യേശുവിന്റെ കുരിശ് വീണ്ടെടുത്ത വിശുദ്ധ ഹെലേന

യേശുവിന്റെ കുരിശ് വീണ്ടെടുത്ത വിശുദ്ധ ഹെലേന

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 18

യേശു ക്രിസ്തുവിന്റെ കുരിശ് വീണ്ടെടുത്ത വി. ഹെലേന ഏഷ്യാ മൈനറിലെ ബിഥിനിയായില്‍ ജനിച്ചതായാണ് കരുതപ്പെടുന്നത്. യേശുവിനെ തറച്ച യഥാര്‍ത്ഥ കുരിശ് ജെറുസലേമില്‍ നിന്നും കണ്ടെത്തിയത് വിശുദ്ധ ഹെലേനയാണ് എന്ന വിശ്വാസം സഭയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ക്രിസ്തു മതത്തിന് പരസ്യമായ അംഗീകാരവും ആരാധനാ സ്വാതന്ത്ര്യവും അനുവദിച്ച റോമാ സാമ്രാജ്യത്തിലെ ആദ്യ ക്രൈസ്തവ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്റെ മാതാവാണ് ഹെലേന.

എ.ഡി. 306 ലാണ് കോണ്‍സ്റ്റന്റൈന്‍ റോമാ ചക്രവര്‍ത്തിയായി സ്ഥാനമേല്‍ക്കുന്നത്. അതിനുശേഷം അദ്ദേഹം ആദ്യമായി ചെയ്ത പ്രവൃത്തി, തന്റെ മാതാവായ ഹെലേനയെ, ചക്രവര്‍ത്തിനി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി എന്നതാണ്. ഈ സന്ദര്‍ഭത്തിലാണ് ഹെലേനാ, താനൊരു ക്രൈസ്തവ രാജ്ഞിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഈ അമ്മയുടെ ഉപദേശങ്ങളിലൂടെയാണ് കോണ്‍സ്റ്റന്റൈനും മാനസാന്തരപ്പെട്ടത്.

എ.ഡി. 312 ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കെതിരായി മാക്സെന്‍സിയസ് യുദ്ധം പ്രഖ്യാപിച്ചു. സത്യദൈവത്തില്‍ ശരണപ്പെട്ടുകൊണ്ട് എണ്ണത്തില്‍ വളരെ കുറവായിരുന്ന തന്റെ സൈന്യവുമായി ചക്രവര്‍ത്തി യുദ്ധത്തിനു പുറപ്പെട്ടു. ടൈബര്‍ നദിക്ക് കുറുകെയുള്ള മില്‍വിയാന്‍ പാലത്തില്‍ ആയിരുന്നു ഏറ്റുമുട്ടല്‍. മാക്‌സെന്റിയൂസിന്റെ വലിയ സൈന്യത്തെ കണ്ട് കോണ്‍സ്റ്റന്റൈന്‍ ഭയചകിതനായി. അദ്ദേഹത്തിന്റെ മുഴുവന്‍ സാമ്രാജ്യവും നാശത്തിന്റെ ഭീതിയിലായി.

ഈ സാഹചര്യത്തില്‍ ചക്രവര്‍ത്തി മുട്ട് കുത്തി നിന്ന് തനിക്ക് വിജയം നേടിതരുവാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ അന്തരീക്ഷത്തില്‍ പ്രകാശമയമായ ഒരു കുരിശ് അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. 'ഈ അടയാളത്തില്‍ നീ വിജയിക്കും' എന്ന് അതില്‍ ആലേഖനം ചെയ്തിരുന്നു. പിന്നിട് നടന്ന ഏറ്റുമുട്ടലില്‍ ചക്രവര്‍ത്തി ശത്രുക്കളെ നിശേഷം തോല്‍പിച്ചു.

അന്നുമുതല്‍ അദ്ദേഹം ക്രിസ്തുമതത്തോട് അനുഭാവം പുലര്‍ത്തി തുടങ്ങി. അധികം താമസിക്കാതെ ക്രൈസ്തവരെ അംഗീകരിക്കുകയും അവര്‍ക്ക് പല വിശേഷാനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു. മാത്രമല്ല, 325 ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ വിളംബരത്തില്‍ തന്റെ പ്രജകളെല്ലാം ക്രിസ്തുമതം അവലംബിച്ചു കാണുവാന്‍ താന്‍ അഭിലഷിക്കുന്നുവെന്ന് പ്രസ്താവിക്കുകയും 'തിരുസഭാ രക്ഷകന്‍' എന്ന സ്ഥാനം സ്വയം ഏല്‍ക്കുകയും ചെയ്തു.

ഹെലേനാ രാജ്ഞി, തന്റെ ഉന്നതമായ പദവിയെ അവഗണിച്ചു കൊണ്ട് സാധാരണ ജനങ്ങളോടൊന്നിച്ച് ദൈവാലയ ശുശ്രൂഷകളില്‍ സംബന്ധിക്കുവാന്‍ പ്രത്യേകം താല്‍പര്യപ്പെട്ടിരുന്നു. സമൃദ്ധമായ ഒരു ഖജനാവ് തന്റെ സ്വാധീനത്തില്‍ ഉണ്ടായിരുന്നതിനാല്‍ ദൈവ മഹത്വത്തിനും സാധുജന സംരക്ഷണത്തിനും വേണ്ടി യഥേഷ്ടം പ്രവര്‍ത്തിക്കുന്നതിന് ഹെലേനായ്ക്ക് സാധിച്ചു.

