പ്രശസ്ത തിരക്കഥാകൃത്ത് ജോൺപോൾ എഴുതുന്ന സിനിമാ പംക്തി സി ന്യൂസിൽ ആരംഭിക്കുന്നു.
ഒപ്പു കടലാസു പോലെയാണ് സിനിമ. അത് കാലത്തോടൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കും. ചിലപ്പോൾ കാലത്തിനു പിന്നിൽ ഒരു നിഴൽ പോലെ ചിലപ്പോൾ കാലത്തിനു മുൻപിൽ കാലത്തെ നയിക്കുന്ന അജ്ഞാത ശക്തി പോലെ ഒരു പ്രവാചകനെ പോലെ ചിലപ്പോൾ കാലത്തിെനൊപ്പം ചേർന്നു നിന്നു കൊണ്ട് നിഴൽ ബാക്കി വയ്ക്കാതെ കാലത്തിന്റെ വർത്തമാന സന്ധികളിലെ എല്ലാ നെരിപ്പോടുകളെ ആവാഹിച്ചു കൊണ്ട് മുഖം നോക്കാൻ ഒരു കണ്ണാടിയ്ക്ക് എത്രത്തോളം സത്യസന്ധമാകാമോ അത്രത്തോളം സത്യസന്ധമാകണം ഒരു കലാകാരന്റെ മനസ്സിൽ നിന്ന് ആവിഷ്കരിക്കപ്പെടുന്ന വ്യഥകൾക്കും സ്വപ്നങ്ങൾക്കുമെന്ന് ഗുരുക്കൻമാർ പറഞ്ഞു വച്ചിട്ടുണ്ട്. സിനിമ അനുവർത്തിക്കുന്നത് അനുവർത്തിക്കേണ്ടത് ആ സഞ്ചാരപാതയാണ്. കൊറോണ എന്ന മഹാവിപത്തിന്റെ മുൻപിൽ നമ്മുടെ ലോകം ആകമാനം നിരാലംബരായി തകർന്നു നിൽക്കുന്ന നിമിഷമാണിത്. ഒരുപാട് ദുരന്തങ്ങളെ അതിജീവിച്ചിട്ടാണ് നമ്മുടെ സമൂഹം മുന്നോട്ട് പോയത്. പക്ഷേ അന്നെങ്ങും ഈ സാർവ്വലൗകികത അടിവരയിട്ടു പറയേണ്ട വിധത്തിൽ ഉത്തരധ്രുവവും ദക്ഷിണധ്രുവവും അതിനിടയ്ക്കുള്ള ഇടദേശങ്ങളും ഒരു പോലെ ഒരു ദുരന്തത്തിന്റെ മുൻപിൽ നിസഹായകരായി നിൽക്കുന്ന സന്ദർഭം ഉണ്ടായിട്ടില്ല.നമ്മുടെ കലണ്ടർ പോലും നമ്മുക്ക് മാറ്റി എഴുതേണ്ടി വരുന്നു. കൊറോണയ്ക്കു മുൻപും കൊറോണയ്ക്ക് ശേഷവും എന്നു പറയുന്നതിനെക്കാൾ കൊറോണക്ക് ശേഷമായിട്ടില്ല.കാരണം കൊറോണയുടെ നാളുകളിലൂടെയാണ് നാം കടന്നു പോകുന്നത്. നമ്മുടെ സാമൂഹിക- രാഷ്ട്രീയ- കുടുംബ തലങ്ങളിൽ പോലും അതീവ ഗൗരവമായ പൊളിച്ചെഴുത്തുകൾ ഉണ്ടായികൊണ്ടിരിക്കുന്നു. ആറുമാസം മുൻപ് നാം നയിച്ച ജീവിതത്തിലൂടെയല്ല ഇന്നു കടന്നുപോയിടുന്നത്. ഇത് എത്രനാൾ നീണ്ടു നിൽക്കുമെന്ന് നമ്മുക്ക് ഉറപ്പില്ല. അതിനു ശേഷം നാം എത്തിപ്പെടുന്ന ഒരു ജീവിത അവസ്ഥയുണ്ട്. അവിടെ ഇന്നലെകളിലെ നമ്മളെ കണ്ടെത്താനാകില്ല. ചുട്ടുനീറുന്ന ഒരുപാട് അവസ്ഥകളിലൂടെ കടന്നുചെന്ന് പുതിയൊരു മനുഷ്യനായി പുനപ്രതിഷ്ഠിക്കപെടുമ്പോൾ ആകെ മാറിമറിയുന്നു.അത് ഏറ്റവും ശക്തമായി പ്രതിസന്ധിക്കുക സിനിമ പോലെ ഒപ്പുകടലാസായി നിലകൊള്ളുന്ന മാധ്യമത്തിലാണ്. ഇന്നലെ വരെ പറഞ്ഞ അനുഭവങ്ങളല്ല ഇനി നമ്മുക്ക് അങ്ങോട്ട് ഉണ്ടാകാൻ പോകുന്നത്.അതുകൊണ്ടുതന്നെ എന്ന് വരെ പറഞ്ഞ കഥകളല്ല ഇനി വരും കാലങ്ങളിൽ പറയാനുള്ളത്.കഥ മാറുന്നില്ല കഥ പറയുന്ന രീതിയാണ് മാറ്റപ്പെടുന്നത്. ജീവിതം സ്ഥായിയായി തുടരുമ്പോഴും അതിന്റെ അകത്തളങ്ങളിലെ കൊടുക്കൽ വാങ്ങലുകൾക്ക് വ്യത്യാസം വരുന്നു.അത് സ്വീകരിക്കുന്ന മനസ്സിന്റെ താപതലങ്ങളിൽ വ്യത്യാസം വരുന്നു. ഇനിയും മാറ്റങ്ങൾ പ്രവചിക്കാനാകാത്ത അവസ്ഥകളുടെ ചുടുവിർപ്പുകളെ തൊട്ടുതലോടികൊണ്ടാകണം കലാകാരൻമാർ തങ്ങളുടെ ദൗത്യ നിർവ്വഹണത്തിനായി മുന്നോട്ട് വരുന്നത്.
