ബാങ്കു വിളിക്ക് ഉച്ചഭാഷിണി വേണ്ട, നിരോധിക്കണം; സൗദി അറേബ്യയെ കേരളം മാതൃകയാക്കണം: ഹമീദ് ചേന്ദമംഗലൂര്‍

ബാങ്കു വിളിക്ക് ഉച്ചഭാഷിണി വേണ്ട, നിരോധിക്കണം; സൗദി അറേബ്യയെ കേരളം മാതൃകയാക്കണം: ഹമീദ് ചേന്ദമംഗലൂര്‍

കോഴിക്കോട്: ശബ്ദ മലിനീകരണം ഒഴിവാക്കാന്‍ മസ്ജിദുകളിലെ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി നിരോധിച്ച സൗദി അറേബ്യയെ മാതൃകയാക്കാന്‍ കേരളം തയ്യാറാകണമെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍.

എന്തിനും ഏതിനും ഇസ്ലാമിന്റെ വേദപുസ്തകമായ ഖുര്‍ആനിലേക്കും നബിവചന സമാഹാരമായ ഹദീസ് ഗ്രന്ഥങ്ങളിലേക്കും നോക്കുന്ന മുസ്ലിം മതപണ്ഡിതരും ഇസ്ലാമിക സംഘടനാ കപ്പിത്താന്മാരും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം കണ്ടുപിടിക്കപ്പെട്ട ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ശബ്ദമലിനീകരണം നന്മയാണെന്നോ പുണ്യകര്‍മ്മമാണെന്നോ ഖുര്‍ആനിലോ ഹദീസിലോ രേഖപ്പെടുത്തിയതായി കണ്ടിട്ടുണ്ടോ?- പ്രമുഖ വാരികയിലെ തന്റെ പംക്തിയില്‍ ഹമീദ് ചേന്ദമംഗലൂര്‍ ആരായുന്നു.

പതിന്നാല് നൂറ്റാണ്ട് മുന്‍പ് നബിയുടെ കാലത്ത് ദിവസേനയുള്ള അഞ്ചു പ്രാര്‍ത്ഥനകളുടെ സമയമറിയാന്‍ ഉപകരണങ്ങളില്ലാതിരുന്ന സാഹചര്യത്തില്‍ ഉയര്‍ന്നു വന്നതാണ് ബാങ്കുവിളി എന്ന ചട്ടം. സമയമറിയാന്‍ വാച്ചും മൊബൈല്‍ ഫോണുമുള്‍പ്പെടെയുള്ള സംവിധാനം സാര്‍വ്വത്രികമായിരിക്കെ പള്ളികളിലെ ബാങ്കുവിളി ഉപേക്ഷിക്കാവുന്നതേയുള്ളൂ.

പക്ഷേ, ദൗര്‍ഭാഗ്യകരമെന്നു പറയണം, ഉച്ചഭാഷിണി നിരോധനമുള്ള അഞ്ചാറ് രാഷ്ട്രങ്ങളൊഴികെ മറ്റെല്ലായിടങ്ങളിലും ബാങ്കുവിളി ഉച്ചഭാഷിണി സഹിതമാക്കുകയത്രേ വിവിധ മുസ്ലീം കൂട്ടായ്മകള്‍ ചെയ്തത്. ഉച്ചഭാഷിണി ആദ്യമായി ബാങ്കുവിളിക്ക് ഉപയോഗിച്ചത് 1936 ല്‍ സിംഗപ്പൂരിലെ സുല്‍ത്താന്‍ മസ്ജിദിലായിരുന്നു.കേരളത്തിലും അരനൂറ്റാണ്ടിലേറെക്കാലമായി ലൗഡ് സ്പീക്കറുപയോഗിച്ചുള്ള ബാങ്കുവിളിയാണ് നടന്നു വരുന്നത്.

കട്ടപിടിച്ച മത യാഥാസ്ഥിതികത്വം നിലനില്‍ക്കുന്ന സൗദി അറേബ്യ പോലും നവീകരണ പാതയിലേക്കു മെല്ലെ കടന്നു വന്ന് ശബ്ദമലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായി 2021 മെയ് അവസാന വാരം മുതല്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ഉഗ്ര ശബ്ദത്തില്‍ നടത്തുന്ന ബാങ്കുവിളി നിരോധിച്ചു. പ്രവാചകന്റെ പാദമുദ്രകള്‍ പതിഞ്ഞ മക്കയിലേയും മദീനയിലേയും മസ്ജിദുകളില്‍ ഉച്ചഭാഷിണി സഹിത ബാങ്കുവിളി വേണ്ടെന്നു വെച്ചെങ്കില്‍ മാലിക് ദീനാറിനെപ്പോലുള്ളവര്‍ വഴി ഇസ്ലാം വേര് പിടിച്ച മലയാളക്കരയിലെ മസ്ജിദുകളിലും ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്കുവിളി ഒഴിവാക്കേണ്ടതല്ലേ?- ഹമീദ് ചോദിച്ചു.

രണ്ടു മാസം മുമ്പ്, സമീപത്തെ മസ്ജിദില്‍ നിന്നുള്ള ബാങ്ക് വിളിയുടെ ശബ്ദം അസഹ്യമാണെന്ന് അലഹബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സംഗിത ശ്രീവാസ്തവ ജില്ലാ ഭരണകൂടത്തിന് നല്‍കിയ പരാതി ഫലമുളവാക്കി. മസ്ജിദ് അധികാരികള്‍ ഉച്ചഭാഷിണിയുടെ ശബ്ദം പകുതിയാക്കി കുറച്ചു. വൈസ് ചാന്‍സലറുടെ വീടിനു നേരെ തിരിഞ്ഞിരുന്ന ഒരു ഉച്ചഭാഷിണി വേറെ ദിശയിലാക്കുകയും ചെയ്തു.

അത്യുച്ചത്തിലുള്ള ബാങ്ക് വിളി തന്റെ ഉറക്കം കളയുന്നു, അസ്വസ്ഥതയ്ക്കിടയാക്കുന്നു, ആരോഗ്യ ഹാനിയുണ്ടാക്കുന്നു എന്നിവയായിരുന്നു പരാതിയില്‍ സംഗിത ചൂണ്ടിക്കാട്ടിയത്. ദിവസം മുഴുവന്‍ തലവേദനയുണ്ടാകുന്നതിനാല്‍ പ്രവൃത്തി സമയം നഷ്ടമാകാനിടയാകുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

താന്‍ ഒരു മതത്തിനും ജാതിക്കും എതിരല്ലെന്ന് അവകാശപ്പെട്ട സംഗിത, മറ്റ് ആളുകള്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ മൈക്ക് ഇല്ലാതെ പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനം നല്‍കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചു. അതേസമയം, സംഗിതയുടെ കത്തിനെ അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം ഖാലിദ് റഷീദ് ഫിറംഗി വിമര്‍ശിച്ചു.

സമാജ് വാദി പാര്‍ട്ടിയും കത്തിനെതിരെ നിലപാടെടുത്തു. ബാങ്ക് വിളിക്കു നിയന്ത്രണം വേണമെന്ന ആവശ്യം പല കോടതികളിലും പലപ്പോഴായി വന്നിട്ടുണ്ട്. ഒരു ബിജെപി നേതാവ് നല്‍കിയ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി വാദത്തിനു വച്ചിരിക്കുകയാണ്. നിയന്ത്രണം ആവശ്യമാണെന്ന നിരീക്ഷണങ്ങള്‍ കോടതികളില്‍ നിന്നുണ്ടായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ദേശീയാടിസ്ഥാനത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്ന് അധികൃതര്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.