ഈ കാരുണ്യ പ്രവൃത്തിയുടെ ഫലമായി ഹെലേന, അനാഥരുടെയും പീഡിതരുടെയും മാതാവെന്ന സ്ഥാനത്തിന് അര്‍ഹയായിത്തീര്‍ന്നു. രാജ്ഞിയുടെ നേതൃത്വത്തില്‍ ഈ കാലഘട്ടങ്ങളില്‍ ധാരാളം ദേവാലയങ്ങള്‍ പണികഴിപ്പിക്കപ്പെട്ടു.

ഏതാണ്ട് 324 ല്‍ എണ്‍പതാം വയസില്‍ തന്റെ മകന്റെ അംഗീകാരത്തോടെ വിശുദ്ധ സ്ഥലങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വിശുദ്ധ ഹെലേന പലസ്തീനായിലേക്ക് യാത്രയായി. യേശു മരിച്ച കുരിശ് കണ്ടെടുക്കുക എന്ന തീവ്രമായ ആഗ്രഹത്താലായിരുന്നു യാത്ര.

326 ല്‍ യേശുവിന്റെ കല്ലറ നിലനിന്നിരുന്ന ഭാഗം ഖനനം ചെയ്തു കൂടുതല്‍ പരിശോധനകള്‍ നടത്തി. അധികം താമസിയാതെ തന്നെ യേശുവിന്റെ കല്ലറയുടെ അവശേഷിപ്പുകള്‍ കണ്ടെത്തി. തുടര്‍ന്ന് കല്ലറക്ക് മുകളിലായി ഒരു ചെറിയ ദേവാലയം പണികഴിപ്പിച്ചു. നൂറ്റാണ്ടുകളായി പലവിധ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുള്ള ആ ദേവാലയമാണ് ജെറുസലേമിലെ ഇന്നത്തെ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം.

പിന്നീടു നടത്തിയ കഠിനമായ പരിശ്രമങ്ങള്‍ക്ക് ശേഷം കാല്‍വരിയില്‍ നിന്നും മൂന്നു കുരിശുകള്‍ കണ്ടെടുത്തു. സുവിശേഷകര്‍ രേഖപ്പെടുത്തിയ ലിഖിതങ്ങള്‍ക്കും ആണികള്‍ക്കുമൊപ്പമായിരുന്നു അവ കണ്ടെടുക്കപ്പെട്ടത്. എന്നാല്‍ അവയില്‍ നിന്നും യേശു മരണം വരിച്ച കുരിശ് ഏതാണെന്ന് കണ്ടു പിടിക്കാന്‍ സാധിച്ചില്ല. അതേ തുടര്‍ന്ന് മക്കാരിയൂസ് മെത്രാന്റെ ഉപദേശപ്രകാരം രോഗ സൗഖ്യത്തിന് ഒട്ടും സാധ്യതയില്ലാത്ത അസുഖം ബാധിച്ച ഒരു സ്ത്രീയുടെ ശരീരത്തില്‍ ആ മൂന്ന് കുരിശുകളും കൊണ്ട് സ്പര്‍ശിച്ചു നോക്കുവാന്‍ ഹെലേന തീരുമാനിച്ചു.

അപ്രകാരം രണ്ട് കുരിശുകള്‍ മുട്ടിച്ചപ്പോഴും ഫലമുണ്ടായില്ല. മൂന്നാമത്തെ കുരിശ് മുട്ടിച്ച ഉടനെ തന്നെ ആ സ്ത്രീ എഴുന്നേല്‍ക്കുകയും പരിപൂര്‍ണ്ണമായി സൗഖ്യം പ്രാപിക്കുകയും ചെയ്തു. സന്തോഷത്താല്‍ മതിമറന്ന ചക്രവര്‍ത്തിനി കാല്‍വരിയില്‍ ഒരു ദേവാലയം പണികഴിപ്പിക്കുകയും കുരിശ് അവിടെ സ്ഥാപിക്കുകയും ചെയ്തു. അതിനു ശേഷം അധികം താമസിയാതെ ഹെലേന റോമിലേക്ക് പോയി. എഡി 328 ഓഗസ്റ്റ് 15 ന് നിത്യസമ്മാനത്തിനായി വിളിയ്ക്കപ്പെട്ടു എന്നാണ് ചരിത്ര രേഖകള്‍.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ആഗാപിറ്റസ്

2. റോമായിലെ ജോണും ക്രിസ്പൂസും

3. അയര്‍ലന്റിലെ എര്‍നാന്‍

4. സ്‌കോട്ടിഷ് സന്യാസിയായിരുന്ന എവാന്‍

5. മെറ്റ്‌സിലെ ഫിര്‍മിനൂസ്




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.