അബുജ: നൈജീരിയന്‍ സുരക്ഷാ സേന 115 ല്‍ അധികം വിഘടനവാദ പ്രക്ഷോഭകരെ കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി അറിയിച്ചു. പ്രാദേശിക സ്വാതന്ത്യത്തിനു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമായ ഇന്‍ഡിജെനസ് പീപ്പിള്‍ ഓഫ് ബിയാഫ്രയും (ഐപിഒബി) അതിന്റെ തീവ്രവാദ വിഭാഗമായ ഈസ്റ്റേണ്‍ സെക്യൂരിറ്റി നെറ്റ്വര്‍ക്കും (ഇഎസ്എന്‍) അഴിച്ചുവിട്ട ആക്രമണമാണ് സംഭവത്തിനു കാരണമെന്ന് സുരക്ഷാ സേന പറഞ്ഞെങ്കിലും ഐപിഒബി കുറ്റം നിഷേധിച്ചു.
സൈന്യം, പോലീസ്, സ്റ്റേറ്റ് സര്‍വീസസ് (ഡിഎസ്എസ്) രഹസ്യാന്വേഷണ ഏജന്‍സി എന്നിവയുള്‍പ്പെട്ട സുരക്ഷാ സേന ഡസന്‍ കണക്കിന് തോക്കുധാരികളെയും സാധാരണക്കാരെയും വധിച്ചതായി ആംനെസ്റ്റി പറഞ്ഞു.ഈ വര്‍ഷം നൈജീരിയയുടെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പല തവണ അക്രമം പൊട്ടിപ്പുറപ്പെട്ടു. കുറഞ്ഞത് 127 പോലീസുകാരുടെയോ സുരക്ഷാ സേനയിലെ അംഗങ്ങളുടെയോ ജീവന്‍ അപഹരിച്ചതായി പോലീസ് പറയുന്നു. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഏകദേശം 20 പോലീസ് സ്റ്റേഷനുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുകളും ആക്രമിക്കപ്പെട്ടു.
'ആംനസ്റ്റി ഇന്റര്‍നാഷണല്‍ ശേഖരിച്ച തെളിവുകള്‍ ഇമോ, അനാംബ്ര, അബിയ സംസ്ഥാനങ്ങളിലെ നൈജീരിയന്‍ സുരക്ഷാ സേനയുടെ ക്രൂരമായ അതിക്രമത്തിന്റെ ഭയാനകമായ ചിത്രം വരച്ചുകാട്ടുന്നു' - ഗ്രൂപ്പിന്റെ നൈജീരിയ ഡയറക്ടര്‍ ഒസൈ ഒജിഗോ പറഞ്ഞു. 2021 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 115 പേരെ സുരക്ഷാ സേന കൊലപ്പെടുത്തി.അനിയന്ത്രിതമായ അറസ്റ്റ്, മോശമായി പെരുമാറല്‍, പീഡിപ്പിക്കല്‍ തുടങ്ങിയ കേസുകളും രേഖപ്പെടുത്തിയതായി ആംനസ്റ്റി പറഞ്ഞു. 2021 മേയില്‍, ഇമോ സംസ്ഥാന സര്‍ക്കാര്‍ അക്രമവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട് 400 പേരെയെങ്കിലും അറസ്റ്റ് ചെയ്ത് തടവിലാക്കി.പ്രാദേശിക, അന്തര്‍ദേശീയ സംഘടനകള്‍ നൈജീരിയന്‍ സുരക്ഷാ സേനയുടെ മനുഷ്യാവകാശ ലംഘനത്തെ ആവര്‍ത്തിച്ച് കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും അവര്‍ നിരന്തരം അതെല്ലാം നിഷേധിക്കുന്നു. ആരോപണങ്ങളോട് പ്രതികരിക്കാതെ നൈജീരിയന്‍ പോലീസ് ഒഴിഞ്ഞു മാറി. 'ഞാന്‍ പ്രസ്താവന കണ്ടിട്ടില്ല. അതിനാല്‍ എനിക്ക് പ്രതികരിക്കാനാകില്ല'-ദേശീയ പോലീസ് വക്താവ് ഫ്രാങ്ക് എംബ പറഞ്ഞു.
നൈജീരിയ ഈയിടെ വിഘടനവാദ പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നത് ശക്തമാക്കി. കഴിഞ്ഞ മാസം, ഐപിഒബി നേതാവും സ്ഥാപകനുമായ നംഡി കാനുവിനെ കെനിയയില്‍ തടഞ്ഞുവച്ച് പിടികൂടി രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ നൈജീരിയയിലേക്ക് തിരികെ കൊണ്ടുവന്നു.കാനുവിന്റെ പ്രസ്ഥാനം ബിയാഫ്ര റിപ്പബ്ലിക്കിനെ സ്വതന്ത്രമാക്കാനുള്ള പോരാട്ടം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് 1967 നും 1970 നും ഇടയില്‍ 30 മാസത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചു. ഒരു ദശലക്ഷത്തിലധികം ആളുകള്‍, പോരാട്ടവും പട്ടിണിയും രോഗവും മൂലം കൊല്ലപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.