കാബൂള്‍: കാണ്ഡഹാര്‍ ജയില്‍ പിടിച്ചെടുത്ത് താലിബാന്‍ ഭീകരര്‍.കാണ്ഡഹാറിലെ സെന്‍ട്രല്‍ ജയിലാണ് താലിബാന്‍ ഇന്നലെ തകര്‍ത്തത്. ആയിരത്തോളം കുറ്റവാളികളെ ജയിലില്‍ നിന്നും തുറന്നുവിടുകയും ചെയ്തു. ജയില്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് ക്വാരി യൂസഫ് സ്ഥിരീകരിച്ചു. ജയിലില്‍ നിന്നും താലിബാന്‍ ഭീകരരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഭീകരര്‍ ജയിലില്‍ എത്തിയിരുന്നു.
ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കീഴടങ്ങി. 200 ഓളം താലിബാന്‍ ഭീകരരാണ് ജയിലില്‍ ഉണ്ടായിരുന്നത്. ഇതാദ്യമായല്ല താലിബാന്‍ കാണ്ഡഹാര്‍ ജയില്‍ ആക്രമിക്കുന്നത്. 2008ലും 2011ലും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൂവായിരത്തിലധികം കുറ്റവാളികളാണ് ജയിലില്‍ ഉണ്ടായിരുന്നത്.
ജയിലില്‍ ഉണ്ടായിരുന്നവരില്‍ കൂടുതല്‍ പേരും ക്രിമിനില്‍ കുറ്റങ്ങള്‍ക്ക് തടവ് ശിക്ഷ അനുഭവിക്കുന്നവാരാണ്. അഫ്ഗാന്‍ സര്‍ക്കാര്‍ വധ ശിക്ഷയ്ക്ക് വിധിച്ച 15 താലിബാന്‍ ഭീകരര്‍ ജയിലില്‍ ഉണ്ടായിരുന്നു. സ്ത്രീകളും വിദേശികളും അടക്കം ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ ഉള്‍പ്പെടുന്നു. പ്രദേശങ്ങള്‍ തിരിച്ച് പിടിക്കുമ്പോള്‍ കുറ്റവാളികളെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് അഫ്ഗാന്‍ ഭരണകൂടം വ്യക്തമാക്കി.
അതേസമയം 65 ശതമാനം അഫ്ഗാന്‍ പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണ്. ചൊവ്വാഴ്ച്ച വൈകിട്ട് വടക്കന്‍ പ്രവിശ്യയായ ബഗേലാന്റെ തലസ്ഥാനം താലിബാന്‍ പിടിച്ചെടുത്തിരുന്നു. ആറിലധികം അഫ്ഗാന്‍ പ്രവിശ്യകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തത്. ഇതിനിടെ മൂന്ന് മാസത്തിനുള്ളില്‍ താലിബാന്‍, അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിനെ അധീനതയിലാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. മുപ്പത് ദിവസത്തിനുള്ളില്‍ തലസ്ഥാനത്തെ ഒറ്റപ്പെടുത്തുമെന്നും 90 ദിവസത്തിനുള്ളില്‍ മുഴുവനായും താലിബാന്‍ കൈക്കലാക്കുമെന്നുമാണ് യുഎസ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.