അമേരിക്കയിൽ വേനൽ അവധിക്ക് വിട; വിദ്യാർത്ഥികൾ ഡെൽറ്റ പരത്തിയ നിഴലിൻ ഭീതിയിൽ

അമേരിക്കയിൽ വേനൽ അവധിക്ക് വിട; വിദ്യാർത്ഥികൾ   ഡെൽറ്റ പരത്തിയ നിഴലിൻ ഭീതിയിൽ

രണ്ട് മാസത്തെ വേനൽ അവധിക്ക് ശേഷം വിദ്യാലയങ്ങൾ സജീവമാകുമ്പോൾ മാതാപിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും കടുത്ത അനിശ്ചിതത്വത്തിൽ. ഈ ആഴ്ചാവസാനം കൊണ്ട് രാജ്യമൊട്ടാകെയുള്ള എല്ലാ വിദ്യാലയങ്ങളുടെയും വാതിൽ തുറക്കും. കോവിഡ് 19ന്റെ വകഭേദമായ ഡെൽറ്റ വിരിച്ച ഭയത്തിന്റെ നിഴലിലാണ് വിദ്യാർത്ഥികളും അധ്യാപകരും ഒപ്പം മാതാപിതാക്കളും. കോവിഡ് എന്ന ഒരു കുഞ്ഞൻ വൈറസ് ഭൂമി  മുഴുവൻ കീഴടക്കിയിട്ടും, കോവിഡ് ഒരു കെട്ടുകഥയാണെന്ന് വിശ്വസിക്കുകയോ അങ്ങനെ വിശ്വസിക്കാൻ ആഗ്രഹിക്കുകയോ ചെയുന്ന ഒരു വിഭാഗം ജനങ്ങളും നേതാക്കളും ജനജീവിതം ദുഷ്ക്കരമാക്കുന്നു എന്ന് പറഞ്ഞാൽ തെറ്റില്ല. ബാലിശമായ പിടിവാശി നടപ്പിലാക്കാൻ,ജനസംരക്ഷകരാവേണ്ട ജനനേതാക്കൾ, ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുന്ന ഒരു അവസ്ഥയിലാണ് അമേരിക്ക മഹാരാജ്യത്തെ വിദ്യാർഥികൾ,വിദ്യാലയങ്ങളുടെ പടി ചവുട്ടിക്കടന്നത്.

കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നായ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുന്നതിനെതിരായ നിയമം നടപ്പാക്കുമ്പോൾ, വാക്‌സിൻ എടുക്കാത്ത കൊച്ചുകുട്ടികളെ കൈകാര്യം ചെയ്യാനുള്ള വഴികളാണ് സ്ക്കൂൾ അധികൃതർ ആലോചിക്കുന്നത്. രാഷ്ട്രീയ വൈരം തീർക്കാൻ ഉപയോഗിക്കുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളെയാണ് എന്ന് പറയുമ്പോൾ ചിലരെങ്കിലും എതിർത്തേക്കാം. ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്താങ്ങുകയോ തള്ളിപ്പറയുകയോ ചെയ്യുന്നില്ല. ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പക്ഷപാതരഹിതമായ ഒരു വിശകലനം മാത്രം. ശാസ്ത്രത്തിൽ വിശ്വസിക്കാത്തവർ ഇത് സ്വീകരിക്കേണ്ട. എന്നാൽ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച് ഈ വസ്തുതകൾ തള്ളിക്കളയാൻ ആവില്ല.

