ഒളിമ്പിക്‌സിന് ഇന്ന് കൊടിയിറക്കം; സ്വര്‍ണം ഉള്‍പ്പടെ ഏഴ് മെഡലുകളുമായി ഇന്ത്യ

ഒളിമ്പിക്‌സിന് ഇന്ന് കൊടിയിറക്കം; സ്വര്‍ണം ഉള്‍പ്പടെ ഏഴ് മെഡലുകളുമായി ഇന്ത്യ

ടോക്യോ: ഒളിമ്പിക്‌സിന് ഇന്ന് കൊടിയിറക്കം. ഒളിമ്പിക്‌സില്‍ നിന്നും ഇത്തവണ ഇന്ത്യയുടെ മടക്കം എക്കാലത്തേയും മികച്ച പ്രകടനത്തോടെയാണ്. നീരജ് ചോപ്ര ചരിത്രനേട്ടം കുറിച്ചതോടെ മെഡല്‍ നേട്ടം ഒരു സ്വര്‍ണവും, രണ്ട് വെള്ളിയും, നാല് വെങ്കലവും അടക്കം ഏഴ് മെഡലുകളായി ഉയര്‍ന്നു. 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ നേടിയിരുന്നത് ആറ് മെഡലുകളായിരുന്നു. ഈ റെക്കോര്‍ഡാണ് 2021 ല്‍ ഇന്ത്യ തിരുത്തിയത്.

 വനിതാ വിഭാഗം വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ സ്വര്‍ണമെഡല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. കൂടാതെ സൈക്കിളിംഗ്, ബോക്‌സിംഗ് ഫൈനലുകളും ഇന്ന് നടക്കും. ഒളിമ്പിക്‌സ് മത്സരങ്ങള്‍ ആരംഭിച്ച ആദ്യ ദിനം തന്നെ വെള്ളി മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയത് മീരാബായ് ചാനുവാണ്. ഭാരോദ്വഹനത്തിലായിരുന്നു മീരാബായ് ചാനുവിന്റെ പ്രകടനം. ഗുസ്തി മല്‍സരത്തില്‍ രവി കുമാര്‍ ദഹിയയും വെള്ളി സ്വന്തമാക്കി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ വനിതകളുടെ ബാഡ്മിന്റണില്‍ പി വി സിന്ധുവും, വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് ബോക്‌സിംഗില്‍ ലവ്‌ലീനയും, മലയാളിയായ പി.ആര്‍ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും, ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയയും വെങ്കല മെഡലുകള്‍ നേടി. അങ്ങനെ ആദ്യമായി കേരളത്തിലേക്കും ഒളിമ്പിക്‌സ് മെഡല്‍ എത്തി.

നീരജ് ചോപ്ര മാത്രമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ജാവലിന്‍ ത്രോയിലായിരുന്നു അഭിമാന നേട്ടം കൈവരിച്ചത്. 87.58 ദൂരം താണ്ടിയാണ് നീരജ് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ് മെഡല്‍ നേടിയത്. സ്വാതന്ത്ര്യത്തിനു മുന്‍പ് ആംഗ്ലോ ഇന്ത്യക്കാരനായ നോര്‍മന്‍ പ്രിച്ചാര്‍ഡ് ആണ് ഇന്ത്യക്ക് വേണ്ടി ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്ന് ആദ്യ മെഡല്‍ കണ്ടെത്തിയത്. 1900 പാരിസ് ഒളിമ്പിക്‌സ് 200 മീറ്റര്‍ ഓട്ടമത്സരത്തിലെ വെള്ളിമെഡല്‍ ജേതാവായിരുന്നു പ്രിച്ചാര്‍ഡ്.

അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവാണ് നീരജ്. രണ്ടാം ശ്രമത്തിലാണ് നീരജ് സ്വര്‍ണ മെഡല്‍ ദൂരം താണ്ടിയത്. ചെക്ക് റിപ്പബ്ലിക്ക് താരങ്ങള്‍ക്കാണ് വെള്ളി, വെങ്കല മെഡലുകള്‍. രണ്ടാമത് ജാക്കൂബ് വ്‌ലാഡ്‌ലെച്ചും (86.67 മീറ്റര്‍) മൂന്നാമത് വിറ്റസ്ലേവ് വെസ്ലിയും (85.44 മീറ്റര്‍) ഫിനിഷ് ചെയ്തു.

ആദ്യ അവസരത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം താണ്ടി ഗംഭീര തുടക്കമാണ് നീരജിനു ലഭിച്ചത്. യോഗ്യതാ റൗണ്ടിലെ 86.65 മീറ്ററിനെക്കാള്‍ മികച്ച ദൂരമാണ് നീരജ് ആദ്യ ശ്രമത്തില്‍ തന്നെ കണ്ടെത്തിയത്. ജര്‍മനിയുടെ ഗോള്‍ഡ് മെഡല്‍ പ്രതീക്ഷയായ ലോക ഒന്നാം നാമ്പര്‍ താരം ജൊഹാനസ് വെറ്റര്‍ 82.52 മീറ്റര്‍ ദൂരം എറിഞ്ഞ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് ജര്‍മനിയുടെ മറ്റൊരു താരം ജൂലിയന്‍ വെബര്‍ 85.30 മീറ്റര്‍ ദൂരെ ജാവലിന്‍ എറിഞ്ഞ് രണ്ടാം സ്ഥാനത്തും 83.98 ദൂരം എറിഞ്ഞ ചെക്ക് റിപ്പബ്ലിക് താരം ജാക്കുബ് വാഡ്‌ലെച്ച് മൂന്നാമതും എത്തി.
രണ്ടാം അവസരത്തില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞ് നീരജ് വീണ്ടും നില മെച്ചപ്പെടുത്തി. ജൊഹാനസ് വെറ്റര്‍ വഴുതിവീണ് ത്രോ ഫൗളായി. രണ്ടാം അവസരത്തില്‍ ചില ഫൗളുകള്‍ വന്നപ്പോള്‍ ആദ്യ അവസരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ തന്നെ യഥാക്രമം അടുത്തടുത്ത സ്ഥാനങ്ങളില്‍ തുടര്‍ന്നു. നീരജ് രണ്ടാം അവസരത്തില്‍ നില മെച്ചപ്പെടുത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.