സൂപ്പര്‍നോവയുടെ ജീവിതരേഖ ഒപ്പിയെടുത്ത ആഹ്‌ളാദത്തില്‍ ജ്യോതിശാസ്ത്രജ്ഞര്‍

സൂപ്പര്‍നോവയുടെ ജീവിതരേഖ ഒപ്പിയെടുത്ത  ആഹ്‌ളാദത്തില്‍ ജ്യോതിശാസ്ത്രജ്ഞര്‍

സിഡ്‌നി: നക്ഷത്രം പൊട്ടിത്തെറിച്ച് സൂപ്പര്‍നോവയായി രൂപാന്തരം പ്രാപിക്കുന്നതിന്റെ പ്രഥമ നിമിഷങ്ങള്‍ ബഹിരാകാശ ദൂരദര്‍ശിനിയിലൂടെ ആദ്യമായി ഒപ്പിയെടുക്കപ്പെട്ടതിന്റെ ആഹ്ലാദം പങ്കിട്ട് ശാസ്ത്രലോകം. ഒരു ബില്യണ്‍ പ്രകാശവര്‍ഷം അകലെ സൂര്യന്റെ 100 മടങ്ങ് വലുപ്പമുണ്ടായിരുന്ന മഞ്ഞ നിറമാര്‍ന്ന 'സൂപ്പര്‍ ജയിന്റ് സ്റ്റാറി'ന്റെ നാശത്തിലേക്കുള്ള പരിണാമം 2017 ലാണ് നാസയുടെ കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി കൃത്യതയോടെ രേഖപ്പെടുത്തി ശാസ്ത്രജ്ഞര്‍ക്കു ലഭ്യമാക്കിയത്. ഈ ഡാറ്റയുടെ അഭൂതപൂര്‍വമായ വിശദാംശങ്ങള്‍ നിരീക്ഷിച്ചുള്ള വിശ്‌ളേഷണത്തിലൂടെ ലഭ്യമായ വിജ്ഞാനം ഏറെ നിര്‍ണ്ണായകമാണെന്ന് റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി വെളിപ്പെടുത്തി.

ഇന്ധനം തീര്‍ന്ന് പ്രവര്‍ത്തനം 2018 ല്‍ നിലയ്ക്കുന്നതിന് മുമ്പ് ഈ ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞു കെപ്ലറിന്. നക്ഷത്രങ്ങളുടെ മരണ പ്രക്രിയ നന്നായി മനസ്സിലാക്കാനുള്ള സഹായമാണ് ഈ ബഹിരാകാശ ദൂരദര്‍ശിനി നല്‍കിയതെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയും ഇതുമായി ബന്ധപ്പെട്ട വിശ്‌ളേഷണ പ്രബന്ധത്തിന്റെ രചയിതാവുമായ പാട്രിക് ആംസ്‌ട്രോംഗ് പറഞ്ഞു. സൂപ്പര്‍നോവയുടെ അതിഹ്രസ്വമായ ആദ്യകാലഘട്ടം അതുവരെ പൂര്‍ണ്ണമായി നിരീക്ഷിക്കപ്പെടാനായിരുന്നില്ല.അത് ഒപ്പിയെടുക്കാന്‍, ആകാശത്തിന്റെ ശരിയായ ഭാഗത്തേക്ക്, ശരിയായ സമയത്ത്, തികഞ്ഞ കൃത്യതയോടെയുള്ള നിരീക്ഷണം വേണം.കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനിക്ക് ഭാഗ്യവശാലാണ് അതു സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.'നമ്മള്‍ ഇപ്പോള്‍ കാണുന്ന പ്രകാശം ഒരു ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ നക്ഷത്രത്തെ വിട്ടു പോന്നതാണെന്ന യാഥാര്‍ത്ഥ്യവും ഓര്‍ക്കണം' - ആംസ്‌ട്രോംഗ് ചൂണ്ടിക്കാട്ടി.

ഓരോ 100 വര്‍ഷത്തിലും ഒരു താരാപഥത്തില്‍ ഒരു നക്ഷത്രം വീതം പൊട്ടിത്തെറിച്ച് സൂപ്പര്‍നോവയാകുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. ദശലക്ഷക്കണക്കിന് താരാപഥങ്ങളുണ്ട്.സൂപ്പര്‍നോവ തിളങ്ങിനിന്നശേഷം ആഴ്ചകളോ മാസങ്ങളോ എടുത്ത് മങ്ങിപ്പോകും. സ്‌ഫോടനത്തിന്റെ പ്രാരംഭ ഘട്ടം ഏതാനും ദിവസങ്ങള്‍ മാത്രമേ നിരീക്ഷിക്കാനാകൂ. സൂപ്പര്‍നോവ പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ അളവില്‍ കാലക്രമേണ വരുന്ന മാറ്റം അളക്കുന്ന 'ഷോക്ക് കൂളിംഗ് ലൈറ്റ് കര്‍വ്' അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞര്‍ സുപ്രധാനമായ കണ്ടെത്തലുകള്‍ നടത്തിയത്.'ഇതാദ്യമായാണ് ഞങ്ങള്‍ ഷോക്ക് കൂളിംഗ് ലൈറ്റ് കര്‍വ് പൂര്‍ണ്ണതയോടെ വിശദമായി കാണുന്നത്.'-ആംസ്‌ട്രോംഗ് പറഞ്ഞു.

സൗരയൂഥത്തിന് പുറത്തുള്ള ആയിരക്കണക്കിന് ഗ്രഹങ്ങളെ തിരിച്ചറിയാന്‍ സഹായിച്ച ശേഷമാണ് നാസയുടെ കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി കണ്ണടച്ചത്. 2009 ല്‍ വിക്ഷേപിച്ച കെപ്ലറിന് നിരവധി സാങ്കേതിക തകരാറുകളും മറ്റ് വെല്ലുവിളികളും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്ധനം തീരുന്ന പ്രശ്നം ഉണ്ടായിരുന്നില്ല. ടെലിസ്‌കോപ്പ് ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കുന്നതിന് ഇന്ധനം ആവശ്യമാണ്. അതുകൊണ്ട് ഈ ദൂരദര്‍ശിനി ഇനി ഉപയോഗിക്കാനാകില്ല. ആന്റിന ഭൂമിയ്ക്ക് നേരെ തിരിയില്ല. 2013 ല്‍ ടെലിസ്‌കോപ്പിനെ നേരെ നിര്‍ത്തുന്ന യന്ത്ര ചക്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ദൗത്യം നാസ പരിഷ്‌കരിച്ചിരുന്നു.ട്രാന്‍സ്മിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് (ടെസ്) എന്ന പിന്‍ഗാമിയെയാണ് നാസ ഇപ്പോള്‍ ആശ്രയിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.