കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലി തങ്ങള്‍ പി.കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനം പാര്‍ട്ടിയില്‍ നാളുകളായി നിലനിന്ന വന്‍ കടുത്ത വിഭാഗീയത മറനീക്കി പുറത്തു വരാന്‍ ഇടയാക്കി.
മൊയീന്‍ അലിയുടെ പരാമര്‍ശങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ലീഗ് നേതൃത്വത്തില്‍ അഭിപ്രായം ഉയര്‍ന്നു. അതേസമയം പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്നു കാണിച്ച് മൊയീന്‍ അലിക്കെതിരെ നടപടി എടുക്കാന്‍ കുഞ്ഞാലിക്കുട്ടി വിഭാഗവും നീക്കം ആരംഭിച്ചു.
മൊയീന്‍ അലിയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റുന്നതും സസ്പെന്‍ഷനുമാണ് പരിഗണനയിലുള്ളത്. ലീഗില്‍ ഉരുണ്ടു കൂടിയ സംഘര്‍ഷം കണക്കിലെടുത്ത് ഇന്ന് അനൗദ്യോഗിക ലീഗ് നേതൃ യോഗം ചേരും. യോഗത്തില്‍ പങ്കെടുക്കുന്നതിനായി പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ തിരുവനന്തപുരത്തു നിന്നും തിരിച്ചിട്ടുണ്ട്.
വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ലീഗ് നേതൃ യോഗവും വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും എത്തും. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ മൊയീന്‍ അലിയുടെ ആരോപണം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഇന്നലെ തന്നെ തള്ളിപ്പറഞ്ഞിരുന്നു.
ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ വരുത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം പി.കെ കുഞ്ഞാലിക്കുട്ടിക്കാണെന്നാണ് മൊയീന്‍ അലി ഇന്നലെ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. തന്റെ പിതാവ് കൂടിയായ ഹൈദരലി തങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാണ് രോഗാവസ്ഥയിലായതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 40 വര്‍ഷമായി മുസ്ലീം ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്, പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയില്‍ മാത്രം കേന്ദ്രീകരിക്കുകയാണ് തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് മൊയീന്‍ അലി തങ്ങള്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്.
കുഞ്ഞാലിക്കുട്ടി വിഭാഗം നടത്തുന്ന അച്ചടക്ക നടപടി നീക്കത്തെ ചെറുക്കാന്‍ മൊയീന്‍ അലി തങ്ങളെ പിന്തുണയ്ക്കുന്ന കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗവും ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ മുസ്ലീം ലീഗിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത പാണക്കാട് തങ്ങള്‍ കുടുംബത്തിനെതിരാണ് നീക്കമെങ്കിലും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കുഞ്ഞാലിക്കുട്ടിയോടാണ് പാര്‍ട്ടിയിലെ പ്രമുഖന്‍മാരെല്ലാം കൂറ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.