'ആ താലിബാന്‍ സംഘത്തിലെ രണ്ടു പേരെങ്കിലും മലയാളികളായിരിക്കാ'മെന്ന് ശശി തരൂര്‍

 'ആ താലിബാന്‍ സംഘത്തിലെ രണ്ടു പേരെങ്കിലും മലയാളികളായിരിക്കാ'മെന്ന് ശശി തരൂര്‍

തിരുവനന്തപുരം/ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയ താലിബാന്‍ സംഘത്തില്‍ രണ്ട് മലയാളികളെങ്കിലും ഉണ്ടെന്ന സംശയം പങ്കുവെച്ച് ശശി തരൂര്‍ എം.പി. കാബൂള്‍ കീഴടക്കിയതിന്റെ സന്തോഷം കൊണ്ട് കരയുന്ന താലിബാന്‍ പോരാളികളുടേതെന്ന വിശേഷണത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഷെയര്‍ ചെയ്താണ് ശശി തരൂര്‍ തന്റെ നിഗമനം അവതരിപ്പിച്ചത്.

വീഡിയോയില്‍ നിലത്ത് മുട്ടു കുത്തിയിരുന്ന് കരയുന്ന താലിബാന്‍ സൈനികനുമായി ഒപ്പമുള്ളവര്‍ സംസാരിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. അഫ്ഗാനിലെ ഭാഷയ്ക്കിടെ 'സംസാരിക്കട്ടെ' എന്നു പറയുന്നത് വീഡിയോയില്‍ ഏകദേശം വ്യക്തമാണ്. പരസ്പരം മലയാളം സംസാരിക്കുന്ന സ്ഥിതിക്ക് ഇതില്‍ രണ്ടു പേര്‍ മലയാളികളാണെന്ന സംശയമാണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം ഉയര്‍ത്തുന്നത്.റമീസ് എന്നയാളുടെ ഈ വീഡിയോ വ്യാജമാകാനിടയുണ്ടെന്ന അഭിപ്രായത്തോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.

അതേസമയം താലിബാന്‍ ഭരണം പിടിച്ചതോടെ, ഇന്ത്യാക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.120 നയതന്ത്ര ഉദ്യോഗസ്ഥരുമായി പ്രത്യേക വ്യോമസേന വിമാനം കാബൂളില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു. ഇന്നലെ 46 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു.സിഖുകാര്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ വിമാനത്തില്‍ കയറാന്‍ കാബൂളില്‍ കാത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തയുടന്‍, വാണിജ്യ വിമാനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ നൂറു കണക്കിന് ഇന്ത്യക്കാരുടെ കാര്യം പരുങ്ങലിലായി.



കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു ഇന്ത്യക്കാരന്‍ മാധ്യമങ്ങളോടു പറഞ്ഞു:'നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. വെടിവയ്പ്പ് തുടരുന്നതിനാല്‍ ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയില്ല. കൂടാതെ, കവര്‍ച്ചയെക്കുറിച്ചുള്ള ഭയം ഉണ്ട്. എയര്‍ പോര്‍ട്ടിന് പുറത്ത് 4 ലക്ഷത്തോളം ആളുകള്‍ നില്‍ക്കുന്നു. എയര്‍ ഇന്ത്യ വിമാനം ഞങ്ങളെ കൊണ്ടു പോകാന്‍ വരുമെന്നു പറഞ്ഞെങ്കിലും അതിന്റെ യാതൊരു സൂചനയും ഇപ്പോള്‍ ഇല്ല. എംബസിയും ഞങ്ങളുടെ കോളുകള്‍ എടുക്കുന്നില്ല. '

നേരത്തെ, കാബൂള്‍ ഗുരുദ്വാരയില്‍ കുടുങ്ങിയ അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റ് അംഗം നരീന്ദര്‍ പാല്‍ സിംഗ് പറഞ്ഞതിങ്ങനെ: 'ഏകദേശം 100 സിഖ് കുടുംബങ്ങള്‍ ഗുരുദ്വാരയില്‍ താമസിക്കുന്നു.നിലവില്‍ ഞങ്ങള്‍ക്ക് ഇവിടെ സുരക്ഷിതത്വം തോന്നുന്നുണ്ടെങ്കിലും, സാഹചര്യം അനിശ്ചിതത്വത്തിലായതിനാല്‍ ഒന്നും പറയാന്‍ കഴിയില്ല. ഞങ്ങളെ രാജ്യത്തിന് പുറത്തേക്ക് ഒഴിപ്പിക്കാന്‍ വിമാനങ്ങളൊന്നുമില്ല. പക്ഷേ ഞങ്ങള്‍ തന്നെ ചില ക്രമീകരണങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്.'.ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ ഫലമുണ്ടാക്കുന്നതായി അദ്ദേഹത്തിന് അഭിപ്രായമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.