അമേരിക്കയിലെ പല സംസ്ഥാനങ്ങളിലെ സ്കൂളുകളിലും മാസ്‌ക് നിർബന്ധമാക്കാൻ അനുവാദമില്ല. മാസ്ക് നിർബന്ധമാക്കിയാൽ ആ സ്കൂൾ ഡിസ്ട്രിക്ടിനെതിരെ നിയമനടപടികൾ കൈക്കൊള്ളും എന്ന് ഭീഷണിപ്പെടുത്തുന്ന ഒരു ഭരണാധികാരി താൻ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നുവെന്നും ജനങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും മറ്റും പറയുമ്പോൾ അതിനെ വിരോധാഭാസം എന്നല്ലാതെ എന്ത് വിളിക്കാൻ? ടെക്സാസ് സംസ്ഥാന ഗവർണർ ആബോട്ടിന്റെ മാസ്‌ക് നിരോധനത്തിനെതിരെയുള്ള ഉത്തരവിനെ മറികടക്കാൻ കോടതിക്ക് ഇടപെടേണ്ടിവന്നു. ഗവർണറുടെ ഉത്തരവിനെ ഒരു താൽക്കാലിക ഉത്തരവ് ഇറക്കി കോടതി മറികടന്നു. ഇതിനെതിരെ ഗവർണർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. മാസ്ക് ധരിക്കാനുള്ള അനുമതിക്കല്ല എന്ന് ഓർക്കുക, മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാൻ!! ഇവിടെ ജനങ്ങളോടുള്ള പ്രതിബദ്ധത എന്താണ് എന്ന് സാമാന്യ ബോധമുള്ള ഒരു പൗരൻ അത്ഭുതപ്പെട്ടാൽ, കുറ്റപ്പെടുത്താനാവുമോ ? മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുന്നതിനെതിരെ നിയമനിർമ്മാണം കൊണ്ടുവന്ന സംസ്ഥാനങ്ങൾ പലതാണ്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയല്ലാതെ മറ്റെന്തിനാണ് മാസ്ക് ധരിക്കുന്നതിനെ എതിർക്കുന്നത് എന്ന് സാമാന്യ ജനം ചോദിച്ചു പോകുന്നു .

സ്കൂൾ തുറന്നിട്ട് രണ്ടോ മൂന്നോ ആഴ്ചകൾ മാത്രം. ഇതിനോടകം പല സംസ്ഥാനങ്ങളിലും സ്കൂളുകൾ അടക്കണ്ടിവന്നു. നൂറുകണക്കിന് കുട്ടികളാണ് ക്വാറന്റൈനിൽ ആയിരിക്കുന്നത്. ടെക്സാസ് സംസ്ഥാനത്തെ ഡാളസിലെ കുട്ടികളുടെ എല്ലാ ആശുപത്രികളും നിറഞ്ഞിരിക്കുന്നു. ഒരു ഐ സി യൂ ബെഡ് പോലും ഇല്ലാത്ത അവസ്ഥയിലും 'രാഷ്ട്രീയ ഈഗോ' വച്ച് ജനങ്ങളുടെ ജീവൻ പണയം വയ്ക്ക്കുന്നത് അതിരുകവിഞ്ഞ അഹങ്കാരം കലർന്ന ചങ്കൂറ്റമല്ലേ? മാസ്‌ക് ഉപയോഗം കോവിഡ് പൂർണ്ണമായും തടയില്ല എങ്കിലും ഒരു പരിധി വരെ തടയും എന്നതിന് തർക്കമില്ല. ലോകാരോഗ്യ സംഘടനയുടെയും,സി ഡി സി യുടെയും നിർദ്ദേശങ്ങളാണ് പല സംസ്ഥാനങ്ങളും അവഗണിച്ചിരിക്കുന്നത് എന്ന് മാത്രമല്ല അതിനെതിരെ പടവെട്ടുകയും ചെയ്യുന്നത്. പുതിയ തലമുറയിൽ പലരും നേരിൽ കണ്ടിട്ട്പോലുമില്ലാത്ത ടെറ്റനസ്,മംസ്‌ (മുണ്ടിനീര്) മീസിൽസ്(അഞ്ചാം പനി ) പോളിയോ തുടങ്ങിയ രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാൻ ഇക്കൂട്ടർക്ക് വിരോധമില്ല.ഇവയെല്ലാം പരത്തുന്നത് വൈറസ് തന്നെയാണ്. എന്നാൽ കൺമുപിൽ കിടന്ന് താണ്ഡവമാടുന്ന കോവിഡ് മാത്രം ഒരു 'കെട്ടുകഥ'. ഒരു സാധാരണ പൗരന്റെ സംശയങ്ങൾ ഉന്നയിച്ചു എന്ന് മാത്രം.

