'എന്റെ അല്‍ഫോന്‍സാമ്മ': ആറ് ഭൂഖണ്ഡങ്ങള്‍ ഒത്തു ചേര്‍ന്ന ഗ്ലോബല്‍ ഓണ്‍ലൈന്‍ തിരുനാള്‍ ആഘോഷം മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു

'എന്റെ അല്‍ഫോന്‍സാമ്മ': ആറ് ഭൂഖണ്ഡങ്ങള്‍ ഒത്തു ചേര്‍ന്ന ഗ്ലോബല്‍ ഓണ്‍ലൈന്‍ തിരുനാള്‍ ആഘോഷം മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു

കൊച്ചി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 75-ാമത് ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് സീന്യൂസ് സംഘടിപ്പിച്ച 'എന്റെ അല്‍ഫോന്‍സാമ്മ' എന്ന ഗ്ലോബല്‍ ഓണ്‍ലൈന്‍ തിരുനാള്‍ ആറ് ഭൂഖണ്ഡങ്ങള്‍ ചേര്‍ന്ന് ആഘോഷിച്ചത് പുതിയ അനുഭവമായി. സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.

അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ ആധാരമാക്കി ഫാ. റോയി കണ്ണന്‍ചിറ സിഎംഐ എഴുതിയ സഹനരാഗങ്ങള്‍ എന്ന കൃതി മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. സംഗീതാത്മകതയും ആത്മീയതയും നിറഞ്ഞ കാവ്യ ശില്പമാണ് സഹനരാഗങ്ങള്‍ എന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

വിശുദ്ധിയുടെയും സഹനത്തിന്റെയും പ്രതീകമായി സഭയില്‍ ഉണര്‍ന്നിരിക്കുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയെ നാം കൂടുതല്‍ അനുഭവിക്കുവാനും ആസ്വദിക്കുവാനും ഈ കാവ്യശില്പം സഹായിക്കുന്നു. അര്‍ത്ഥവത്തായ പദപ്രയോഗം, വഴിഞ്ഞൊഴുകുന്ന ഭാഷാശൈലി, ബിംബ സങ്കല്‍പങ്ങള്‍, തികഞ്ഞ ആത്മീയ ദര്‍ശനം ഇതൊക്കെയാണ് അല്‍ഫോന്‍സാമ്മയുടെ ജനനം മുതല്‍ അന്ത്യം വരെയുള്ള 36 വര്‍ഷത്തെ കുറിച്ചുള്ള ഈ  കാവ്യ ശില്പത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ ജോസഫ് പെരുന്തോട്ടം - ചങ്ങനാശ്ശേരി അതിരൂപതാ മെത്രാന്‍

'ജീവിതത്തിലെ അപൂര്‍ണ്ണതകളുടെ നടുവില്‍ സ്വര്‍ഗീയ ജീവിതം നയിച്ച ഒരു മഹാ വിശുദ്ധയാണ് അല്‍ഫോന്‍സാമ്മ. അസാധാരണമായ രീതിയില്‍ കര്‍ത്താവിന്റെ സഹനത്തില്‍ പങ്കുചേര്‍ന്ന മഹാ രക്തസാക്ഷി. സ്‌നേഹത്തിന്റെ ധാരാളിത്തം ആ ജീവിതത്തില്‍ നിറഞ്ഞു നിന്നിരുന്നു. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധി, നിര്‍മലമായ ഹൃദയം ഇവയെല്ലാം നമ്മെ വിസ്മയിപ്പിക്കുന്നു. ചെറുപ്രായത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ തീരുമാനങ്ങളെടുക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും കഴിഞ്ഞത് ദൈവത്തിന്റെ അസാധാരണമായ കൃപയാണ്.

എന്റെ ജന്മ സ്ഥലത്തു നിന്ന് 10 കിലോമീറ്റര്‍ പോലും അകലെയല്ല അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹം എന്നതില്‍ സന്തോഷമുണ്ട്. എന്റെ പിതാവിന്റെ ജനനവും അല്‍ഫോന്‍സാമ്മയുടെ ജനനവും ഒരേ ദിവസം തന്നെയാണ്. ഇവയെല്ലാം എന്റെ സ്വകാര്യമായ സന്തോഷവും അഭിമാനവുമാണ്'.

സിസ്റ്റര്‍ എലൈസ് മേരി എഴുതിയ വിശുദ്ധിയുടെ പൂമരത്തിലൂടെ എന്ന ഗ്രന്ഥം മാര്‍ ജോസഫ് പെരുന്തോട്ടം പ്രകാശനം ചെയ്തു. അല്‍ഫോന്‍സാമ്മയുടെ ജീവിതവും ആദര്‍ശങ്ങളും അമ്മ കാണിച്ചു തന്ന സഹന മാതൃകയും പുതിയ തലമുറയ്ക്ക് സ്വീകാര്യമായ തരത്തില്‍ ആവിഷ്‌കരിക്കുന്ന ഗ്രന്ഥമാണ് സിസ്റ്റര്‍ എലൈസ് മേരിയുടെ വിശുദ്ധിയുടെ പൂമരത്തിലൂടെ എന്ന് അദ്ദേഹം പറഞ്ഞു.

