മത്സ്യത്തൊഴിലാളികളെയും പ്രദേശ വാസികളെയും വിശ്വാസത്തിലെടുത്ത് തോട്ടപ്പള്ളി സ്പില്‍വേ നവീകരിക്കണം

മത്സ്യത്തൊഴിലാളികളെയും  പ്രദേശ വാസികളെയും വിശ്വാസത്തിലെടുത്ത് തോട്ടപ്പള്ളി സ്പില്‍വേ നവീകരിക്കണം


'കുട്ടനാടിന്റെ കണ്ണീരുണങ്ങണം' - 3

കുട്ടനാട്ടില്‍ അധികമായെത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കുകയും കടലില്‍ നിന്നുള്ള ഓരുജലം കുട്ടനാട്ടിലെ കൃഷി മേഖലയിലേക്കു കയറാതെ തടയുകയുമായിരുന്നു തോട്ടപ്പള്ളി സ്പില്‍വേയുടെ നിര്‍മാണ ലക്ഷ്യം. എന്നാല്‍ ലക്ഷ്യം ഫലം കണ്ടില്ല. പ്രളയജലം കടലിലേക്കു പോയില്ലെന്നു മാത്രമല്ല, ഓരുജലം നിര്‍ബാധം കുട്ടനാടന്‍ കൃഷി നിലങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു.

കുട്ടനാടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തു തോട്ടപ്പള്ളി സ്പില്‍വേ നിര്‍മ്മിച്ചത് പ്രളയം നിയന്ത്രിക്കാം, വിളവ് ഇരട്ടിപ്പിക്കാം എന്ന കാഴ്ചപ്പാടോടു കൂടിയായിരുന്നു. കുട്ടനാട്ടിലെ കൃഷി മേഖലയിലേക്ക് അധികമായെത്തുന്ന വെള്ളം പുറന്തള്ളേണ്ട ദൗത്യമാണ് ഉള്ളതെങ്കിലും വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുകയാണ് തോട്ടപ്പള്ളി സ്പില്‍വേ. 1954ല്‍ ഉദ്ഘാടനം ചെയ്ത സ്പില്‍വേ അതിനുശേഷമുണ്ടായ വലിയ പ്രളയങ്ങളിലൊന്നും കുട്ടനാടിനു കാര്യമായ സഹായം ചെയ്തില്ല.

ലപ്പുഴയില്‍ നിന്ന് 20 കിലോ മീറ്റര്‍ മാറിയാണ് തോട്ടപ്പള്ളി സ്പില്‍വേ. 1955ല്‍ പണി പൂര്‍ത്തിയാക്കിയ സ്പില്‍വേയില്‍ കൂടിയാണ് ദേശീയപാത 66 കടന്ന് പോകുന്നത്. 420 മീറ്റര്‍ ആണ് ഇതിന്റെ ദൂരം. പ്രളയം നിയന്ത്രിക്കാം, വിളവ് ഇരട്ടിപ്പിക്കുകയുമാകാം എന്ന കാഴ്ചപ്പാടിന്റെ ഫലമായാണ് കുട്ടനാടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തു തോട്ടപ്പള്ളി സ്പില്‍വേയും വേമ്പനാടിന്റെ വടക്കുഭാഗത്തു തണ്ണീര്‍മുക്കം ബണ്ടും സ്ഥാപിക്കപ്പെട്ടത്.

കുട്ടനാട്ടിലെ വെള്ളപ്പൊക്കവുമായി ബന്ധപെട്ട് എപ്പോഴും ചര്‍ച്ചയാകുന്ന ഒരു പ്രധാന വിഷയമാണ് തോട്ടപ്പള്ളി സ്പില്‍വേയും പൊഴിയും പൊഴിമുറിക്കലും. എന്തുകൊണ്ടാണ് തോട്ടപ്പള്ളി സ്പില്‍വേ ഇത്രയും വലിയ ശ്രദ്ധാകേന്ദ്രം ആയി മാറുന്നത്? കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും പ്രളയകാലത്ത് മണിമലയാര്‍, പമ്പയാര്‍, അച്ചന്‍കോവിലാര്‍ എന്നിവിടങ്ങളിലൂടെ ഒഴുകിവരുന്ന അധിക ജലം അറബിക്കടലിലേക്ക് ഒഴുക്കിക്കളയാന്‍ വേണ്ടി നിര്‍മിച്ചതാണ് തോട്ടപ്പള്ളി സ്പില്‍വേ. എവിടെയാണ് ഈ തോട്ടപ്പള്ളി സ്പില്‍വേയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പരാജയപ്പെട്ടത്. അതിനെകുറിച്ച് വിശദമായ പഠനം ആവശ്യമാണ്.

