ദക്ഷിണ ചൈനാ കടലിലേക്കു രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി യുദ്ധക്കപ്പല്‍ അയച്ചു
ബര്‍ലിന്‍: ദക്ഷിണ ചൈനാ കടലില്‍ ചൈനയ്‌ക്കെതിരെ പടനീക്കം മുറുകുന്നു. അമേരിക്കന്‍ നാവിക സേനയ്ക്ക് പുറമേ ജര്‍മ്മനിയും നാവിക സേനയെ വിന്യസിച്ചു. ജര്‍മ്മനി ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇവിടേക്ക് യുദ്ധക്കപ്പല്‍ അയക്കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളും ചൈനയുടെ സ്വാധീനത്തെ ചെറുക്കാന്‍ പസഫിക്കില്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിച്ചു കഴിഞ്ഞു.
മേഖല പിടിക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെ വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് സൈനിക സാന്നിധ്യം വിപുലീകരിക്കാന്‍ മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി ചേര്‍ന്ന് ജര്‍മ്മനിയും രംഗത്തുവന്നത്. തങ്ങളുടെ വ്യാപാര കപ്പലുകളെ തടയാന്‍ ചൈനയ്ക്ക് യാതൊരവകാശവുമില്ലെന്ന് ജര്‍മ്മനി വ്യക്തമാക്കി. ചൈനയ്‌ക്കെതിരെ അമേരിക്കന്‍ നാവിക സേന പസഫിക്കില്‍ മുന്നോട്ട് നീങ്ങിയതിന് പിന്നാലെയാണ് ജര്‍മ്മനി നാവികവ്യൂഹത്തെ അണിനിരത്തുന്നത്. ചൈനയുടെ പ്രദേശിക അവകാശവാദങ്ങള്‍ ജര്‍മ്മനി അംഗീകരിക്കുന്നില്ല എന്ന വസ്തുത ഊന്നിപ്പറയുന്നതാണ് ദൗത്യമെന്ന് ബെര്‍ലിനില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദക്ഷിണ ചൈനാ സമുദ്ര തീരങ്ങള്‍ തങ്ങളുടേതാണെന്ന ചൈനയുടെ അവകാശ വാദം ചോദ്യം ചെയ്യപ്പെടുന്നു. വാതക പാടങ്ങളും വന്‍മത്സ്യ സമ്പത്തുമുള്ള മേഖലയിലെ കൃത്രിമ ദ്വീപുകളില്‍ ചൈന സൈനിക ഔട്ട്പോസ്റ്റുകള്‍ സ്ഥാപിച്ചു. ചൈനയുടെ അവകാശവാദങ്ങള്‍ക്കെതിരായി അമേരിക്ക പല തവണ നാവിക ശക്തി പ്രകടനങ്ങള്‍ നടത്തി. മേഖലയില്‍ സമാധാനമോ സ്ഥിരതയോ പ്രോത്സാഹിപ്പിക്കാന്‍ ഇതു സഹായിക്കില്ലെന്ന് പറഞ്ഞ് ചൈന യു.എസ് ദൗത്യങ്ങളെ എതിര്‍ക്കുന്നുമുണ്ട്.
ജര്‍മ്മനിയും ചൈനയുമായുള്ള വ്യാപാര ബന്ധത്തെ പുതിയ സംഘര്‍ഷം ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലും സ്വീകരിക്കുന്നതായി സൂചനയുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായജര്‍മ്മനിക്ക് കോവിഡ് ആഘാതം ലഘൂകരിക്കാന്‍ ചൈനയിലേക്കുള്ള കയറ്റുമതി ഏറെ സഹായകമായിരുന്നു. 'നിലവിലുള്ള നിയമങ്ങള്‍ ബഹുമാനിക്കപ്പെടാനും സമുദ്രപാതകളിലെ സ്വതന്ത്ര സഞ്ചാരം സംരക്ഷിക്കപ്പെടാനും ന്യായമായ നിയമങ്ങള്‍ പാലിച്ച് വ്യാപാരം നടത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു'- ജര്‍മ്മന്‍ പ്രതിരോധ മന്ത്രി അനെഗ്രെറ്റ് ക്രാമ്പ്-കാരെന്‍ബൗര്‍ പറഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.