പാരിസ്: പ്രസംഗിച്ച ദൈവവചനം ജീവിതത്തില്‍ പ്രായോഗികമാക്കിക്കൊണ്ട് ആലംബഹീനന് അഭയമേകിയതിലൂടെ ജീവന്‍ ഹോമിക്കേണ്ടിവന്ന ഫാ. ഒലിവിയര്‍ മെയറിന് അശ്രുപൂജയര്‍പ്പിച്ച് ഫ്രാന്‍സ്. പടിഞ്ഞാറന്‍ വെന്‍ഡി പ്രദേശത്തെ മോണ്ട്‌ഫോര്‍ട്ട് സഭാ സന്യാസാലയത്തില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. മെയറിനെക്കുറിച്ചുള്ള ഓര്‍മ്മകളുമായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ:'അദ്ദേത്തിന്റെ ഔദാര്യവും മറ്റുള്ളവരോടുള്ള സ്‌നേഹവും ആ മുഖഭാവത്തില്‍ പ്രതിഫലിച്ചിരുന്നു.'
ഫ്രാന്‍സിലെ കത്തോലിക്കാ ബിഷപ്പുമാരും മതവിശ്വാസികളും കൊലപാതകത്തില്‍ അഗാധമായ ആകുലതയും ഭീതിയും പ്രകടിപ്പിച്ചു.ഫാ. മെയര്‍ അഭയമേകിയിരുന്ന നാല്‍പ്പതുകാരനായ റുവാണ്ടന്‍ കുടിയേറ്റക്കാരനാണ് കൊല ചെയ്തതെന്ന് ഏറ്റു പറഞ്ഞിരുന്നെങ്കിലും സംഭവത്തില്‍ മറ്റ് പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ജൂണില്‍ നാന്റസ് കത്തീഡ്രലിന് തീയിട്ടതിന് അന്വേഷണം നേരിടുകയായിരുന്നു ഇയാള്‍. മെയ് അവസാനം മുതല്‍ മോണ്ട്‌ഫോര്‍ട്ടിയന്‍ കമ്മ്യൂണിറ്റിയില്‍ ഫാ.മെയര്‍ ഇയാളെ പാര്‍പ്പിക്കുകയും സഹായം നല്‍കുകയും ചെയ്തു.
ഫാ. മെയറിന്റെ മാതാപിതാക്കള്‍ക്കും, കുടുംബത്തിനും, മോണ്ട്‌ഫോര്‍ട്ട് മിഷനറിമാര്‍ക്കും, സെന്റ്-ലോറന്റ്-സുര്‍-സെവ്രെ സെന്റ് ലൂയിസ്-മേരി ഗ്രിഗ്‌നോണ്‍ ഡി മോണ്ട്‌ഫോര്‍ട്ട് ബസിലിക്കയിലെ വിശ്വാസി സമൂഹത്തിനുമുള്ള പ്രത്യേക അനുശോചനം രേഖപ്പെടുത്തിയ ഫ്രഞ്ച് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സും കോണ്‍ഫറന്‍സ് ഓഫ് റിലീജിയസും കൊലപാതകത്തോടുള്ള പ്രതികരണമായി പ്രസ്താവന പുറത്തിറക്കി. ലൂക്കോണിലെ ബിഷപ്പ് ഫ്രാങ്കോയിസ് ജാകോള്‍ കൊല്ലപ്പെട്ട വൈദിക ശ്രേഷഠന്റെ അന്യാദൃശ പ്രവര്‍ത്തന ശൈലി അനുസ്മരിച്ചു.'അദ്ദേഹം ഒടുവില്‍ സ്വന്തം ഔദാര്യത്തിന്റെ ഇരയായി' ബിഷപ്പ് പറഞ്ഞു. 'ഈ ദുരന്തം ആതിഥ്യത്തിന്റെയും പങ്കിടലിന്റെയും ആദര്‍ശത്തെ നശിപ്പിക്കരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.'
'ആതിഥ്യമര്യാദയുടെ പേരില്‍ ഒരു സമാധാന വാഹകന്‍ കൊല്ലപ്പെട്ടത് രാജ്യത്തെ മതസമൂഹത്തിന് വലിയ വേദനയായെന്ന് ഫ്രാന്‍സിലെ കത്തോലിക്കാ സന്യാസ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് പ്രസിഡന്റ് സിസ്റ്റര്‍ വരോണിക് മാര്‍ഗ്രോണ്‍ വത്തിക്കാന്‍ ന്യൂസിന്റെ ഒലിവിയര്‍ ബോണലിനോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി.സുവിശേഷാധിഷ്ഠിതമായ ഉപവിയുടെ ഭാഗമായാണ് മോണ്ട്‌ഫോര്‍ട്ടിയന്‍ സഭ റുവാണ്ടക്കാരന് മനുഷ്യ അഭയം വാഗ്ദാനം ചെയ്തതെന്ന് സിസ്റ്റര്‍ പറഞ്ഞു.
'റുവാണ്ടക്കാരനെ രാജ്യത്തു നിന്ന പുറത്താക്കണമായിരുന്നു എന്ന അഭിപ്രായങ്ങളോടെ തീയില്‍ ഇന്ധനം ചേര്‍ക്കാനുള്ള സമയമല്ല ഇത്. അയാള്‍ ഒരു ജുഡീഷ്യല്‍ പ്രക്രിയയുടെ മധ്യത്തിലായിരിക്കേ നാടുകടത്തല്‍ പ്രസക്തമായിരുന്നില്ല,'- സിസ്റ്റര്‍ മാര്‍ഗ്രോണ്‍ പറഞ്ഞു.
കൂദാശാ രഹസ്യം ഓര്‍മ്മിപ്പിക്കുന്നതാണ് ഫാ. മെയറിന്റെ പരസ്‌നേഹവും ജീവദാനവും.നിഷ്‌കളങ്കനല്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് റുവാണ്ടന്‍ കുടിയേറ്റക്കാരന് മോണ്‍ഫോര്‍ട്ടിയന്‍ സമൂഹം അഭയമേകിയത്.'ആതിഥ്യമര്യാദയുടെ മഹത്വം വേദപുസ്തകം ഊന്നിപ്പറയുന്നു. പഴയ നിയമത്തില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന പുണ്യമില്ല.ഈ മനുഷ്യന്‍ ഇത്ര അപകടകാരിയാണെന്ന് ആരും അവരോട് പറഞ്ഞതുമില്ല.' ഫ്രാന്‍സിന് സുവിശേഷ സ്‌നേഹം തിരിച്ചറിയാനും പങ്കു വയ്ക്കാനും വഴി തെളിക്കണം ഈ സംഭവമെന്നും സിസ്റ്റര്‍ മാര്‍ഗ്രോണ്‍ അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.