സൈക്കോപാത്തുകൾ ആരാധനാ പാത്രങ്ങളാകുമ്പോൾ....

സൈക്കോപാത്തുകൾ ആരാധനാ പാത്രങ്ങളാകുമ്പോൾ....

"കൂട്ടിക്കൊടുക്കാൻ പറ്റുമോ സക്കീർഭായിക്ക്, പറ്റില്ല അല്ലേ? പക്ഷെ എനിക്ക് പറ്റും, സൂര്യന് കീഴിലുള്ള ഏത് നെറികേടിനുമാവും ഈ ബലരാമന്" ഈ ഡയലോഗ് കേട്ടപ്പോൾ അറപ്പോടെ ഷമ്മി തിലകന്റെ മുഖത്തേക്ക് നോക്കിയ കുട്ടിക്കാലമായിരുന്നു എന്റേത്.  എന്നാൽ ഇന്ന് അതേ സീൻ മാസ്സ് ബീജിയെമ്മും തകർപ്പൻ എഡിറ്റിംഗുകളുമൊക്കെയായി ടിക്റ്റോകിലും വാട്സ്ആപ്പ് സ്റ്റേറ്റസുകളിലുമൊക്കെ പങ്കുവെച്ച് അർമ്മാദിക്കുന്നത് കാണുമ്പോൾ സത്യത്തിൽ അത്ഭുതം തോന്നുന്നു!

"ഷമ്മി ഹീറോ ആടാ ഹീറോ" എന്ന് പറയുമ്പോൾ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന ഇന്നത്തെ തലമുറ, അറിഞ്ഞോ അറിയാതെയോ അവരിലെ ആസ്വാദന ശൈലി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ചലച്ചിത്ര രംഗത്ത് ഏറെ താല്പര്യത്തോടെ പുത്തൻ തലമുറ ഏറ്റെടുക്കുന്ന ഒരു പ്രമേയമാണ് സൈക്കോ ക്രൈം ത്രില്ലെർ. ഇതിന് മുൻപും കേരളത്തിൽ ഇതേപോലുള്ള പ്രമേയങ്ങൾ ഇറങ്ങിയിരുന്നെങ്കിലും ഇത്രയധികം ജനപ്രീതിയോ ആസക്തിയോ ജനങ്ങളിൽ കണ്ടിരുന്നില്ല.   

ഒരുപക്ഷെ ബലരാമൻ 'സൈക്കോ' ആണെന്ന് മനസിലാകുന്ന തരത്തിലുള്ള ചിന്തകൾ അന്നത്തെ സമൂഹത്തിൽ കുത്തിവച്ചിരുന്നില്ല എന്ന് തന്നെ വേണം കരുതാൻ. ഇപ്പോൾ ലോകം മുഴുവൻ ക്വാറന്റൈൻ കാലത്തിരിക്കുമ്പോഴും കൂടുതൽ ആളുകൾ തിരഞ്ഞുപിടിച്ച കാണുന്നതും ആസ്വദിക്കുന്നതും ഇതുപോലുള്ള സൈക്കോ സിനിമകളാണ്.  

ഇംഗ്ലീഷ്, കൊറിയൻ, ജാപ്പനീസ്, ഹിന്ദി, തമിഴ്, മലയാളം തുടങ്ങി എല്ലാ ഭാഷകളിലെയും ഇതേ പ്രമേയങ്ങളുള്ള സിനിമകൾ കാണുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്.ഇത്തരത്തിലുള്ള ക്യാരക്ടറുകളെ ആരാധിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നതെന്താണ്? 'ദി ഡാർക്ക്‌ നൈറ്റ്‌' എന്ന പടത്തിൽ നായകനായ ബാറ്റ്മാനേക്കാൾ ആളുകൾ നെഞ്ചിലേറ്റിയത് പ്രതിനായകനായ ജോക്കറിനെയാണ് - ഒരു സൈക്കോപാത്ത് ആയ ജോക്കറിനെ. ഹീത്ത് ലെഡ്ജർ എന്ന നടൻ ആ വേഷത്തിന് നൽകിയത് സ്വന്തം ജീവിതം തന്നെയായിരുന്നു. മരണത്തിന് മാത്രമേ അദ്ദേഹത്തെ ആ കാരക്ടറിൽ നിന്നും വേർപെടുത്താൻ സാധിച്ചുള്ളൂ! അത് പോലെ തന്നെ എക്സ്ട്രീമിലി വിക്കഡ്‌, ഷോകിങ്‌ലി ഈവിൾ ആൻഡ് വൈൽ; കോൺവെർസേഷൻ വിത്ത്‌ എ കില്ലർ, ദി ടെഡ് ബണ്ടി ടേപ്സ് തുടങ്ങി നിരവധി സിനിമകളിലെ കേന്ദ്ര കഥാപാത്രമായിരുന്നു ടെഡ് ബണ്ടി.  1970 കളിൽ അമേരിക്കയെ വിറപ്പിച്ച സീരിയൽ കില്ലറായിരുന്നു, യഥാർത്ഥ ജീവിതത്തിൽ ടെഡ് ബണ്ടിയെന്ന ചെറുപ്പക്കാരൻ. മുപ്പതോളം സ്ത്രീകളെയാണ് അയാൾ ക്രൂരമായി പീഡിപ്പിച്ചു കൊന്ന് തള്ളിയത്. എന്നാൽ അയാൾക്കും ആരാധകർ ഒരുപാടായിരുന്നു, അതും സ്ത്രീകൾ തന്നെ! അവർ അയാൾക്ക് പ്രേമനിർഭരമായ കത്തുകളും നഗ്നചിത്രങ്ങളും അയച്ചു. അയാൾ കൊല ചെയ്ത സ്ത്രീകളെ പോലെ അണിഞ്ഞൊരുങ്ങി അവർ കോടതികളിൽ വരാൻ തുടങ്ങി. 

