ഡയറ്ററി സപ്ലിമെന്റുകള്‍ ഗുരുതര കരള്‍ രോഗങ്ങള്‍ക്കു കാരണമാകുന്നു; ഓസ്‌ട്രേലിയയില്‍നിന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

ഡയറ്ററി സപ്ലിമെന്റുകള്‍ ഗുരുതര കരള്‍ രോഗങ്ങള്‍ക്കു കാരണമാകുന്നു; ഓസ്‌ട്രേലിയയില്‍നിന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

സിഡ്‌നി: ശരീര പുഷ്ടിക്കും വണ്ണം കുറയ്ക്കാനും ഉപയോഗിക്കുന്ന ഡയറ്ററി സപ്ലിമെന്റുകളുടെ ഉപയോഗം കടുത്ത കരള്‍ രോഗങ്ങള്‍ക്കു കാരണമാകുന്നതായി ഓസ്‌ട്രേലിയയില്‍നിന്നുള്ള പഠനങ്ങള്‍. ഇവയുടെ ഉപയോഗം മൂലം ഗുരുതരമായ കരള്‍ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ചിലര്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വരെ വിധേയരാകേണ്ടി വരുന്നു

സിഡ്‌നിയിലെ പ്രശസ്തമായ റോയല്‍ പ്രിന്‍സ് ആല്‍ഫ്രഡ് ആശുപത്രിയിലെ ഡോ. എമിലി നാഷിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഓസ്‌ട്രേലിയയിലെ ജനങ്ങളില്‍ ഡയറ്ററി സപ്ലിമെന്റുകളുടെ ഉപയോഗം കടുത്ത കരള്‍ രോഗങ്ങളിലേക്കു നയിക്കുന്നതായി കണ്ടെത്തിയത്. 2009 നും 2020 നും ഇടയില്‍ കരള്‍ രോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 184 പേരുടെ ചികിത്സാ രേഖകള്‍ വിശദമായി പഠിച്ചാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്.

2009-11 കാലയളവില്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍ ബാധിച്ച 11 പേരില്‍ രണ്ടു പേര്‍ക്കാണ് ഡയറ്ററി സപ്ലിമെന്റുകളുടെ ഉപയോഗം മൂലം കരള്‍ രോഗം ബാധിച്ചത്. എന്നാല്‍ 2018-20 കാലഘട്ടത്തില്‍ 19 കരള്‍ രോഗ ബാധിതരില്‍ 10 പേര്‍ക്കും രോഗം ബാധിച്ചത് ഡയറ്ററി സപ്ലിമെന്റുകളുടെ ഉപയോഗം മൂലമാണെന്നു കണ്ടെത്തി.

പനിക്കും തലവേദനയ്ക്കുമൊക്കെ ഉപയോഗിക്കുന്ന മരുന്നായ പാരസെറ്റമോളിന്റെ അമിത ഉപയോഗം കരള്‍ രോഗങ്ങളിലേക്കു നയിക്കാറുണ്ട്. ഇത്തരത്തില്‍ കരള്‍ രോഗം ബാധിച്ച 115 രോഗികളെയാണ് കണ്ടെത്തിയത്. 19 കേസുകളില്‍ കരള്‍ രോഗത്തിനു കാരണം ആന്റിബയോട്ടിക്കുകളുടെ ഉപയോഗമാണെന്നു തിരിച്ചറിഞ്ഞു. ഡയറ്ററി സപ്ലിമെന്റുകളുടെ ഉപയോഗത്താല്‍ കരള്‍ രോഗം ബാധിച്ചത് 15 പേര്‍ക്കാണ്. ക്ഷയരോഗം, കാന്‍സര്‍ മരുന്നുകളും കരളിനെ ബാധിക്കുന്നതായി കണ്ടെത്തി.

ഡയറ്ററി സപ്ലിമെന്റുകളുടെ ഉപയോഗം കരള്‍ മാറ്റിവയ്ക്കുന്നതിലേക്കു വരെ നയിച്ചതായി മെഡിക്കല്‍ ജേര്‍ണല്‍ ഓഫ് ഓസ്‌ട്രേലിയയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കരളിന് ഹാനികരമല്ലെന്നു വിശ്വസിക്കപ്പെടുന്ന മരുന്നുകള്‍ കഴിച്ചവരും കരള്‍ രോഗങ്ങളുമായി ആശുപത്രിയിലെത്താന്‍ തുടങ്ങിയതോടെയാണ് ഇത്തരമൊരു പരിശോധന നടത്താന്‍ നിര്‍ബന്ധിതരായതെന്ന് പഠനത്തില്‍ പങ്കാളിയായ ഡോ. കെന്‍ ലിയു പറഞ്ഞു.

പുരുഷന്മാര്‍ക്ക് ശരീരത്തിലെ മസിലുകള്‍ വര്‍ധിപ്പിക്കാനും സ്ത്രീകള്‍ക്ക് ശരീരഭാരം കുറയ്ക്കാനുമുള്ള സപ്ലിമെന്റുകള്‍ ഉപയോഗിച്ചവര്‍ക്ക് കരള്‍ രോഗം ബാധിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഡയറ്ററി സപ്ലിമെന്റുകളും കരള്‍ രോഗങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

സപ്ലിമെന്റുകള്‍ക്കും മറ്റ് ബദല്‍ ചികിത്സകള്‍ക്കും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളും മേല്‍നോട്ടവും ആവശ്യമാണെന്ന് ലിയുവും സഹപ്രവര്‍ത്തകരും പറഞ്ഞു. സപ്ലിമെന്റുകളുടെ അപകടസാധ്യതകളെക്കുറിച്ച് കൂടുതല്‍ അവബോധം ആവശ്യമാണെന്ന് ലിയു പറഞ്ഞു.

ഒരു ആശുപത്രിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കരള്‍ രോഗത്തിന്റെ ഏറ്റവും ഗുരുതരമായ കേസുകള്‍ മാത്രമാണ് പഠനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നും രാജ്യത്തെ യഥാര്‍ത്ഥ കണക്ക് ഇതിലും ഉയര്‍ന്നതാണെന്നും പബ്ലിക് ഹെല്‍ത്ത് ഫിസിഷ്യനും ഫ്രണ്ട്‌സ് ഓഫ് സയന്‍സ് ഇന്‍ മെഡിസിന്‍ പ്രസിഡന്റുമായ ഡോ. കെന്‍ ഹാര്‍വി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.