എത്യോപ്യയിലെ യു.എന്‍ പൈതൃക കേന്ദ്രം ലാലിബേല പള്ളികളുടെ നിയന്ത്രണം ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഏറ്റെടുത്തു

എത്യോപ്യയിലെ യു.എന്‍ പൈതൃക കേന്ദ്രം  ലാലിബേല പള്ളികളുടെ നിയന്ത്രണം  ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഏറ്റെടുത്തു

അഡിസ് അബാബ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ യുനസ്‌കോയുടെ പട്ടികയിലുള്ള ലോക പൈതൃക കേന്ദ്രം ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഏറ്റെടുത്തു. ലാലിബേല നഗരത്തിന്റെ നിയന്ത്രണമാണ് ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് സംഘടന ഏറ്റെടുത്തത്. യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെയാണ് നഗരം കീഴടക്കിയത്. ഇവിടെ താമസിക്കുന്നവര്‍ പലായനം ചെയ്യുന്നത് തുടരുകയാണ്. സംഭവത്തില്‍ ഇതുവരെ എത്യോപ്യന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ നവംബറിലാണ് എത്യോപ്യയില്‍ ടിഗ്രേ വിഭാഗം സൈന്യവുമായി പോരാട്ടം ആരംഭിച്ചത്. ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായ ടിഗ്രേയില്‍ ഭരണം നടത്തിയിരുന്ന ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് എത്യോപ്യന്‍ പ്രധാനമന്ത്രിയെ ധിക്കരിച്ച് പ്രാദേശിക തെരഞ്ഞെടുപ്പുകളുമായി മുന്നോട്ട് പോയതും എത്യോപ്യന്‍ പാര്‍ലമെന്റ് ഒക്ടോബറില്‍ ഈ മേഖലയിലേക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതും എത്യോപ്യയും ടിഗ്രേയും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടി.

വിവിധ പ്രവിശ്യകളിലെ സൈനിക ക്യാമ്പുകള്‍ ആക്രമിച്ച് വന്‍തോതില്‍ ആയുധങ്ങള്‍ സംഘടന കൈക്കലാക്കിയെന്നും എത്യോപ്യന്‍ ഭരണകൂടം ആരോപിച്ചു. അയല്‍രാജ്യമായ എറിത്രിയ, അഡിസ് അബാബയിലേക്ക് സൈന്യത്തെ അയച്ചു. എത്യോപ്യന്‍ സേനയും അയല്‍രാജ്യമായ എറിത്രിയയില്‍ നിന്നുള്ള സൈനികരും കൂടിച്ചേര്‍ന്ന് കൂട്ടക്കൊല, ബലാത്സംഗം എന്നീ അക്രമങ്ങള്‍ വ്യാപകമായി നടത്തി. ഇവിടെ നടമാടിയത് വംശീയ ഹത്യയാണെന്ന് എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ആബൂന്‍ മത്തിയാസ് ഒരു അഭിമുഖത്തില്‍ പ്രസ്താവിച്ചിരുന്നു

എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളുടെ പുണ്യനഗരമാണ് രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള ലാലിബേല. ശിലായുഗ കാലത്തെ നഗരമായാണ് ലാലിബേല അറിയപ്പെടുന്നത്. ഒറ്റക്കല്ലില്‍ തീര്‍ത്ത ശിലായുഗകാലത്തെ പ്രസിദ്ധമായ സെന്റ് ജോര്‍ജ് പള്ളിയാണ് നഗരത്തിലെ പ്രത്യേകത. ശിലായുഗ കാലത്തെ നിരവധി നിര്‍മ്മിതികള്‍ ഉള്ള പ്രദേശം അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രവുമാണ്. 11 പള്ളികള്‍ നിര്‍മ്മാണ പ്രത്യേകത കൊണ്ട് ശ്രദ്ധേയമാണ്. ഇവയുടെ നിര്‍മിതിയില്‍ കരിങ്കല്‍ ഖണ്ഡങ്ങളോ സിമന്റോ കോണ്‍ക്രീറ്റോ ഉപയോഗിച്ചിട്ടില്ല, അടി മുതല്‍ മുടിവരെ ഒറ്റ കല്ലില്‍ ചെത്തി എടുത്തതാണ് ഓരോ പള്ളിയും. ഇതിനൊപ്പം മണ്ണുകൊണ്ട് പണിത ഗ്രാമീണ വീടുകളുള്ള പ്രദേശവും ലാലിബേലയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

വിശ്വാസത്തിന്റെ കരുത്ത് കല്ലില്‍ കൊത്തിയെടുത്ത മനോഹര നിര്‍മിതികളാണ് എത്യോപ്യയിലെ ലാലിബേല ആരാധനാലയങ്ങള്‍ എന്നാണറിയപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.