സര്‍ക്കാര്‍ വേദികള്‍ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിക്ക് നൽകും; മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തി സർക്കാർ

സര്‍ക്കാര്‍ വേദികള്‍ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിക്ക് നൽകും; മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തി സർക്കാർ

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പെര്‍ത്ത് തിയറ്റര്‍ ട്രസ്റ്റിന്റെ വേദികള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിക്ക് (എ.സി.എല്‍) ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. സര്‍ക്കാര്‍ വേദികള്‍ പരിപാടികള്‍ക്കായി എ.സി.എല്ലിനു വാടകയ്ക്കു വിട്ടുനല്‍കാന്‍ തീരുമാനമായി. വേദികള്‍ നിരസിച്ച തീരുമാനം അസാധുവാക്കിയില്ലെങ്കില്‍ വിഷയത്തില്‍ ട്രസ്റ്റിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു പടിഞ്ഞാറന്‍ ഓസ്ട്രേലിയ എ.സി.എല്‍ ഡയറക്ടര്‍ പീറ്റര്‍ ആബെറ്റ്സ് മുന്നറിയിപ്പു നല്‍കിയിരുന്നു. നിയമനടപടി സ്വീകരിക്കാന്‍ എ.സി.എല്‍ ഒരുങ്ങുന്നതിനു മുന്നോടിയായാണ് സര്‍ക്കാര്‍ നയത്തില്‍ പെട്ടെന്നുള്ള മലക്കംമറിച്ചിലുണ്ടായത്.

പ്രശസ്തമായ ആല്‍ബനി എന്റര്‍ടൈന്‍മെന്റ് സെന്റര്‍ ഉള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെയുള്ള നിരവധി വേദികളിലാണ് എ.സി.എല്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ജൂണില്‍, ദി ട്രൂത്ത് ഓഫ് ഇറ്റ് എന്ന ലൈവ് ഷോയ്ക്കായി ആല്‍ബനി എന്റര്‍ടൈന്‍മെന്റ് സെന്ററും പെര്‍ത്ത് കണ്‍സേര്‍ട്ട് ഹാളും ബുക്ക് ചെയ്യാനുള്ള എ.സി.എല്ലിന്റെ അപേക്ഷ ട്രസ്റ്റ് നിരസിച്ചിരുന്നു. ഷോയുടെ ഉള്ളടക്കം ട്രസ്റ്റിന്റെ നയങ്ങളുമായി യോജിക്കുന്നതല്ല എന്നു കാണിച്ചാണ് ബുക്കിംഗ് നിരസിച്ചതെന്നു എ.സി.എല്‍ നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ഐല്‍സ് വ്യക്തമാക്കിയിരുന്നു. ബൈബിള്‍ വീക്ഷണകോണിലൂടെ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ച പരിപാടി രാഷ്ട്രീയ പ്രേരിതമാണെന്നും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് വേദികള്‍ നല്‍കാതിരുന്നത്.

തിരഞ്ഞെടുപ്പിലെ വിജയത്തിന് തൊട്ടുപിന്നാലെ പ്രീമിയര്‍ മാര്‍ക്ക് മക്ഗൊവന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ വാടക നയത്തില്‍ ക്രൈസ്തവരും ജനാധിപത്യവാദികളും വിവിധ സംഘടനകളും ഉള്‍പ്പെടെ നിരവധി പേരില്‍നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അല്ലാതെ ഭരണകക്ഷി പാര്‍ട്ടിയുടെ ഫണ്ട് ഉപയോഗിച്ചല്ല ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള വ്യാപക വിമര്‍ശനമാണ് സര്‍ക്കാരിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. നിരവധി പേരാണ് എ.സി.എല്ലിനെ പിന്തുണച്ച് രംഗത്തെത്തിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സംഘടനകളെ അടിച്ചമര്‍ത്താനുള്ള നിഗൂഢമായ നീക്കമാണ് മാര്‍ക്ക് മക്ഗൊവന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം.

എതിര്‍പ്പിനെതുടര്‍ന്ന് വേദികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങള്‍ ഇപ്പോള്‍ അവലോകനത്തിലാണ്. എ.സി.എല്ലിന്റെ നിര്‍ദ്ദിഷ്ട പരിപാടികള്‍ നടത്താനുദ്ദേശിക്കുന്ന തീയതിക്കു മുന്‍പായി അവലോകനം പൂര്‍ത്തിയാക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് അപേക്ഷ നിരസിച്ച തീരുമാനം റദ്ദാക്കിയതെന്നു പെര്‍ത്ത് തിയറ്റര്‍ ട്രസ്റ്റ് ചെയര്‍മാന്‍ മോര്‍ഗന്‍ സോളമന്‍ പറഞ്ഞു.

ഹിസ് മജസ്റ്റി തിയറ്റര്‍, സുബിയാക്കോ ആര്‍ട്സ് സെന്റര്‍, സ്റ്റേറ്റ് തിയേറ്റര്‍ സെന്റര്‍ എന്നിവയും പെര്‍ത്ത് തിയറ്റര്‍ ട്രസ്റ്റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.