ഒരു ശിശു ഹൃദയത്തിന്റെ തുടിപ്പു നില നിര്‍ത്താന്‍ ഒളിമ്പിക് മെഡല്‍ ലേലം ചെയ്ത് കായിക താരം

ഒരു ശിശു ഹൃദയത്തിന്റെ തുടിപ്പു നില നിര്‍ത്താന്‍ ഒളിമ്പിക് മെഡല്‍ ലേലം ചെയ്ത് കായിക താരം


വാര്‍സോ:എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ ഹൃദയ ശസ്തത്രക്രിയക്കു പണം കണ്ടെത്താനാകാതെ നെട്ടോട്ടമോടിയ മാതാപിതാക്കളെ സഹായിക്കാന്‍ തന്റെ ഒളിമ്പിക് മെഡല്‍ ലേലം ചെയ്ത് ലോകത്തെമ്പാടു നിന്നും ആദരവും അഭിനന്ദനവും ഏറ്റുവാങ്ങുന്നു, പോളണ്ടിന്റെ അഭിമാനമുയര്‍ത്തിയ വനിതാ കായിക താരം. ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ മെഡല്‍ നേടിയ മരിയ ആന്ദ്രേചെക്ക് ആണ് ഈ അതുല്യ സത്പ്രവര്‍ത്തിയിലൂടെ സാമൂഹിക മാധ്യമങ്ങളിലും രജത താരമായത്.
.
2016ലെ റിയോ ഒളിമ്പിക്‌സില്‍ വെറും രണ്ടുമീറ്റര്‍ വ്യത്യാസത്തിന് മെഡല്‍ നഷ്ടമായിരുന്നു മരിയക്ക്. 2017ല്‍ തോളിന് പരിക്കേറ്റെങ്കിലും പരിശീലനം തുടര്‍ന്നു. 2018ല്‍ അര്‍ബുദ ബാധിതയായി. ടോക്യോയില്‍ ഉഗ്രന്‍ തിരിച്ചുവരവ് തന്നെ നടത്തി. മെഡല്‍ നേട്ടത്തിന് പിന്നാലെ അര്‍ഹതയുള്ള അപരിചിതരായ ആരെയെങ്കിലും സഹായിക്കണമെന്ന് തീരുമാനിച്ചിരുന്നു മരിയ. ഫേസ്ബുക്ക് വഴിയാണ് ടോട്ടല്‍ പള്‍മനറി വെനസ് കണക്ഷന്‍ (ടി.എ.പി.വി.സി) എന്ന രോഗം ബാധിച്ച എട്ട് മാസം മാത്രം പ്രായമായ പോള്‍ മിലോസ്‌ചെക്കിന്റെ ചികിത്സാ സഹായ ഫണ്ടിനെക്കുറിച്ചറിഞ്ഞത്.

കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അടിയന്തിരമായ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 1.5 ദശലക്ഷം പോളിഷ് സ്ലോട്ടി ് (2.86 കോടി രൂപ) ശസ്ത്രക്രിയക്ക് ചെലവു വരും. മെഡല്‍ ലേലത്തിലൂടെ അതിന്റെ പകുതി പണം സമാഹരിക്കുകയായിരുന്നു ലക്ഷ്യം. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സബ്ക 1.4 കോടി രൂപയ്ക്ക് മെഡല്‍ ലേലത്തില്‍ പിടിച്ച് മരിയയുടെ നല്ല മനസിനെ പിന്തുണച്ചു. എന്നാല്‍ മെഡല്‍ മരിയക്ക് തന്നെ തിരിച്ച് നല്‍കുമെന്നും ആവശ്യമുള്ളത്ര തുക മുഴുവനായി സംഭാവന ചെയ്യുമെന്നും സബ്ക വ്യക്തമാക്കി.

സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വൈകാതെ നടക്കും.പോളിന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെ ചികിത്സയ്ക്കുള്ള 90 ശതമാനം തുകയും സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.