ദക്ഷിണ ചൈനാ കടലിലേക്ക് ഇന്ത്യയും ജര്‍മ്മനിയും യുദ്ധക്കപ്പലുകള്‍ അയക്കുന്നതിനു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ ചൈനയ്ക്കെതിരെ
വാഷിംഗ്ടണ്‍: ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ വിശാല സഖ്യമുണ്ടാക്കാന്‍ ഇന്തോനേഷ്യയുമായി അമേരിക്ക കൈകോര്‍ക്കുന്നു. ഇതിനായി ഇന്തോനേഷ്യയുമായി 'തന്ത്രപരമായ സംഭാഷണം' ആരംഭിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രഖ്യാപിച്ചു. ഇന്ത്യയും ജര്‍മ്മനിയും ദക്ഷിണ ചൈനാ കടലിലേക്ക് യുദ്ധക്കപ്പല്‍ അയച്ച് മേഖലയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനിടെയാണ് പുതിയ നീക്കം.
വാഷിംഗ്ടണില്‍ ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി റെറ്റ്നോ മര്‍സുഡി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 10 അംഗങ്ങളുള്ള ആസിയാന്‍ കൂട്ടായ്മയിലെ ഏറ്റവും വലിയ രാജ്യവും സമ്പദ് വ്യവസ്ഥയുമായ ഇന്തോനേഷ്യ, ഏഷ്യയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ പ്രധാന ഘടകമാകുമെന്ന് വാഷിംഗ്ടണ്‍ കരുതുന്നു.
ആസിയാനിലെ പല അംഗങ്ങള്‍ക്കും ദക്ഷിണ ചൈന കടലില്‍ ചൈനയുടെ അവകാശവാദങ്ങളോട് എതിര്‍പ്പുണ്ട്. ഊര്‍ജസമ്പന്നമായ ദക്ഷിണ ചൈനാ കടലില്‍ ബീജിംഗിനെ നേരിടാന്‍ കൂടുതല്‍ രാജ്യങ്ങള്‍ ഒത്തുചേരുകയാണ്. തന്ത്രപ്രധാനമായ ജലപാതകള്‍ തങ്ങളുടേതായി കണ്ട് അവിടെ ശക്തി വിന്യസിപ്പിക്കുന്നചൈനയുടെ പ്രവണതയെ പല രാജ്യങ്ങളും പരസ്യമായി എതിര്‍ക്കുന്നുണ്ട്.
അതിനിടെ, രണ്ട് മാസത്തെ വിന്യാസത്തിനായി ഇന്ത്യ നാല് യുദ്ധക്കപ്പലുകളുമായി നാവിക സംഘത്തെ ദക്ഷിണ ചൈന കടലിലേക്ക് ഉടന്‍ അയയ്ക്കും. ഇന്ത്യന്‍ നാവിക കപ്പലുകളുടെ വിന്യാസം സമുദ്ര മേഖലയില്‍ നല്ല ക്രമം ഉറപ്പാക്കാനും 'ഇന്ത്യയും ഇന്തോ പസഫിക് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും' ഉതകുമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഇന്തോ പസഫിക്കിലെ വിന്യാസ സമയത്ത് ഇന്ത്യന്‍ കപ്പലുകള്‍ വിയറ്റ്ാമീസ്, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, ഇന്തോനേഷ്യന്‍, റോയല്‍ ഓസ്ട്രേലിയന്‍ നാവിക സേനകളുമായി ഉഭയകക്ഷി ശക്തി പ്രകടനത്തില്‍ പങ്കെടുക്കും. ഈ മേഖലയിലെ സൈനിക സാന്നിധ്യം വിപുലീകരിക്കാന്‍ മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി ചേര്‍ന്ന് ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ജര്‍മ്മനി ദക്ഷിണ ചൈന കടലിലേക്ക് ഒരു യുദ്ധക്കപ്പല്‍ അയച്ചിട്ടുള്ളത്. ഇതിനിടെ ജപ്പാന്റെ അധീനതയിലുള്ള സെന്‍കാകു ദ്വീപിന് സമീപം താവളം പിടിക്കാന്‍ ചൈന ശ്രമം ഊര്‍ജ്ജിതമാക്കി. മേഖലയിലെ ചെറു ദ്വീപുകള്‍ കേന്ദ്രീകരിച്ച് സൈനിക സംവിധാനം ചൈന വര്‍ദ്ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കിഴക്കന്‍ ചൈനാ കടലിലെ ദ്വീപായ സെന്‍കാകു രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ ജപ്പാന്റെ വ്യോമതാവളമായി ഉപയോഗിച്ച നിര്‍ണ്ണായക പ്രദേശമാണ്. പസഫിക്കില്‍ അമേരിക്കയും ചൈനയും തമ്മില്‍ നടത്തുന്ന സൈനിക മേധാവിത്വത്തിനുള്ള മത്സരം മറ്റൊരു ശീതയുദ്ധത്തിലേക്ക് നയിക്കുമെന്ന റിപ്പോര്‍ട്ടും ജപ്പാന്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൈന സെന്‍കാകു പിടിക്കാന്‍ സന്നാഹം വര്‍ദ്ധിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നത്.
കഴിഞ്ഞ ഒന്നരവര്‍ഷമായി പസഫിക്കിലെ ചെറു ദ്വീപുകള്‍ കേന്ദ്രീകരിച്ചാണ് ചൈന ചെറു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നത്. തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ ചൈനീസ് തീരരക്ഷാ സേന പ്രദേശത്തുകൂടെ പോകുന്ന ചരക്കുകപ്പലുകളെ തടയുന്നതും പതിവാണ്. എതിര്‍ക്കുന്നവരെ പിടികൂടിയാണ് ചൈന ശക്തികാട്ടുന്നത്. പസഫിക്കില്‍ അമേരിക്ക നാവിക വ്യൂഹം അണിനിരത്തിയതോടെയാണ് ജപ്പാനും വിയറ്റ്‌നാമും ചൈനയെ ധീരമായി നേരിടാന്‍ തുടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.