ഇന്ത്യയ്ക്ക് കടുത്ത നിരാശയുടെ ദിനം: ചാട്ടം പിഴച്ച് ശ്രീശങ്കര്‍; പൂജാ റാണി, പി.വി സിന്ധു, അമിത് പംഗല്‍ എന്നിവരും പുറത്ത്

ഇന്ത്യയ്ക്ക് കടുത്ത നിരാശയുടെ ദിനം: ചാട്ടം പിഴച്ച് ശ്രീശങ്കര്‍; പൂജാ റാണി, പി.വി സിന്ധു, അമിത് പംഗല്‍ എന്നിവരും പുറത്ത്

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ന് ഇന്ത്യയ്ക്ക് കടുത്ത നിരാശയുടെ ദിനം. ഇടിക്കൂട്ടില്‍ ഇന്ത്യയുടെ പൂജാ റാണി കീഴടങ്ങിയതിനു പിന്നാലെ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന പി.വി സിന്ധു വനിതാ വിഭാഗം ബാഡ്മിന്റണിന്റെ ഫൈനല്‍ കാണാതെ പുറത്തായി. പുരുഷ വിഭാഗം ബോക്‌സിങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന അമിത് പംഗല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായപ്പോള്‍ ലോങ്ജംപില്‍ മലയാളി താരം ശ്രീശങ്കറിനും ഫൈനല്‍ യോഗ്യത നേടാനായില്ല.

വനിതകളുടെ 75 കിലോഗ്രാം മിഡില്‍വെയ്റ്റ് മത്സരത്തിലാണ് പൂജാ റാണി ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റത്. സ്‌കോര്‍: 5-0. ലോക രണ്ടാം നമ്പര്‍ താരമായ ചൈനയുടെ ക്യൂന്‍ ലീയോട് പിടിച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ താരത്തിനായില്ല. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായ ചൈനീസ് താരം മൂന്നു റൗണ്ടിലും വ്യക്തമായ മുന്‍തൂക്കം നേടി. അള്‍ജീരിയയുടെ ഐചര്‍ക് ചിയാബിനെ തോല്‍പ്പിച്ചാണ് പൂജ ക്വാര്‍ട്ടറിലെത്തിയത്.

വനിതാ വിഭാഗം ബാഡ്മിന്റണ്‍ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ് പേയിയുടെ തായ് സു യിങ്ങാണ് പി.വി സിന്ധുവിനെ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തായ് സു യിങ്ങിന്റെ വിജയം. സ്‌കോര്‍: 21-18, 21-12.

ഇതോടെ ഈ ഇനത്തില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷ അവസാനിച്ചു. കഴിഞ്ഞ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ സിന്ധുവിന് ആ മികവ് ഇന്നത്തെ മത്സരത്തില്‍ പുറത്തെടുക്കാനായില്ല. തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിടും. ചൈനയുടെ ചെന്‍ യു ഫെയ് ആണ് തായ് സു യിങ്ങിന്റെ ഫൈനലിലെ എതിരാളി.

ലോങ്ജംപില്‍ 15 പേര്‍ മത്സരിച്ച യോഗ്യതാ റൗണ്ട് ബിയില്‍ മലയാളി താരം ശ്രീശങ്കറിന് 13-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 7.69 മീറ്റര്‍ ദൂരമാണ് മലയാളി താരം പിന്നിട്ടത്. 8.15 മീറ്റര്‍ ദൂരമായിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാ മാര്‍ക്ക്.

തന്റെ ആദ്യ ശ്രമത്തിലാണ് താരം 7.69 മീറ്റര്‍ താണ്ടിയത്. രണ്ടും മൂന്നും ശ്രമങ്ങളില്‍ യഥാക്രമം 7.51 മീറ്ററും 7.43 മീറ്ററുമായിരുന്നു ദൂരം. ദേശീയ റെക്കോഡിന് ഉടമയായ ശ്രീശങ്കറിന് തന്റെ മികച്ച പ്രകടനത്തിന് അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല.

ഈ വര്‍ഷം മാര്‍ച്ചില്‍ പാട്യാലയില്‍ നടന്ന ദേശീയ സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 8.26 മീറ്റര്‍ ദൂരം താണ്ടിയാണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. 2018 സെപ്റ്റംബറില്‍ ഭുവനേശ്വറില്‍ നടന്ന നാഷണല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 8.20 മീറ്ററും ശ്രീശങ്കര്‍ കണ്ടെത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.