'കുട്ടനാടിന്റെ കണ്ണീരുണങ്ങണം' - 2
കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാള്‍ താഴെയുള്ള കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിര്‍മ്മിച്ച ബണ്ടാണ് തണ്ണീര്‍മുക്കം ബണ്ട്. നിര്‍മ്മാണം 1958ല്‍ ആരംഭിച്ച് 1975ല്‍ പൂര്‍ത്തിയാക്കി. വടക്ക് വെച്ചൂര്‍ മുതല്‍ തെക്ക് തണ്ണീര്‍മുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിതിരിക്കുന്നത്.
ഡിസംബര്‍ മാസത്തില്‍ ഷട്ടറുകള്‍ താഴ്ത്തുകയും മെയ് മാസത്തില്‍ ഉയര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ കാലത്തിന് അനുയോജ്യമായ രീതിയില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ മെയിന്റനനസ്് നടത്തുകയും സമയാസമയങ്ങളില്‍ ഉയര്‍ത്തുകയും ചെയ്യാത്തതിനാല്‍ വെള്ളപ്പൊക്കവും അത് മൂലമുള്ള ദൂഷ്യങ്ങളും കുട്ടനാടിന്റെ വളര്‍ച്ചയ്ക്ക് വലിയ തടസമായി മാറി.
കുട്ടനാടിന്റെ വികസനത്തിന് വേണ്ടി തുടങ്ങിയ തണ്ണീര്‍മുക്കം ബണ്ടും എ.സി റോഡും ആധുനിക കുട്ടനാടിന്റെ വളര്‍ച്ചക്ക് പ്രധാന പങ്കു വഹിച്ച രണ്ടു പ്രധാന പദ്ധതികളാണ്. എ.സി റോഡിനോട് അനുബന്ധമായി വിവിധ പഞ്ചായത്തുകളിലേക്ക് ഉള്ള റോഡുകളും പാലങ്ങളും ഇട റോഡുകളും കാലാകാലങ്ങളില്‍ നിര്‍മിച്ചവയാണ്.
കുട്ടനാട് താലൂക്കിലെ പതിനൊന്നു പഞ്ചായത്തുകളിലേക്കും എ.സി റോഡില്‍ നിന്നും എത്തിച്ചേരാവുന്നതാണ്. ഇത് കുട്ടനാടന്‍ ഗ്രാമങ്ങളിലെ റോഡുകളുടെ വികസനത്തിന് വളരെയധികം സഹായിച്ചു. എന്നാല്‍ എ.സി റോഡിന്റെ ബലക്കുറവും ഉയരക്കുറവും ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള വെള്ളപ്പൊക്ക കാലയളവില്‍ യാത്രാ മേഖലയ്ക്ക് വലിയ തോതില്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.
അശാസ്ത്രിയമായി ഉണ്ടാക്കിയ ഉയരം കുറഞ്ഞ മേല്‍പ്പാലങ്ങള്‍, ഏതാനും ചില റോഡുകള്‍ എന്നിവ പെട്ടന്നുണ്ടാകുന്ന വെള്ളം സുഗമമായി ഒഴുകി പോകുന്നതിന് തടസമായി മാറി. ചുരുക്കത്തില്‍ കുട്ടനാടിന്റെ എ.സി റോഡ് അടക്കമുള്ള എല്ലാ റോഡുകളും വെള്ളപ്പൊക്ക കാലത്തെ യാത്രക്ക് അനുയോജ്യമല്ലാത്തതാണ്.
