ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് മാറ്റിയതെന്തിന് ? യു.കെ സര്‍ക്കാരിനെതിരെ പാകിസ്താന്‍

ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് മാറ്റിയതെന്തിന് ? യു.കെ സര്‍ക്കാരിനെതിരെ പാകിസ്താന്‍



ഇസ്ലാമാബാദ്: കൊറോണ മാനദണ്ഡങ്ങളുടെ ഭാഗമായി പാകിസ്താനെ റെഡ് ലിസ്റ്റില്‍ നിലനിര്‍ത്തുകയും ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയും ചെയ്ത യു കെ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധ പ്രകടനവുമായി പാകിസ്താന്‍. യുകെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് പാകിസ്താന്‍ ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥന്‍ ഫൈസല്‍ സുല്‍ത്താന്‍ അയച്ച പരാതിക്കത്തില്‍ ഇന്ത്യക്കെതിരായ രോഷം വ്യക്തം. കൊറോണയെ ഏറ്റവും മോശമായാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നതെന്ന ആരോപണവുമുണ്ട് കത്തില്‍.

ഇന്ത്യ, ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിദിന പോസിറ്റീവ് കേസുകള്‍, കൊറോണ മരണങ്ങള്‍ എന്നിവ കുറവാണെന്നും പ്രതിദിന വാക്സിനേഷന്‍ കൂടുതലാണെന്നും പാകിസ്താന്‍ വാദിക്കുന്നു. യു.കെയില്‍ അനേകം പാകിസ്താന്‍ സ്വദേശികളുണ്ടെന്നും റെഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കാത്ത നടപടി അവരെയെല്ലാം വലിയ തോതില്‍ ബാധിക്കുമെന്നുമുള്ള ആശങ്കയും പാകിസ്താനുണ്ട്.പാകിസ്താന്റെ കൊറോണ നിരക്കുകളുടെ വിശദാംശങ്ങളും മേഖലയിലെ മറ്റ് രാജ്യങ്ങളിലെ കൊറോണ സാഹചര്യവും വിശദമാക്കുന്ന രേഖകളും കത്തിനൊപ്പം പാകിസ്താന്‍ പങ്കുവച്ചിട്ടുണ്ട്. പാകിസ്താന്‍ ഡാറ്റ സമര്‍പ്പിക്കാതിരുന്നത് വീഴ്ചയാണെന്ന് യു കെ ആരോഗ്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥയായ ജോ ചര്‍ച്ചില്‍ അറിയിച്ചിരുന്നു.

ഏപ്രിലില്‍ ഇന്ത്യ, പാകിസ്താന്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങളെ ബ്രിട്ടീഷ് സര്‍ക്കാര്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതിനു ശേഷമാണ് യുകെയിലേക്കുള്ള വിമാനയാത്രാ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയത്. എന്നാല്‍ പിന്നീട് യാത്രാ നിയന്ത്രണങ്ങളില്‍ യു.കെ ഇളവുകള്‍ നല്‍കി. ഇതോടെ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളെയും റെഡ് ലിസ്റ്റില്‍ നിന്നും ആംബര്‍ ലിസ്റ്റിലേക്ക് മാറ്റി. അപ്പോഴും പാകിസ്താന്റെ സ്ഥാനം റെഡ് ലിസ്റ്റില്‍ തുടര്‍ന്നു.റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ ആ രാജ്യത്തുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മാത്രമാണ് യു.കെയിലേക്ക് യാത്രാനുമതിയുളളത്. സ്റ്റുഡന്റ് വിസ കൈവശമുള്ളവര്‍ക്കും ഇളവുണ്ട്.പക്ഷേ, ഇവര്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഹോട്ടലില്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണം.

രാജ്യം ആംബര്‍ ലിസ്റ്റിലേക്ക് കടന്നാല്‍ യാത്രക്കാരന് സൗകര്യപ്പെടുന്ന സ്ഥലത്ത് ക്വാറന്റൈനില്‍ പ്രവേശിക്കാവുന്നതാണ്. ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. പാസഞ്ചര്‍ അലോക്കേറ്റര്‍ ഫോം പൂരിപ്പിക്കുക മാത്രമാണ് നിബന്ധന. കഴിഞ്ഞ 8 മുതലാണ് ഇന്ത്യയെ ആംബര്‍ ലിസ്റ്റിലേക്ക് മാറ്റിയ നടപടി പ്രാബല്യത്തില്‍ വന്നത്. ബഹ്റൈന്‍, ഖത്തര്‍, യുഎഇ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെയും യു.കെയുടെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പാകിസ്താന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.