ്പുനിലങ്ങളില്‍ നിന്നാണ് ചോക്ലേറ്റ് നിറമുള്ള തവളയെ ഓസ്‌ട്രേലിയന്‍ ജന്തുശാസ്ത്രജ്ഞനും സൗത്ത് ഓസ്‌ട്രേലിയന്‍ മ്യൂസിയത്തിലെ സ്‌പെഷലിസ്റ്റുമായ സ്റ്റീവ് റിച്ചാര്‍ഡ് കണ്ടെത്തിയത്. ഈ പ്രദേശത്ത് ആയതു കൊണ്ടാകാം ഇത് ഇത്രകാലവും ആരുടെയും ശ്രദ്ധയില്‍പെടാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എട്ട് സെന്റീമീറ്റര്‍ വരെ വലിപ്പം എത്തുന്നവയാണ് ഈ ചോക്ലേറ്റ് തവളകള്‍.
ഓസ്‌ട്രേലിയയിലെ ഗ്രീന്‍ ട്രീ ഫ്രോഗ്' എന്ന തവളകുടുംബത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ തവള. തിളങ്ങുന്ന ചോക്ലേറ്റ് നിറമുള്ള തൊലി ഒഴിച്ചാല്‍ സാധാരണയായി കണ്ടുവരുന്ന ഗ്രീന്‍ ട്രീ ഫ്രോഗ് എന്ന പച്ചത്തവളയില്‍നിന്ന് മറ്റൊരു വ്യത്യാസവും ഇല്ല. സാധാരണ കാണുന്നവയില്‍ നിന്നും വ്യത്യസ്തമായ ഈ ചോക്ലേറ്റ് തവള വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.