ഇരുപത്തിയൊന്നാം മാർപാപ്പ വി. കൊർണേലിയൂസ് (കേപ്പാമാരിലൂടെ ഭാഗം-22)

ഇരുപത്തിയൊന്നാം  മാർപാപ്പ  വി. കൊർണേലിയൂസ്  (കേപ്പാമാരിലൂടെ ഭാഗം-22)

ഡേസിയൂസ് ചക്രവര്‍ത്തിയുടെ ഭരണകാലത്ത് റോമില്‍ അരങ്ങേറിയ മതപീഡനകാലത്ത് ഏ.ഡി. 251-ല്‍ ഫാബിയന്‍ മാര്‍പ്പാപ്പ രക്തസാക്ഷിത്വം വരിച്ചു. തുടര്‍ന്ന് അതിക്രൂരമായ മതപീഡനം മൂലം ഏകദേശം ഒരു വര്‍ഷത്തിലധികം പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞു കിടന്നു. ഡേസിയൂസ് ചക്രവര്‍ത്തിക്ക് യുദ്ധാവശ്യങ്ങള്‍ക്കായി റോമില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യം സംജാതമായി. അദ്ദേഹത്തിന്റെ അഭാവം ദൈവത്തിന്റെ ഇടപെടലായി കണ്ട സഭാ നേതൃത്വം ഉടനേ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പതിനാറു മെത്രാന്മാര്‍ റോമില്‍ ഒന്നിച്ചുകൂടുകയും തിരുസഭയുടെ ഇരുപത്തി ഒന്നാമത്തെ മാര്‍പ്പാപ്പയായി ഏ.ഡി. 252 മാര്‍ച്ച് മാസത്തില്‍ കൊര്‍ണേലിയൂസ് മാര്‍പ്പപ്പയെ തെരഞ്ഞെടുക്കുകയും ചെയ്തു.  എന്നാല്‍ കൊര്‍ണേലിയൂസിന്റെ തിരഞ്ഞെടുപ്പ് എല്ലാവരെയും ഒരുപ്പോലെ പ്രീതിപ്പെടുത്തുന്നതായിരുന്നില്ല.

ഫാബിയന്‍ മാര്‍പ്പാപ്പയുടെ രക്തസാക്ഷിത്വത്തിനുശേഷം പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞു കിടന്ന ഒരു വര്‍ഷത്തോളം റോമന്‍ സഭയേ നയിച്ച നോവേഷ്യനും അദ്ദേഹത്തിന്റെ അനുയായികളും കൊര്‍ണേലിയൂസ് മാര്‍പ്പാപ്പയുടെ തെരഞ്ഞെടുപ്പിനെ അംഗീകരിക്കുവാന്‍ തീര്‍ത്തും തയ്യാറായില്ല. ഇതിനേ തുടര്‍ന്ന് നോവേഷ്യന്റെ അനുയായികള്‍ അദ്ദേഹത്തെ എതിര്‍ മാര്‍പ്പാപ്പയായി അഭിഷേകം ചെയ്തു. ഇത്തരമൊരു നീക്കം സഭയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വഴിതെളിച്ചു.