ഒരിക്കൽ കൂടി ആവർത്തിക്കുന്നു ഇന്നലെ പാടിയ പാട്ടല്ല നാളെക്കായി പാടേണ്ടത്. ഇന്നലെ പറഞ്ഞ കഥയല്ല നാളേയ്ക്കായി പറയേണ്ടത്. മുത്തശ്ശി കഥകൾ പണ്ട് പണ്ട് എന്നതിൽ നിന്ന് കൊറോണകാലത്തിന് മുൻപ് എന്നു പറഞ്ഞു തുടങ്ങും.ഈയൊരു പൊളിച്ചെഴുത്തുകളുടെ സിനിമയാണ് നമ്മൾ കാത്തിരിക്കുന്നത്. ഒരു കഥയും നാടകവും കവിതയുമാകുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് നമ്മെ കാത്തിരിക്കുന്നത്. നമ്മുക്ക് എപ്രകാരമുള്ള പൊളിച്ചെഴുത്തിനാണ് വിധേയമാകേണ്ടി വരിക എന്നത് ഇപ്പോൾ പ്രവചിക്കാനാകില്ല.അതുകൊണ്ട് കളിമണ്ണ് കുഴച്ചെടുക്കുന്ന ശിൽപിയുടെ അവസ്ഥയിലാണ് കലാകാരൻ ആയിരിക്കുന്നത്. ഈ കളിമണ്ണ് കുഴച്ച് അതിന്റെ പാകപുരവം കൃത്യതയോട് അടുത്ത് കഴിയുമ്പോൾ അയാളുടെ മനസ്സിന്റെ അന്തർധാരയിൽ നിന്നും തെളിഞ്ഞ് വരുന്ന ഒരു രൂപമുണ്ട്. ആ രൂപമാണ് അളവ് മാത്രകൾ തേടി ശിൽപമായി മാറുന്നത്. അങ്ങനെ രൂപത്തെ തേടിയുള്ള മനസ്സൊരുക്കത്തിന്റെ നൊമ്പരം പേറുന്ന പേറ്റുനോവാണ് ഈ കൊറോണാക്കാലം കലാകാരന് സമ്മാനിക്കുന്നത്. കേരളത്തിൽ നമ്മൾ കാണുന്ന ഭേദപ്പെട്ട ഉദ്യോഗങ്ങളിൽ ഇരുന്നവർ എന്ത് ജോലിയും ചെയ്ത് കുടുംബം പോറ്റാൻ തയ്യാറാകുന്നു. മാസ്ക്ക് വിൽക്കാനും മീൻ വിൽക്കാനും വരെ എംബിഎ ബിരുദധാരികൾ തെരുവ് വീഥികളിൽ നിൽക്കുന്നു. ഇത് ലോക വ്യാപകമായി സംഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണ്. അങ്ങനെ മാറ്റങ്ങളിലൂടെ കടന്നുവരുന്ന മനുഷ്യേനേയും മനുഷ്യ സമൂഹത്തേയുമാണ് നമ്മുക്ക് അതിസംബോധന ചെയ്യാനുള്ളത്. അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കാൻ മനുഷ്യൻ തയ്യാറാകുമ്പോൾ പാഠങ്ങൾ തെളിച്ചെഴുതി കൊടുക്കേണ്ട കർമ്മമാണ് സിനിമയ്ക്കുള്ളത്.കലയുടെ ആ പ്രത്യക്ഷ ദൗത്യത്തിേലേയ്ക്ക് കാലം സിനിമ എന്നു പറയുന്ന പ്രതിഭാസത്തെ ആനയിച്ചു കൊണ്ടിരിക്കുകയാണ്. ഉൾതുടിപ്പോടെ തന്നെ വേണം ഈ മാറ്റങ്ങളെ നോക്കി കാണാൻ. അതിനായി ഒരുക്കപ്പെട്ടവരും നിയോഗിക്കപ്പെട്ടവരുമായ കലാകാരൻമാരുടെ പക്ഷം പിടിച്ചു കൊണ്ട് ഞാൻ നിങ്ങളെ അഭിവാദനം ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.