ലണ്ടന്‍/വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നും മേഖലയിലെ സുരക്ഷാ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നതിനാല്‍ അല്‍-ക്വയ്ദ ഭീകരസംഘം അവിടെ തിരിച്ചുവരുമെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ്. താലിബാന്‍ ആക്രമണം ശക്തി പ്രാപിക്കുന്നതിനാല്‍ അഫ്ഗാനിസ്ഥാനില്‍ അവശേഷിക്കുന്ന യുകെ ഉദ്യോഗസ്ഥരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനായി 600 സൈനികരെ അയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മാധ്യമങ്ങളെ അറിയിക്കവേയാണ് കാബിനറ്റ് മന്ത്രി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
മെയ് മുതല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ബെന്‍ വാലസ് പറഞ്ഞു: 'പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ അല്‍-ക്വയ്ദയുടെയും മറ്റും പ്രജനന കേന്ദ്രങ്ങളാകുമെന്ന് ഞാന്‍ തികച്ചും ആശങ്കപ്പെടുന്നു. തീര്‍ച്ചയായും ദുഃഖമുണ്ടെനിക്ക്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഇത് പിന്‍മാറ്റത്തിനുള്ള ശരിയായ സമയമല്ലെന്ന്. കാരണം, തീര്‍ച്ചയായും, അല്‍-ക്വയ്ദ തിരിച്ചുവരും.
അതാണ് നമ്മള്‍ കാണുന്നത്. ലോകമെമ്പാടുമുള്ള പരാജയപ്പെട്ട രാജ്യങ്ങള്‍ അസ്ഥിരതയിലേക്ക് നീങ്ങുന്നു. അതാകട്ടെ നമുക്കും നമ്മുടെ താല്‍പ്പര്യങ്ങള്‍ക്കും സുരക്ഷാ ഭീഷണിയുണ്ടാക്കുന്നു.'
കാബൂളിലെ ബ്രിട്ടീഷ് എംബസിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം ഏറെ കുറച്ചു.യു കെയുടെ പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കുന്നവര്‍ക്കുള്ള സഹായവും കോണ്‍സുലര്‍, വിസ സേവനങ്ങളും നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കോര്‍ ടീമേ ഇപ്പോള്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. അഫ്ഗാനിസ്ഥാനിലുള്ള എല്ലാ ബ്രിട്ടീഷ് പൗരന്മാരും എത്രയും വേഗം തിരികെ പോരണം. അവര്‍ കാബൂളിലെ എംബസിയുമായി ബന്ധപ്പെടണമെന്നും പ്രതിരോധ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. ആവശ്യമുള്ളിടത്ത് ബ്രിട്ടീഷ് പൗരന്മാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് യുകെ സൈന്യം പരിരക്ഷയും ലോജിസ്റ്റിക് പിന്തുണയും നല്‍കും. അഫ്ഗാനിസ്ഥാനിലെ യുകെ സേനയ്ക്കൊപ്പം ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്ത പരിഭാഷകര്‍ക്കും മറ്റ് അഫ്ഗാന്‍ ജീവനക്കാര്‍ക്കും എത്രയും വേഗം യുകെയിലേക്ക് വരാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തും.
അമേരിക്കയും എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാന്‍ അഫ്ഗാനിസ്ഥാനിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കും. മൂവായിരത്തോളം അമേരിക്കന്‍ സൈനികരാണ് അഫ്ഗാനിലേക്ക് എത്തുന്നത്.കാബൂള്‍ വിമാനത്താവളത്തിന്റെ സംരക്ഷണത്തിനും സുരക്ഷിതമായി അമേരിക്കന്‍ ബ്രിട്ടീഷ് പൗരന്മാരെ തിരികെയെത്തിക്കാനുമാണ് ഇരു രാജ്യങ്ങളും സൈനികരെ അയക്കുന്നത്. എന്നാല്‍ തങ്ങളുടെ പൗരന്മാരെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് ഭീഷണിയാകുന്ന രീതിയില്‍ കാബൂളിലേക്ക് താലിബാന്‍ മുന്നേറിയതിനെ തുടര്‍ന്നാണ് സൈന്യത്തെ അയയ്ക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.
താലിബാനെതിരെ അഫ്ഗാന്‍ സര്‍ക്കാരിന്റെ യുദ്ധത്തില്‍ പങ്കു ചേരാനല്ല പുതിയ സൈന്യത്തെ അയയ്ക്കുന്നതെന്ന് പെന്റഗണ്‍ ഔദ്യോഗിക വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. അഫ്ഗാനിലേക്ക് അയച്ചവരെ കൂടാതെ നാലായിരത്തോളം സൈനികരെ കുവൈറ്റിലെത്തിക്കാനും തീരുമാനമുണ്ട്. എന്തെങ്കിലും അടിയന്തിര ആവശ്യമുണ്ടായാല്‍ അഫ്ഗാനിലേക്ക് നിയോഗിക്കാനാണ് കരുതലായി ഇവരെ കുവൈറ്റിലെത്തിക്കുന്നത്.രണ്ട് ബറ്റാലിയന്‍ അമേരിക്കന്‍ മറീനുകളും കരസേനയുടെ ഒരു ബറ്റാലിയനുമാണ് നിലവില്‍ അഫ്ഗാനിലേക്ക് എത്തുന്നത്. കാണ്ഡഹാര്‍ ഉള്‍പ്പെടെ നിരവധി പ്രവിശ്യകളില്‍ താലിബാന്‍ പിടിമുറുക്കിക്കഴിഞ്ഞു. 34 പ്രവിശ്യകളില്‍ 12 ഉം താലിബാന്‍ നിയന്ത്രണത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.