സിഡ്നി: ലോക്ഡൗണ്‍ നിയന്ത്രങ്ങള്‍ക്കെതിരേഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ക്കു പിന്നില്‍ ആരെന്ന് പോലീസ് പരിശോധിക്കുന്നു. ജര്‍മനി ആസ്ഥാനമായുള്ള സംഘമാണ് പ്രതിഷേധ പ്രകടങ്ങള്‍ക്കു കാരണമായ ആസൂത്രണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ നീക്കങ്ങള്‍ക്ക് ഓസ്‌ട്രേലിയയിലെ ചില പ്രദേശിക ഗ്രൂപ്പുകളുടെ പിന്തുണ കൂടി കിട്ടിയതോടെയാണ് രാജ്യത്തുടനീളം വ്യാപകമായ ഏറ്റുമുട്ടലുകള്‍ക്ക് വഴിവെച്ച പ്രകടനങ്ങള്‍ നടന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബന്‍ എന്നിവിടങ്ങളില്‍ മൂവായിരത്തിലധികം ആളുകള്‍ അണിനിരന്ന പ്രകടനങ്ങള്‍ നടന്നത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലവും പാലിക്കാതെയും പ്രകടനത്തില്‍ പങ്കെടുത്ത പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയിരുന്നു.
സിഡ്നിയില്‍ നടന്ന പ്രകടനത്തിനിടെ പ്രതിഷേധക്കാരില്‍ ഒരാള്‍ പോലീസ് കുതിരയെ ആക്രമിക്കാന്‍ ശ്രമിക്കുന്നു
പോലീസുമായി രക്തച്ചൊരിച്ചിലിലേക്കു നീണ്ട ഏറ്റുമുട്ടലില്‍ നിരവധി പേരെ കഴിഞ്ഞ ദിവസം വിവിധ നഗരങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു. പ്രകടനത്തില്‍ പങ്കെടുത്ത അറുപതോളം പേരെ അറസ്റ്റ് ചെയ്ത പോലീസ് 107 പേര്‍ക്ക് പിഴശിക്ഷയും ചുമത്തി. തീവ്ര വലതു പക്ഷ സ്വഭാവമുള്ള ചില ഗ്രൂപ്പുകളാണ് സിഡ്‌നിയില്‍ അടക്കം അക്രമാസ്‌കതമായ പ്രകടനത്തിന് ചുക്കാന്‍ പിടിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
പകര്‍ച്ചവ്യാധിക്കിടെ സര്‍ക്കാര്‍ നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരേ സമാധാനപൂര്‍ണമായ പ്രതിഷേധങ്ങള്‍ മുന്‍പും നടന്നിരുന്നു. എന്നാല്‍ രാജ്യത്തെ പല നഗരങ്ങളിലായി നടന്ന അക്രമാസ്‌ക്തമായ പ്രതിഷേധങ്ങള്‍ തങ്ങളെ അമ്പരിപ്പിച്ചതായി ഓസ്‌ട്രേലിയന്‍ പോലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇതിനു പിന്നില്‍ നടന്ന ഗൂഡാലോചനയെക്കുറിച്ച് പോലീസ് പരിശോധിക്കുന്നത്.
പ്രതിഷേധവുമായി ആളുകള്‍ വ്യാപകമായി നിരത്തിലിറങ്ങിയതിനു പിന്നില്‍ ആസൂത്രിത സമൂഹ മാധ്യമ പ്രചാരണമുണ്ടെന്നാണു കരുതുന്നത്. ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ നേരത്തെ നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കോവിഡ് വാക്‌സിനേഷനെതിരേയും സമൂഹ മാധ്യമങ്ങള്‍ വഴി വലിയ പ്രചാരണം നടന്നിട്ടുണ്ട്.
ജര്‍മനി കേന്ദ്രീകരിച്ചുള്ള വേള്‍ഡ് വൈഡ് ഡെമോണ്‍സ്‌ട്രേഷന്‍ എന്ന സംഘമാണ് വിവിധ നഗരങ്ങളില്‍ ഏതാണ്ട് ഒരേ സമയം നടന്ന പ്രകടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ലോക്ഡൗണിനെതിരേ ഓസ്‌ട്രേലിയയില്‍ നടന്ന പ്രകടനത്തിനിടെ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയപ്പോള്‍.