ഇത്തരം ആൾക്കാരുടെ മാനസികാവസ്ഥ എന്താണ്? ഒരുപക്ഷെ പ്രശസ്തിക്ക് വേണ്ടിയാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത്? ഇതുപോലുള്ള സിനിമകൾ കണ്ട് ഒരാൾക്കെങ്കിലും ഇതുപോലെ പ്രവർത്തിക്കാൻ തോന്നിയാലോ? സുബോധമുള്ള ആർക്കെങ്കിലും അങ്ങനെ തോന്നുമോ? ഒരുപക്ഷെ നിങ്ങൾ ചോദിച്ചേക്കാം, ഇത്തരത്തിലുള്ള സിനിമകൾ കാണുന്നതിൽ എന്താണ് കുഴപ്പം? മറ്റുള്ള ചലച്ചിത്രങ്ങൾ പോലെ ഇവയും കണ്ട് മറക്കും. ശെരിയാണ്, ഏറെ പേരും അങ്ങനെ ചെയ്യുന്നവരായിരിക്കാം. എന്നാൽ മറ്റുചിലർ അതങ്ങനെ കാണണമെന്നില്ല.

പത്തനംതിട്ട അങ്ങാടിക്കല്‍ കൊടുമണില്‍ 16 വയസ്സുകാരനെ സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തിയത് തന്നെയാണ് ഇതിലെ ഏറ്റവും പുതിയ ഉദാഹരണം. കൊലനടത്തി മൃതദേഹത്തിൽ മുറിവുകൾ ഉണ്ടാക്കിയത്, പെട്ടെന്ന് അഴുകാനാണെന്നും ഇതിനെക്കുറിച്ചുള്ള വിവരം ലഭിച്ചത് അഞ്ചാംപാതിരാ എന്ന സിനിമയിൽ നിന്നാണെന്നുമാണ് ആ കുട്ടികൾ നൽകിയ മൊഴി.   ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല കേട്ടോ, ദൃശ്യം മോഡൽ കൊലപാതകങ്ങൾ ഒന്നിലധികം നമ്മൾ കണ്ടിരിക്കുന്നു. മാനന്തവാടിയിൽ തമിഴ്നാട് സ്വദേശി അനന്തകൃഷ്ണന്റെ മൃതദേഹം വീടിന്റെ ചായിപ്പിൽ കണ്ടെത്തിയത്, തലയോലാപ്പറമ്പ് മാത്യു കൊലക്കേസ്, പള്ളിപ്പാട് രാജൻ വധക്കേസ്, അമ്പൂരിലെ രാഖി മോൾ കൊലപാതകം തുടങ്ങി ലിസ്റ്റ് നീളുകയാണ്...

ഇതുപോലെയുള്ള കഥാപാത്രങ്ങളെ ആരാധനാപാത്രങ്ങളാക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക, നിങ്ങൾ നശിപ്പിക്കുന്നത് നിങ്ങളുടെ ജീവിതം തന്നെയാണ്. വിട്ടുകളയണം!! കാരണം കുടുംബത്തിലും സമൂഹത്തിലും സ്നേഹബന്ധങ്ങൾ ഇഴതീർക്കുന്ന വലിയ ഒരു ചങ്ങലയിലെ കണ്ണിയാണ് നിങ്ങൾ എന്ന് തിരിച്ചറിയണം. നിങ്ങളുടെ സ്വാർത്ഥത മൂലം ഉണ്ടാകുന്ന ബലഹീനത ഒരുപക്ഷെ ആ ചങ്ങലയുടെ മുഴുവൻ ബലക്കുറവായി മാറിയേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.