ടോക്യോ: ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി.വി സിന്ധു ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിയിലെത്തി. ജപ്പാന് താരം അകാനെ യമാഗുച്ചിയെ ഏകപക്ഷീയമായ രണ്ടു സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു സെമി ഫൈനല്‍ ഉറപ്പിച്ചത്.
തുടക്കം ഒപ്പത്തിനൊപ്പം പൊരുതിയ പോരാട്ടത്തില്‍ അതിവേഗം അങ്കം മുറുക്കി ആദ്യ സെറ്റ് പിടിച്ച സിന്ധു എതിരാളി നാട്ടുകാരിയായിട്ടും പൊരുതാന്‍ വിടാതെയായിരുന്നു രണ്ടാം സെറ്റിലും അനായാസ ജയമുറപ്പിച്ചത്. സ്കോര്‍ 21-13, 22-20.
യമാഗുച്ചിയുടെ സെര്‍വുമായി തുടങ്ങിയ മത്സരത്തില്‍ കൊണ്ടും കൊടുത്തുമാണ് ഇരു താരങ്ങളും ആദ്യം കളി നയിച്ചത്. എന്നാല്‍, തുടക്കത്തിലെ താളപ്പിഴകള്‍ മറന്ന് അതിവേഗം കളിപിടിച്ച സിന്ധു 11-7ന് മുന്നിലെത്തി. പിന്നീട് ഒരിക്കലും എതിരാളിക്ക് അവസരം നല്‍കാതെയാണ് ആദ്യ സെറ്റ് പൂര്‍ത്തിയാക്കിയത്.
രണ്ടാം സെറ്റിലും അതേ ആവേശത്തില്‍ ഡ്രോപും സ്മാഷും സമം ചേര്‍ത്ത് റാക്കറ്റേന്തിയ സിന്ധുവിനു മുന്നില്‍ ആധിപത്യം പുലര്‍ത്താന്‍ യമാഗുച്ചിക്കായില്ല. മികച്ച റാലികള്‍ കണ്ട ചില ഘട്ടങ്ങളില്‍ തിണ്ണമിടുക്കിന്റെ ബലത്തില്‍ പോയിന്റുകള്‍ ജപ്പാന് താരം അടിച്ചെടുത്തത് രണ്ടാം സെറ്റിന്റെ വിധി നിര്‍ണയിക്കുമോ എന്ന് ചില ഘട്ടങ്ങളില്‍ തോന്നിച്ചു.
ഇരുകോര്ട്ടിലും വീഴാന്‍ വിടാതെ ഇരുതാരങ്ങളും മികച്ച കളി പുറത്തെടുത്ത അവസാന ഘട്ടങ്ങളില്‍ ബലാബലം നിന്ന കളിയില്‍ ലീഡും മാറിമറിഞ്ഞു. വലിയ പോയിന്റിന് ലീഡ് പിടിച്ച ആദ്യ ഘട്ടങ്ങളില്‍നിന്ന് മാറി സിന്ധു എതിരാളിക്ക് ലീഡ് സമ്മാനിച്ചു.
പിന്നീട് വീണ്ടും ഒപ്പംപിടിച്ചതോടെ കളി ഏതുവശത്തേക്കും മാറിമറിയുമെന്നായി. യമാഗുച്ചി രണ്ടു പോയിന്റിന് മുന്നിലെത്തി 20-18 ആയതോടെ മൂന്നാം സെറ്റും വേണ്ടി വരുമെന്നായി. എന്നാല്‍, അവസാനം അത്യാവശത്തോടെ നാലു പോയിന്റ് എടുത്താണ് സിന്ധു കളി ജയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.