ടെലിഗ്രാമില്‍ മാത്രം 70000 അംഗങ്ങളും ഫേസ്ബുബുക്കില്‍ 45000 അംഗങ്ങളും ഈ കൂട്ടായ്മയ്ക്കുണ്ട്. ഓരോ രാജ്യത്തെയും സമൂഹ മാധ്യമ പ്രചാരണത്തിനായി വെവ്വേറെ അക്കൗണ്ടുകളുമുണ്ട്.
'കാസലിലെ സ്വതന്ത്ര പൗരന്മാര്‍' എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടം വ്യക്തികളാണ്ജര്‍മന്‍ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പിനെ നിയന്തിക്കുന്നത്. ഇവരുടെ ഫേസ്ബുബുക്ക് പേജിന്റെ അഡ്മിന്മാരായിട്ടുള്ളത് രണ്ട് ജര്‍മര്‍ പൗരന്മാരും ഒരു ബ്രിട്ടീഷ് പൗരനുമാണ്. കഴിഞ്ഞ ശനിയാഴ്ച്ച ഓസ്ട്രലിയന്‍ നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഈ ഗ്രൂപ്പിന്റെ ടെലിഗ്രാം അക്കൗണ്ടില്‍ ജൂണ്‍ 26 മുതല്‍ നടന്നിട്ടുണ്ട്. മെല്‍ബണിലെ മാര്‍ച്ചിന്റെ സമയവും തീയതിയും അടക്കം ഇതിലൂടെയാണ് അറിയിച്ചത്.
ടൗണ്‍സ്വില്ലെ, കെയ്ന്‍സ്, ജിമ്പി, പെര്‍ത്ത്, ബ്രിസ്ബേന്‍, ഡാര്‍വിന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പ്രകടനങ്ങള്‍ സംബന്ധിച്ച പോസ്റ്റുകള്‍ ജൂലൈ 10-നും ഹൊബാര്‍ട്ട്, സിഡ്‌നി, അഡ്ലെയ്ഡ് എന്നിവിടങ്ങളിലെ റാലിക്കുള്ള അറിയിപ്പ് ജൂലൈ 21 നുമാണ് ട്രെലിഗ്രാമില്‍ വന്നിരിക്കുന്നത്.
ഗ്രൂപ്പിന്റെ വിവിധ ഫേസ്ബുക്ക്, ടെലിഗ്രാം പേജുകളില്‍ കോവിഡ് പ്രതിരോധവാക്‌സിനെതിരേ കടുത്ത പ്രചാരണങ്ങളും നടക്കുന്നുണ്ട്. ചില മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രചാരണവുമുണ്ട്.
ഓസ്‌ടേലിയയിലെ വിവിധ പ്രാദേശിക ഗ്രൂപ്പുകള്‍ വഴി പ്രകടനങ്ങള്‍ക്കായി തയാറാക്കിയ ഗ്രാഫിക്‌സ് അടക്കം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. മെല്‍ബണ്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രാദേശിക പിന്തുണ നല്‍കിയിട്ടുണ്ട്.
24-കാരനായ ഹാരിസണ്‍ മക്ലീന്‍ എന്ന ഐടി പ്രോഗാമറാണ് മെല്‍ബണിലെ പ്രകടനത്തിനു ചുക്കാന്‍ പിടിച്ചതെന്നാണ് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. തീവ്ര വലതുപക്ഷ നിലപാടുകളുള്ള ഇത്തരം സംഘങ്ങളാണ് റാലിയും പ്രകടനങ്ങള്‍ക്കും വേണ്ട ഒരുക്കങ്ങളും ആലോചനകളും നടത്തിയതെന്നു സണ്‍ഡേ മോണിംഗ് ഹെറാള്‍ഡ് പത്രവും റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.