വാക്‌സിൻ സുലഭമായ ഈ രാജ്യത്ത് വാക്‌സിൻ എടുക്കുന്നതിനെ പ്രോത്‌സാഹിപ്പിക്കാതിരിക്കുകയും വാക്‌സിനെപ്പറ്റി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് കോവിഡ് പ്രതിരോധത്തിലെ ഒരു വെല്ലുവിളിയാണ്. മറ്റെല്ലാ വാക്‌സിനുകളും സ്വമനസ്സാലെ എടുക്കുന്നവർ, കോവിഡ് വാക്‌സിൻ എടുക്കാൻ മടിക്കുന്നു. അതിന് പലകാരണങ്ങളും നിരത്താൻ ഉണ്ടെങ്കിലും വാക്‌സിൻ, കോവിഡിനെ പ്രതിരോധിക്കുമെന്നും രോഗത്തിന്റെ തീവ്രത കുറയ്ക്കുമെന്നും തെളിഞ്ഞിട്ടുള്ളതാണ്.

മാസ്‌ക് ധരിക്കുന്നത് നിർബന്ധിതമാക്കുന്നത് നിയമവിരുദ്ധമായ സാഹചര്യത്തിൽ അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലെ സ്കൂളുകൾ അവരുടെ യൂണിഫോം തന്നെ മാറ്റാനുള്ള ശ്രമത്തിലാണ്. മാസ്ക് യൂണിഫോമിന്റെ ഭാഗമാക്കികൊണ്ടുള്ള ഭേദഗതികൾ വരുത്തുകയാണ് സ്കൂൾ അധികൃതർ. ടീച്ചറിൻറെ മുഖത്തെ മാസ്‌ക് വലിച്ച് മാറ്റുന്ന മാതാപിതാക്കളും ഉണ്ട് എന്ന് പറയുമ്പോൾ കോവിഡ് രാഷ്ട്രീയവത്ക്കരിക്കപ്പെട്ടതിന്റെ ഭീകരത എത്രയെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളു. മാസ്‌ക് ധരിക്കുന്നത് അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുന്ന ടെക്സാസ് ഗവർണർ ആബോട്ട് ഇന്നലെ കോവിഡ് പോസിറ്റീവ് ആയി എന്നും,ഉടനെ തന്നെ ആന്റിബോഡി ചികിത്സ ആരംഭിച്ചു എന്നും മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. കോവിഡിൽ വിശ്വസിക്കുന്നില്ലാത്ത ആബോട് ഉടനെത്തന്നെ ചികിത്സ തേടിയത് കോവിഡ് ബാധിച്ചതിലുള്ള ആകുലത കാണിക്കുന്നു എന്ന് ടെക്സസിലെ ഒരു ആശുപത്രിയിലെ ഐ സി യു ഡോക്ടർ ട്വീറ്റ് ചെയ്തിരുന്നു. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിൻറെ തലേദിവസം ആബോട് ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു എന്നും ആരും മാസ്ക് ഉപയോഗിച്ചിരുന്നില്ല എന്നതും പരസ്യമായ രഹസ്യമാണ്.

കോവിഡിന്റെ ഉത്ഭവവും അതിന്റെ പിന്നിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ഇപ്പോഴും നിലനിൽക്കുന്നു എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് തന്നെ ചോദിക്കുന്നു, അതിന്റെ പേരിൽ ഒരു ജനതയെ മുഴുവൻ അനിശ്ചിതത്വത്തിലേക്കും ആരോഗ്യ അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടാമോ ?

കോവിഡ് 19ന് രാഷ്ട്രീയ തിരിച്ചുഭേദമില്ല. തുറന്ന് കിടക്കുന്ന ഏതു വാതിൽ വഴിയും കയറും. തുറന്ന് കിടക്കുന്ന വാതിലാണ് ഏക മാനദണ്ഡം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.