ഓസ്‌ട്രേലിയയില്‍ രണ്ടു ഡോസ് വാക്‌സിനെടുത്ത രണ്ടു പേര്‍ക്ക് കോവിഡ് ഡെല്‍റ്റ വകഭേദം; ആശങ്ക ഉയരുന്നു

ഓസ്‌ട്രേലിയയില്‍ രണ്ടു ഡോസ് വാക്‌സിനെടുത്ത രണ്ടു പേര്‍ക്ക് കോവിഡ് ഡെല്‍റ്റ വകഭേദം; ആശങ്ക ഉയരുന്നു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കോവിഡ് വീണ്ടും രൂക്ഷമാകുന്നതിനിടെ, പ്രതിരോധ വാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്കു വീണ്ടും രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കു കോവിഡ് ഡെല്‍റ്റ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പു നല്‍കുന്നു. ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്താണ് ഇത്തരത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

വാക്‌സിന്‍ രണ്ടു ഡോസുമെടുത്ത ബ്രിസ്ബന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തൊഴിലാളിക്കാണ് വ്യാഴാഴ്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ വെസ്റ്റ്മീഡ് ഹോസ്പിറ്റലിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന നഴ്‌സിനും രോഗബാധ സ്ഥിരീകരിച്ചു. ഇവര്‍ പ്രതിരോധ കുത്തിവയ്പ് പൂര്‍ത്തിയാക്കുകയും വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ എല്ലാം സ്വീകരിക്കുകയും ചെയ്തിരുന്നു.

ആശുപത്രിയിലെ പതിവ് പരിശോധനയിലാണ് ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന നഴ്സിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗം മറ്റുള്ളവരിലേക്കു പകര്‍ന്നതായി കണ്ടെത്തിയിട്ടില്ലെന്നു സംസ്ഥാനത്തെ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.

വാക്‌സിനേഷനും പി.പി.ഇ കിറ്റും രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നുണ്ടെങ്കിലും അവ പൂര്‍ണ സുരക്ഷിതമാണെന്നു പറയാനാവില്ലെന്നു ലാ ട്രോബ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഹസന്‍ വാലി പറഞ്ഞു. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് രോഗം വരുന്നത് നിര്‍ഭാഗ്യകരമാണ്. ഇതിനര്‍ഥം വാക്‌സിനേഷനും പി.പി.ഇയും ഫലപ്രദമല്ല എന്നല്ല. എല്ലാ സുരക്ഷയും ഉറപ്പുവരുത്തുമ്പോഴും രോഗം പകരാനുള്ള ചെറിയ സാധ്യത നിലനില്‍ക്കുന്നു. തീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് ഭീഷണി ഉയര്‍ത്തുന്നത്.

വാക്‌സിന്‍ എടുത്താലും ഒരാള്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാരണം ഈ വാക്‌സിനുകള്‍ എല്ലാം തികഞ്ഞതാണെന്നു പറയാനാകില്ലെന്നു ഹസന്‍ വാലി കൂട്ടിച്ചേര്‍ത്തു.

രണ്ട് ഡോസ് ആസ്ട്രാസെനക്ക വാക്‌സിന്‍ ഡെല്‍റ്റ വകഭേദത്തെ തടയാന്‍ 60% ഫലപ്രദമാണെന്ന് യു.കെയില്‍നിന്നുള്ള കണക്കുകള്‍ തെളിയിക്കുന്നു. അതേസമയം രണ്ട് ഡോസ് ഫൈസര്‍ വാക്‌സിന് രോഗത്തെ തടയാന്‍ 88% ശേഷിയുണ്ട്.

പ്രതിരോധ കുത്തിവയ്പ് കോവിഡ് വ്യാപിക്കുന്നതും തടയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് 365,000-ത്തിലധികം വീടുകളില്‍ നടത്തിയ പഠനത്തില്‍, ഫൈസര്‍ അല്ലെങ്കില്‍ അസ്ട്രാസെനക്ക പ്രതിരോധ കുത്തിവയ്പ് എടുത്ത വ്യക്തി പോസിറ്റീവായാലും കുടുംബത്തിലെ മറ്റുള്ളവരിലേക്കു പകരാനുള്ള സാധ്യത 40 മുതല്‍ 50 ശതമാനം വരെ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26