ഖത്തറില്‍ ക്വാറന്റീന്‍ വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന് എംബസി

ഖത്തറില്‍ ക്വാറന്റീന്‍ വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന്  എംബസി

ദോഹ: കോവിഡ് വാക്സിനേഷന്‍ പൂർത്തിയായവർക്കുളള ക്വാറന്റീന്‍ നിർദ്ദേശങ്ങളില്‍ മാറ്റമില്ലെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യയില്‍ നിന്നുമെത്തുന്നവർക്ക് നേരത്തെ പറഞ്ഞ വ്യവസ്ഥകള്‍ തന്നെയാണുളളത്. മറിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകളില്‍ സത്യമില്ലെന്നും എംബസി വ്യക്തമാക്കുന്നു.

രാജ്യത്തെ ഖത്തറിലെ പ്രവേശന നയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാമെന്നും അറിയിപ്പില്‍ പറയുന്നു.



ഖത്തറിലേക്കുളള യാത്ര, നിബന്ധനകള്‍ അറിയാം

നിലവില്‍ ഖത്തർ അംഗീകരിച്ച വാക്സിനെടുത്തവർക്ക് ക്വാറന്റീന്‍ ആവശ്യമില്ല. ഇന്ത്യ കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളുടെ പട്ടികയിലായതിനാല്‍ സന്ദര്‍ശക വീസയില്‍ വാക്‌സീനെടുക്കാത്തവര്‍ക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികൾക്കും പ്രവേശനമില്ല.

വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഫൈസർ, മൊഡേണ, അസ്ട്ര സെനക (കോവിഷീൽഡ്), ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകള്‍ക്കാണ് ഖത്തറിന്റെ അനുമതിയുളളത്. വ്യവസ്ഥകള്‍ക്ക് വിധേയമായി സിനോഫാം വാക്സിനെടുത്തവർക്കും പ്രവേശനം അനുവദിക്കുന്നുണ്ട്. ഇവർ സ്വന്തം ചെലവില്‍ വിമാനത്താവളത്തില്‍ ആന്റിബോഡി പരിശോധന നടത്തണം.

ഓൺ അറൈവൽ വീസക്കാർ എല്ലാ രേഖകളുടെയും, യഥാർഥ പകർപ്പുകൾ, 6 മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ ടിക്കറ്റ് എന്നിവ കരുതണമെന്നുളളതാണ് പ്രധാന വ്യവസ്ഥ. യാത്രയ്ക്ക് 72 മണിക്കൂറിനകം അംഗീകൃത പിസിആർ പരിശോധന നടത്തിയതിന്റെ നെഗറ്റീവ് റിപ്പോർട്ട്, കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, ദോഹയിൽ തങ്ങുന്ന ദിവസങ്ങളിൽ ഹോട്ടലിൽ താമസിക്കാൻ ബുക്ക് ചെയ്ത രേഖയും കാണിക്കണം.( ഹോട്ടല്‍ ബുക്കിംഗ് വെബ്സൈറ്റ്- discoverqatar.qa ഇഹ്‌തെറാസ് റജിസ്‌ട്രേഷൻ (https://www.ehteraz.gov.qa/) പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന പ്രവേശനാനുമതിയുടെ പകർപ്പും കരുതണം.5,000 ഖത്തർ റിയാലോ തത്തുല്യ തുകയോ ഇത്രയും തുകയുള്ള ഡെബിറ്റ് കാർഡോ കൈവശമുണ്ടാകണം. ഡെബിറ്റ് കാർഡ് ആണെങ്കിൽ സ്റ്റേറ്റ്‌മെന്‍റും പകർപ്പും വേണം.

യുഎഇയിലേക്കും സൗദിയിലേക്കും നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യാക്കാർക്ക് വിലക്കുളളതിനാല്‍ പലരും ഖത്തറില്‍ വിസ ഓണ്‍ അറൈവലില്‍ എത്തി 14 ദിവസം താമസിച്ച് ഈ രാജ്യങ്ങളിലേക്ക് പോകുകയാണ്. എന്നാല്‍ രാജ്യം നിഷ്കർഷിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചാവണം യാത്ര. ഇല്ലെങ്കില്‍ മടക്കി അയക്കുന്നതടക്കമുളള ന‍ടപടികളുണ്ടായേക്കുമെന്നുളളതും അധികൃതർ ഓർമ്മിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.