നാസികളിൽ നിന്ന് യഹൂദരെ രക്ഷിച്ച വൈദികനെ അനുസ്മരിച്ച് സ്റ്റാമ്പ് പുറത്തിറക്കി ഐറിഷ് തപാൽ വകുപ്പ്

നാസികളിൽ നിന്ന് യഹൂദരെ രക്ഷിച്ച വൈദികനെ അനുസ്മരിച്ച് സ്റ്റാമ്പ് പുറത്തിറക്കി ഐറിഷ് തപാൽ വകുപ്പ്

ഡബ്ലിൻ: രണ്ടാം ലോക മഹായുദ്ധ കാലത്ത് ആയിരക്കണക്കിന് യഹൂദരുടെ ജീവൻ രക്ഷിച്ച ഐറിഷ് വൈദികൻ മോൺസിഞ്ഞോർ ഹ്യൂ ഒ'ഫ്ലാഹെർട്ടിയുടെ സ്മരണയ്ക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ഐറിഷ് തപാൽ വകുപ്പ്. മോൺസിഞ്ഞോർ ഹ്യൂ ഒ'ഫ്ലാഹെർട്ടി തിരുപ്പട്ടം സ്വീകരിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് നടപടി.

അയർലണ്ടിലെ കൗണ്ടി കോർക്കിലാണ് ഒ'ഫ്ലാഹെർട്ടിയുടെ ജനനം. 1925 ൽ റോമിൽ നിന്ന് പട്ടം സ്വീകരിച്ചു. അതിനു ശേഷം ഈജിപ്ത്, ഹെയ്തി, ഡൊമിനിക്കൻ റിപ്പബ്ലിക്, ചെക്കോസ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിൽ വത്തിക്കാൻ നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ചു.

1943 സെപ്റ്റംബർ മുതൽ 1944 ജൂൺ വരെയുള്ള കാലയളവിൽ നാസി സേന റോമിനെ അധിനിവേശം ചെയ്തപ്പോൾ യഹൂദരെയും സഖ്യരാജ്യങ്ങളിലെ സൈനികരെയും നാസികളിൽ നിന്ന് രക്ഷിക്കാൻ ഒ'ഫ്ലാഹെർട്ടി മുന്നോട്ടു വന്നു. റോമൻ കൂരിയായിലെ തന്റെ സ്ഥാനം വിനിയോഗിച്ച് അദേഹം 6,500 ഓളം യഹൂദരെ ആശ്രമങ്ങളിലും കോൺവെന്റുകളിലും വത്തിക്കാൻ ഉടമസ്ഥതയിലുള്ള താമസസ്ഥലങ്ങളിലുമെല്ലാം ഒളിപ്പിച്ച് സുരക്ഷിതരാക്കി.

വത്തിക്കാൻ പരിധിക്കുള്ളിൽ പ്രവേശിക്കാനാവാതെ നിരാശരായി നിന്ന നാസി സൈന്യത്തിന് മുന്നിൽ ഒ'ഫ്ലാഹെർട്ടി ഒരു വലിയ വെല്ലുവിളിയായി. മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായ വൈദികന്റെ ഈ ധീരത അയർലണ്ടിന്റെ അഭിമാനമായി മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.