നിലവിലുള്ള എല്ലാ റോഡുകളും ഏകദേശം മൂന്ന് അടിയോളം ഉയരം കൂട്ടുകയും രണ്ടു വശങ്ങളിലും കോണ്‍ക്രീറ്റ് ബീമുകളിറക്കി ബലപ്പെടുത്തി നിര്‍ത്തുകയും ചെയ്താല്‍ വെള്ളപ്പൊക്കത്തെ അതിജീവിക്കുവാനും അത് വഴി ടൂറിസം അടക്കമുള്ള മേഖലയ്ക്ക് ഉണര്‍വ് പകരുവാനും സാധിക്കും. അതിനു വേണ്ട ഫണ്ട് കാലാകാലങ്ങളില്‍ മറ്റു പ്രവത്തനങ്ങള്‍ക്ക് കൊടുക്കുന്ന ഫണ്ടില്‍ നിന്നും മാറ്റി വകയിരുത്താവുന്നതുമാണ്. ടൂറിസം വരുമാനത്തില്‍ നിന്നും 10 ശതമാനം ഇതിനു വേണ്ടി എല്ലാ വര്‍ഷവും മാറ്റി വയ്ക്കാവുന്നതുമാണ്.
കുട്ടനാട്ടിലെ രണ്ടാം കൃഷി അശാസ്ത്രിയമാണെന്ന് കഴിഞ്ഞ പത്തു വര്‍ഷത്തെ ഫലം പരിശോധിച്ചാല്‍ ബോധ്യമാകും. എന്നാല്‍ വെള്ളപ്പൊക്കത്തിന് ശേഷമുള്ള സമയത്ത് കൃത്യമായ കൃഷി നടത്തുന്നതിനാല്‍ കുട്ടനാടന്‍ ജനത നെല്‍കൃഷി മേഖലയില്‍ സമ്പൂര്‍ണ വളര്‍ച്ചയും സാമ്പത്തിക നേട്ടവും കൈവരിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തെ കൃത്യമായി നിയന്ത്രിച്ചിരുന്ന കാലഘട്ടങ്ങളില്‍ തെങ്ങ്, വാഴ, ഇഞ്ചി തുടങ്ങിയ കൃഷികളില്‍ നിന്നും കുട്ടനാടന്‍ ജനത വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു.
എന്നാല്‍ കാലത്തിന് അനുയോജ്യമായ രീതിയില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ മെയിന്റനനസ്് നടത്തുകയും സമയാസമയങ്ങളില്‍ ഉയര്‍ത്തുകയും ചെയ്യാത്തതിനാല്‍ വെള്ളപ്പൊക്കവും അത് മൂലമുള്ള ദൂഷ്യങ്ങളും കുട്ടനാടിന്റെ വളര്‍ച്ചയ്ക്ക് വലിയ തടസമായി മാറി. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ കൃത്യമായ അറ്റകുറ്റപണികള്‍ നടത്താത്തത് മൂലവും ആവശ്യാനുസരണം വെള്ളം ഒഴുക്കി വിടാത്തത് കൊണ്ടും കുട്ടനാടിന്റെ ജീവിത ശൈലിയെ തന്നെ സാരമായി ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.
മാര്‍ച്ച് മാസം മുതല്‍ കടലില്‍ നിന്നും വരുന്ന ഉപ്പു വെള്ളം കുട്ടനാട്ടിലേക്കു കയറുന്നതു മൂലം കായലുകളിലെ കീടാണുക്കള്‍, പുഴകളിലെ പായലുകള്‍ മുതലായവ ചത്തും ചീഞ്ഞും കുട്ടനാടന്‍ ജലാശയങ്ങളെ വൃത്തിഹീനമാക്കി മാറ്റുന്നു. തണ്ണീര്‍മുക്കം ബണ്ട് കുട്ടനാടന്‍ ജീവിത ശൈലിയുടെ നെടുംതൂണുകളില്‍ ഒന്ന് തന്നെയാണ്. അത് കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഉദ്യോഗസ്ഥരെ നിയമിക്കുകയും കളക്ടറുടെ നേതൃത്വത്തില്‍ ആഴ്ച തോറും, അല്ലെങ്കില്‍ മാസത്തില്‍ ഒരു തവണയെങ്കിലും കൃത്യമായ പഠനങ്ങള്‍ നടത്തി വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
(തുടരും)
തയാറാക്കിയത് :
ജേക്കബ് കുഞ്ചെറിയ, കൊണ്ടയില്‍, കാവാലം, ആലപ്പുഴ.
ജോബി ജോസഫ്, പാലാക്കുന്നേല്‍ വള്ളാട്ട്, സൗത്ത് പാമ്പാടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.