ഡേസിയൂസിന്റെ മതപീഡനകാലത്ത് പീഡനങ്ങളുടെ ആധിക്യം മൂലം അനേകം ആളുകള്‍ വിശ്വാസത്യാഗം ചെയുകയും വിഗ്രഹങ്ങളക്ക് ആരാധനയര്‍പ്പിക്കുകയും ചെയ്തു. അനുതപിച്ച് തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് സഭയിലേക്ക് തിരിച്ചുവരുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവരെ സഭയില്‍ പുനഃപ്രവേശിപ്പിക്കുന്നതിനായി വീണ്ടും മാമ്മോദീസ സ്വീകരിക്കണമോ വേണ്ടയോ എന്ന ചോദ്യം ഉയര്‍ന്നു വന്നു. കൊര്‍ണേലിയൂസ് മാര്‍പ്പാപ്പ കാര്‍ത്തേജിലെ വി. സിപ്രിയനോടു ചേര്‍ന്ന് സഭയില്‍ പുനഃപ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവരെ സ്വീകരിക്കണമെന്നും അതിനായി വീണ്ടും അവര്‍ മാമ്മോദീസ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയില്ല എന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ അവരെ സഭയിലേക്ക് പുനഃപ്രവേശിപ്പിക്കുന്നതിനെ നൊവേഷ്യനും അനുയായികളും എതിര്‍ക്കുകയും വിശ്വാസത്യാഗം ചെയ്തവരെ ഒരുവിധത്തിലും സഭയില്‍ പുനഃപ്രവേശിപ്പിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. പഴയനിയമമനുസരിച്ച് വിഗ്രഹാരാധന ഒരിക്കലും ക്ഷമിക്കപ്പെടാനാവാത്ത പാപമാണെന്നും അതിനാല്‍ അത്തരം പാപങ്ങള്‍ ചെയ്തവരുടെ പാപങ്ങള്‍ ക്ഷമിക്കുവാനുള്ള അധികാരം തിരുസഭയ്ക്കല്ല മറിച്ച് അവരുടെ മരണശേഷം ദൈവത്തിനുമാത്രമാണ് എന്ന് പഠിപ്പിക്കുകയും ചെയ്തു. നൊവേഷ്യന്റെയും അനുയായികളുടെയും ഇത്തരത്തിലുള്ള നിലപാട് സഭയില്‍ വലിയതരത്തിലുള്ള വിഭാഗിയതയ്ക്ക് വഴിതെളിച്ചു. 

സഭയില്‍ ഉടലെടുത്ത വിഭാഗിയത മറികടക്കുവാനും സഭയില്‍ ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ പരിഹിരിക്കുവാനുമായി കൊര്‍ണേലിയൂസ് മാര്‍പ്പാപ്പ റോമില്‍ സിനഡ് വിളിച്ചു ചേര്‍ത്തു. പ്രസ്തുത സിനഡില്‍വെച്ച് താനാണ് പ്രത്രോസിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന് സ്ഥാപിക്കുകയും വിഘടിച്ചു നിന്ന നോവേഷ്യനെയും അനുയായികളെയും സഭാഭ്രഷ്ടരാക്കുകയും ചെയ്തു. പ്രസ്തുത സിനഡിലൂടെ അനുതാപത്തിലൂടെയും ഉചിതമായ പശ്ചാതാപപ്രവര്‍ത്തികളിലൂടെയും പാപികളെ സഭയിലേക്ക് പുനഃപ്രവേശിപ്പിക്കാമെന്ന് പഠിപ്പിക്കുകയും ചെയ്തു. അതുപോലെതന്നെ ക്ഷമിക്കപ്പെടാനാവത്ത ഒരു പാപവും ഇല്ല എന്ന ദൈവശാസ്ത്രസത്യം പ്രസ്തുത സിനഡിലൂടെ ഉരിത്തിരിയുകയും ചെയ്തു. 

ഏ.ഡി. 252-ന്റെ ആരംഭത്തോടെ ഡേസിയൂസ് ചക്രവര്‍ത്തിയുടെ പിന്‍ഗാമിയായ ഗാലൂസ് ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ പുതിയ മതപീഡനം പൊട്ടിപുറപ്പെട്ടു. മതപീഡനകാലത്ത് കൊര്‍ണേലിയൂസ് മാര്‍പ്പയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ തങ്ങളുടെ വിശ്വാസത്തിന് ധൈര്യപൂര്‍വ്വം സാക്ഷ്യം വഹിച്ചു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ചക്രവര്‍ത്തി കൊര്‍ണേലിയൂസ് മാര്‍പ്പാപ്പയെ സെന്റുമച്ചെല്ലെ എന്ന സ്ഥലത്തേയ്ക്ക് നാടുകടത്തപ്പെട്ടു. അവിടെവെച്ച് ഏ.ഡി. 253 ജൂണില്‍ കൊര്‍ണേലിയൂസ് മാര്‍പ്പാപ്പ ഇഹലോകവാസം വെടിഞ്ഞു. തിരുസഭ അദ്ദേഹത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 16-ാം തീയതി ആചരിക്കുന്നു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26