ബര്‍ലിന്‍: പടിഞ്ഞാറന്‍ യൂറോപ്പിനെ ഭീതിയിലാഴ്ത്തി പെയ്തിറങ്ങിയ മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. ജര്‍മനിയിലാണ് കൂടുതല്‍ മരണം 143. ബല്‍ജിയത്തില്‍ 27. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. മഴ ശമിച്ചതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഒഴുകിപ്പോയ വാഹനങ്ങളില്‍ ഒട്ടേറെ പേര്‍ കുടങ്ങിയിട്ടുള്ളതായി സംശയിക്കുന്നു.
അരനൂറ്റാണ്ടിനിടെ ജര്‍മ്മനി നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. ചില പ്രദേശങ്ങളില്‍ റോഡുകള്‍ ദൃശമാകാത്ത അവസ്ഥയാണ്. വീടുകളെല്ലാം വെള്ളത്തിനടിയിലായി. വെള്ളമിറങ്ങിയ റോഡുകളില്‍ വാഹനങ്ങള്‍ കൂട്ടമായി ഒന്നിനു മേലെ ഒന്നായി മറിഞ്ഞു കിടക്കുന്ന കാഴ്ച്ചയാണ് എങ്ങും. ചില ജില്ലകള്‍ പൂര്‍ണമായും നശിച്ചു.
ജര്‍മന്‍ സംസ്ഥാനമായ റൈന്‍ലാന്‍ഡ്-പാലറ്റിനേറ്റില്‍ ശനിയാഴ്ച്ച 93 പേരാണു മരിച്ചത്. ശാരീരിക വൈകല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ 12 താമസക്കാര്‍ മരിച്ചവരില്‍ പെടും. അയല്‍സംസ്ഥാനമായ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയില്‍ മരണസംഖ്യ 43 ആയി.

'എല്ലാം 15 നിമിഷം കൊണ്ട് വെളളത്തിനടിയിലായി. ഞങ്ങളുടെ ഫ്ളാറ്റ്, അയല്‍വാസികളുടെ വീട്, ഓഫീസ്, എല്ലാം. എല്ലായിടവും വെള്ളം നിറഞ്ഞിരിക്കുന്നു.' പ്രളയത്തില്‍ അകപ്പെട്ട ജര്‍മനിയിലെ റൈന്‍ലാന്‍ഡ് സംസ്ഥാനത്തെ ബാദ് ന്യൂനറിലെ അഗ്രോണ്‍ എന്ന 21കാരന്റെ വാക്കുകളാണിത്. പ്രളയം രൂക്ഷമായി ബാധിച്ച റൈന്‍ലാന്‍ഡ്-പാലറ്റിനേറ്റ് സംസ്ഥാനത്തെ ആര്‍വീലര്‍ ജില്ലയില്‍ നിരവധി വീടുകള്‍ തകര്‍ന്നടിഞ്ഞു.
ജര്‍മനിയില്‍ കൊളോണിനു സമീപമുള്ള വാസന്‍ബര്‍ഗില്‍ ഡാം തകര്‍ന്നതിനെ തുടര്‍ന്ന് 700 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പടിഞ്ഞാറന്‍ ജര്‍മനിയിലെ സ്റ്റെയ്ന്‍ബക്റ്റല്‍ ഡാം അപകടനിലയിലായതിനാല്‍ 4,500 പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. പ്രളയം രൂക്ഷമായിരുന്ന എഫ്സ്റ്റഡ് പട്ടണത്തില്‍ മണ്ണിടിഞ്ഞു മൂന്നു വീടുകള്‍ തകര്‍ന്നത് പരിഭ്രാന്തി പരത്തി. അവശിഷ്ടങ്ങള്‍ നീക്കാന്‍ സൈന്യം കവചിത വാഹനങ്ങള്‍ ഇറക്കി. വൈദ്യുത, ജലവിതരണ സംവിധാനം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടരുന്നു. റോഡ്, റെയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.

ജര്‍മനിയുടെ അയല്‍രാജ്യമായ ബെല്‍ജിയത്തില്‍ ഇതുവരെ 27 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 103 പേരെ ഇവിടെ കാണാതായി. ബല്‍ജിയത്തില്‍ കൂടുതല്‍ നാശമുണ്ടായ പ്രദേശങ്ങള്‍ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂവും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വാന്‍ഡര്‍ലെയ്‌നും സന്ദര്‍ശിച്ചു. നെതര്‍ലന്‍ഡ്‌സില്‍ അതീവ ജാഗ്രത തുടരുകയാണ്. നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. നഗരവീഥികളില്‍ പ്രളയജലം കെട്ടിക്കിടക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.