ആദ്യത്തെ പഞ്ചവത്സര പദ്ധതിയില്‍ കുട്ടനാട് വികസന സ്‌കീമില്‍ പെടുത്തി 1955 ഡിസംബര്‍ അഞ്ചിന് പട്ടം താണുപിള്ള തോട്ടപ്പള്ളി സ്പില്‍വേ ഉത്ഘാടനം ചെയ്തു. സെക്കന്‍ഡില്‍ 19,500 ഘനയടി പ്രളയജലം പുറത്തെക്ക് തള്ളുക എന്നതായിരുന്നു ഇതിന്റെ നിര്‍മാണ ഉദ്ദേശം.

എന്നാല്‍ നിര്‍മാണം കഴിഞ്ഞതിനു ശേഷമാണ് കേവലം 600 ഘനയടി പ്രളയജലം മാത്രമേ പുറംതള്ളാന്‍ ഇതിനു കഴിയുകയുള്ളു എന്ന് മനസിലായത്. മഴക്കാലത്ത് ശക്തമായ കടല്‍ക്കാറ്റ്, കുട്ടനാടിന്റെ ജലനിരപ്പിനെ അപേക്ഷിച്ച് സമുദ്രനിരപ്പ് ഉയരുന്നത്, സ്പില്‍വേയുടെ പടിഞ്ഞാറന്‍ ഭാഗത്ത് മണല്‍ ബാറുകള്‍ രൂപപ്പെടുന്നത്, മുന്‍നിര കനാലിന്റെ വീതി കുറവ് എന്നിവയാണ് ഇതിനു കാരണമായി പറയപ്പെടുന്നത്.


തോട്ടപ്പള്ളി സ്പില്‍വേയിലേക്കുള്ള ലീഡിങ് ചാനലിന്റെ ആഴവും വീതിയും കൂട്ടുന്ന പ്രവര്‍ത്തികള്‍ പൊഴിമുറിക്കലിന് മുന്നോടിയായി നടപ്പാക്കേണ്ടതാണ്. അതോടൊപ്പം തന്നെ തോട്ടപ്പള്ളി സ്പില്‍വേയിലെ 42 ഷട്ടറുകള്‍ കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തി മഴക്കാലത്തിനു മുമ്പ് തന്നെ ട്രയല്‍ നടത്തി നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ജലസേചന വകുപ്പ് ഇതിനു വേണ്ടി എല്ലാ വര്‍ഷവും ഒരു തുക വകയിരുത്തണം. അടുത്തൊരു പ്രളയ സാഹചര്യമുണ്ടായാല്‍ നേരിടാനായി സ്പില്‍വേക്കു വേണ്ട ചില കാര്യങ്ങളുണ്ട്.

42 ഷട്ടറുകളില്‍ 12 എണ്ണം വൈദ്യുതീകരിച്ചിട്ടില്ല. ഷട്ടറുകളുടെ വിടവില്‍ക്കൂടിയാണ് ഓരുവെള്ളം കുട്ടനാട്ടിലേക്കു കടക്കുന്നത്. ഇവയുടെ അറ്റകുറ്റപ്പണിയാണ് ഉടനെ ചെയ്യേണ്ട പ്രധാന ജോലി. സ്പില്‍വേ മുതല്‍ കടല്‍വരെയുള്ള കനാലിന്റെ വീതി 300 മീറ്ററായി വര്‍ധിപ്പിക്കുന്ന ജോലിയും അടിയന്തരമായി ചെയ്യേണ്ടതു തന്നെ. നിലവില്‍ ഏകദേശം 100 മീറ്റര്‍ മാത്രമാണ് പൊഴിയുടെ വീതി. സ്പില്‍വേയുടെ വീതി തന്നെ കടല്‍ എത്തുന്നതുവരെ നിലനിര്‍ത്തണം.