മാര്‍ ജോസഫ് കല്ലറങ്ങാട്ട് - പാലാ രൂപതാ മെത്രാന്‍

'അല്‍ഫോന്‍സാമ്മ യഥാര്‍ത്ഥത്തില്‍ സ്‌നേഹിച്ചത് കേവലം സഹനങ്ങളെയല്ല, മിശിഹായേയാണ്. കുരിശിനെയല്ല, ക്രൂശിതനെയാണ്. സ്വന്തം ശരീരത്തിന് വേണ്ടിയല്ല സഹിച്ചത്, സഭയ്ക്കു വേണ്ടിയാണ്. മിശിഹായുടെ സ്ലീവ അവന്‍ മരിച്ച ബെഡ് അല്ലെങ്കില്‍ കിടക്ക മാത്രമല്ല. നമ്മെ പഠിപ്പിക്കാന്‍ അവന്‍ ഇരിക്കുന്ന സിംഹാസനം കൂടിയാണ് എന്ന് വിശുദ്ധ അഗസ്റ്റിനോസ് നമ്മെ അനുസ്മരിപ്പിക്കുന്നു. ഈ പ്രബോധനമാണ് അല്‍ഫോന്‍സാമ്മയും നമുക്ക് നല്‍കുന്നത്. അല്‍ഫോന്‍സാ ഒരു പേര് മാത്രമല്ല, ഒരു കര്‍മ പദ്ധതിയാണ്, ഒഴുക്കാണ്, ഓറിയന്റേഷനാണ്, ദിശാബോധമാണ്'.

മാര്‍ ജോസ് പുളിക്കല്‍ - കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍

'ഫാ. റോയി കണ്ണന്‍ചിറയുടെ സഹനരാഗങ്ങളിലൂടെയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം കാവ്യമായി അവതരിപ്പിച്ചിരിക്കുന്നത്. വിശുദ്ധിയുടെ ജീവിതം അതേപടി കാവ്യരൂപത്തില്‍ ആദ്യമായിട്ടാണ് അവതരിപ്പിക്കുന്നത്. പ്രതിഭാധനരായ ആളുകളുടെ സര്‍ഗ്ഗ വൈഭവത്തിലൂടെ വിശുദ്ധരുടെ ജീവിതം തലമുറകളിലേക്ക് കൈമാറപ്പെട്ടതാണ്.

വിശുദ്ധരെ നാം സമീപിക്കുന്നത് വ്യത്യസ്ത തലങ്ങളിലൂടെയാണ്. സമൂഹ തലങ്ങളിലേക്ക് എത്തിക്കുന്നത് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ്. ജീവചരിത്രം, നാടകം, കവിത, എന്നിവയിലൂടെയാകാം. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ റോയി കണ്ണന്‍ചിറയുടെ സര്‍ഗ്ഗസൃഷ്ടി പ്രശസ്തനീയമാണ്'.

മാര്‍ ജോസഫ് പാംപ്ലാനി - തലശേരി അതിരൂപതാ സഹായ മെത്രാന്‍

'എന്താണ് ആധ്യാത്മികത എന്നതിനെക്കുറിച്ച് നമുക്കുള്ള തെറ്റിദ്ധാരണ സ്വര്‍ഗം തിരുത്തിയതാണ് അല്‍ഫോന്‍സാമ്മയിലൂടെ. വലിയ വലിയ കാര്യങ്ങള്‍ ചെയ്യുന്നതാണ് ആധ്യാത്മികത എന്ന് കരുതി നടന്ന കാലങ്ങളില്‍ സ്വര്‍ഗം സഭയ്ക്കു നല്‍കിയ തിരുത്താണത്.

ഭരണങ്ങാനം ക്ലാര മഠത്തില്‍ ജീവിച്ച ഒരു പാവപ്പെട്ട കന്യാസ്ത്രീ അമ്മയെ സ്വര്‍ഗത്തോളം ഉയര്‍ത്തിക്കൊണ്ട് ദൈവം പറഞ്ഞു; ഇതാണ് ഞാന്‍ പ്രതീക്ഷിക്കുന്ന ആത്മീയതയെന്ന്. നാമോരോരുത്തരുടെയും മനസിലെ ആത്മീയതയുടെ തെറ്റായ സങ്കല്‍പ്പങ്ങള്‍ക്ക് ദൈവം നല്‍കിയ തിരുത്തല്‍ ഉള്‍ക്കൊള്ളുക, സ്വീകരിക്കുക. അതാണ് അല്‍ഫോന്‍സാമ്മ നമുക്ക് നല്‍കുന്ന വലിയ പാഠം'.

ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ - കോഴിക്കോട് രൂപതാ മെത്രാന്‍

'അവശേഷിപ്പുകളെ തിരുശേഷിപ്പുകള്‍ ആക്കിയ വ്യക്തിയാണ് അല്‍ഫോന്‍സാമ്മ. നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും ഉപയോഗിക്കുന്ന വസ്ത്രങ്ങളുമെല്ലാം അവശേഷിപ്പുകളാണ്. അവയെല്ലാം തിരുശേഷിപ്പുകള്‍ ആകുന്നത് നമ്മള്‍ വിശുദ്ധിയുടെ ജീവിതം നയിക്കുമ്പോഴാണ്. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധി ലാളിത്യമാണ്, എളിമയാണ്, ചെറുതാകലാണ്. കൊച്ചുകൊച്ചു കാര്യങ്ങള്‍ ചെയ്തുകൊണ്ട് നമുക്കും വിശുദ്ധരാകാം എന്നാണ് അല്‍ഫോന്‍സാമ്മ നമ്മെ പഠിപ്പിക്കുന്നത്'.

മാര്‍ ജേക്കബ് മുരിയ്ക്കന്‍ - പാലാ രൂപതാ സഹായ മെത്രാന്‍

'നമ്മുടെ ജീവിതത്തിലെ ദുഖം, വേദന, ഞെരുക്കം, പിരിമുറുക്കം, രോഗം എന്നീ അവസ്ഥകള്‍ വരുമ്പോള്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മ നമുക്ക് ആശ്വാസവും സൗഖ്യദായകവുമാണ്. ഇതിനെല്ലാം കാരണം ഈശോയുടെ തൊട്ടടുത്തിരിക്കുന്നു എന്നതാണ്.

ജീവിച്ചിരുന്നപ്പോള്‍ ഈശോയുടെ കൈപിടിച്ചു നടന്നു. കിടക്കയില്‍ ആയിരുന്നപ്പോള്‍ ഈശോയുടെ മടിയില്‍ കിടക്കുന്നു എന്ന ബോധത്തോടുകൂടി ജീവിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ ഈശോയുടെ തൊട്ടടുത്ത ഇരിക്കുന്ന അല്‍ഫോന്‍സാമ്മയെ കുറിച്ചുള്ള ഓര്‍മ്മ തന്നെ'

ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് - മാവേലിക്കര രൂപതാധ്യക്ഷന്‍

'സഹനങ്ങളെ ധൈര്യത്തോടും പ്രത്യാശയോടും ഈശോയോടുള്ള അഗാധമായ സ്‌നേഹത്തോടും കൂടി സ്വീകരിച്ച അല്‍ഫോന്‍സാമ്മ സഹന വഴികളിലെ തണല്‍ മരമാണ്. ധന്യമായ ആ ജീവിതം സ്വര്‍ഗീയ യാത്രയില്‍ നമുക്ക് പ്രചോദനം നല്‍കുന്നു'.

വിശുദ്ധ അല്‍ഫോന്‍സാമ്മ ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് സഹനരാഗങ്ങള്‍ എന്ന കാവ്യശില്പം രചിച്ച ഫാ റോയി കണ്ണന്‍ചിറ സിഎംഐ പറഞ്ഞു. ഓരോ വിശ്വാസിയും തീര്‍ത്ഥാടകരാണ്. സഭാ തീര്‍ത്ഥാടകയാണ്. സ്വര്‍ഗീയ ജറുസലേമിലേക്കുള്ള യാത്രയിലാണ് നമ്മളെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ അല്‍ഫോന്‍സാമ്മ അംഗമായിരുന്ന എഫ്.സി.സി കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, സിസ്റ്റര്‍ ലിസ് മേരി എഫ്.സി.സി വിവിധ സന്യാസസഭാ ശ്രേഷ്ഠര്‍, മറ്റ് സന്യാസിനികള്‍, അല്‍മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അതോടൊപ്പം 75 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അല്‍ഫോന്‍സാ സ്മരണ പങ്കുവെച്ചു.

ലോക വയോജന ദിനത്തോട് അനുബന്ധിച്ച് സി ന്യൂസ് ലൈവ് നടത്തിയ പാട്ടു മത്സരത്തില്‍ 49 പേരും പുഞ്ചിരി മത്സരത്തിന് 86 പേരും പങ്കെടുത്തു. ചടങ്ങില്‍ വിജയികളെ പ്രഖ്യാപിച്ചു. ഫാ. ജോണ്‍സണ്‍ പാലപ്പള്ളിയായിരുന്നു പ്രോഗ്രാം കോഡിനേറ്റര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.