വെള്ളം സ്പില്‍വേ വരെ എത്തുന്ന ലീഡിങ് ചാനലിന്റെ ആഴവും വീതിയും കൂട്ടുകയും തീരം കെട്ടിയുറപ്പിക്കുകയും വേണം. പാലം മുതല്‍ കടല്‍ത്തീരം വരെയെത്തുമ്പോള്‍ ലീഡിങ് ചാനലിന്റെ വീതി മൂന്നിലൊന്നായി കുറയുകയാണ്. കഴിഞ്ഞ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര പ്രാധാന്യമുള്ള ഇത്തരം വിഷയങ്ങള്‍ നീട്ടിക്കൊണ്ടു പോകാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.

കുട്ടനാട്ടിലെ പ്രളയജലം പുറത്തേക്കു ഒഴുകി പോകുന്നതിനായി സ്പില്‍വേയിലെ മണല്‍ നീക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ കാലാകാലങ്ങളിലായി തടസം നില്‍കുന്നു എന്നൊരു വ്യജപ്രചരണം വ്യാപകമായി നടക്കുന്നുണ്ട്. സ്പില്‍വേയിലെ പൊഴി മുറിക്കലിന്റെ മറവില്‍ കരിമണല്‍ ലോബി മറ്റു സമീപ പ്രദേശങ്ങളില്‍ നിന്നും കരിമണല്‍ കൊള്ള നടത്തുന്നത് മൂലം ഒന്നര കിലോ മീറ്റര്‍ ദൂരം ഉണ്ടായിരുന്ന പുറക്കാട് പ്രദേശം വെറും 100 മീറ്ററായി ചുരുങ്ങുകയും അത് മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ക്ക് കടല്‍ഷോഭം മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

ഈ പ്രവര്‍ത്തനത്തെ ആണ് മത്സ്യത്തൊഴിലാളികള്‍ എതിര്‍ക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ഒരു സ്ഥിരം ഓഫീസ് തോട്ടപ്പള്ളിയില്‍ തുറക്കുകയും ജലസേചനം, വ്യവസായം, കൃഷി, ഫിഷറീസ് എന്നീ വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഇതിനു വേണ്ട മേല്‍നോട്ടം നടത്തുകയും മാസത്തില്‍ ഒരു തവണ എങ്കിലും ആലപ്പുഴ കളക്ടര്‍ അവലോകന യോഗം വിളിച്ചു കാര്യങ്ങള്‍ വിലയിരുത്തേണ്ടതുമാണ്.

സ്പില്‍വേ ലീഡിങ് ചാനലുകളുടെ ആഴം വര്‍ധിപ്പിക്കുക, പ്രളയത്തില്‍ ലീഡിങ് ചാനലുകളുടെ വശങ്ങള്‍ തകര്‍ന്നതു നവീകരിക്കുക, സ്പില്‍വേയുടെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി സമയാസമയങ്ങളില്‍ നടത്തുക എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടായിരിക്കണം തോട്ടപ്പള്ളി സ്പില്‍വേ നവീകരണം നടപ്പാക്കേണ്ടത്. മത്സ്യത്തൊഴിലാളികളെയും മറ്റു പ്രദേശ വാസികളെയും വിശ്വാസത്തില്‍ എടുത്തു വേണം നവീകരണം നടപ്പാക്കേണ്ടത്.
                                                                                                                                                                                                     (തുടരും)

തയാറാക്കിയത് :

ജേക്കബ് കുഞ്ചെറിയ, കൊണ്ടയില്‍, കാവാലം, ആലപ്പുഴ.
ജോബി ജോസഫ്, പാലാക്കുന്നേല്‍ വള്ളാട്ട്, സൗത്ത് പാമ്പാടി.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.