വാക്‌സിനേഷന്‍ ദൗത്യത്തില്‍ ഏവരും പങ്കു ചേരണം: ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വാക്‌സിനേഷന്‍ ദൗത്യത്തില്‍ ഏവരും പങ്കു ചേരണം: ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: കോവിഡ് വാക്‌സിനേഷന്‍ ദൗത്യത്തില്‍ പങ്കു ചേര്‍ന്നു വിജയിപ്പിക്കണമെന്ന ആഹ്വാനം ആവര്‍ത്തിച്ച്് ഫ്രാന്‍സിസ് മാര്‍പാപ്പ. 'ദൈവകൃപയ്ക്കും അനേകരുടെ കൂട്ടുചേര്‍ന്നുള്ള പ്രവര്‍ത്തനത്തിനും നന്ദി. കോവിഡ് -19 ല്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ ഇപ്പോള്‍ വാക്‌സിനുകള്‍ ഉണ്ട്'- പ്രത്യേക വീഡിയോയില്‍ മാര്‍പാപ്പ പറഞ്ഞു.

സുരക്ഷിതവും ഫലപ്രദവുമായ കോവിഡ് വാക്‌സിനുകള്‍ നിര്‍മ്മിക്കുന്ന ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും പ്രവര്‍ത്തനങ്ങളെ, പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു കൊണ്ട് അമേരിക്കയിലെ മെത്രാന്മാരുടെ കൂട്ടായ്മയ്ക്കു വേണ്ടി തയ്യാറാക്കിയ വീഡിയോയിലൂടെ മാര്‍പാപ്പ പ്രശംസിച്ചു.

മഹാവ്യാധി അവസാനിപ്പിക്കാന്‍ വാക്‌സിനുകള്‍ ഫലപ്രദമാണെന്ന പ്രതീക്ഷ ശക്തമായുണ്ട്. പക്ഷേ അവ എല്ലാവര്‍ക്കും ലഭ്യമാകണം. അതിനായി പരസ്പര സഹകരണം ആവശ്യമാണ്. ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടെയുള്ള കോവിഡ് വാക്‌സിനേഷന്‍ 'സ്‌നേഹത്തിന്റെ പ്രവൃത്തിയാണ്' എന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.മറ്റുള്ളവരെ അങ്ങനെ ചെയ്യാന്‍ സഹായിക്കുന്നതും സ്‌നേഹ പ്രവര്‍ത്തനമാണ്.
സാമൂഹികവും രാഷ്ട്രീയവുമായ വ്യക്തിഗത സ്‌നേഹ പ്രവൃത്തികള്‍ക്ക്് സമൂഹങ്ങളെ കെട്ടിപ്പടുക്കാനു രൂപാന്തരപ്പെടുത്താനും മെച്ചപ്പെടുത്താനുമാകുമെന്ന് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു.'സ്വയം സ്‌നേഹിക്കുക. കുടുംബങ്ങളോടും സുഹൃത്തുക്കളോടും എല്ലാ ജനങ്ങളോടുമുണ്ടാകണം സ്‌നേഹം. ആ സ്‌നേഹം സാമൂഹികവും രാഷ്ട്രീയവുമാണ്.'

'പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് പരസ്പരമുള്ള കരുതല്‍ വളര്‍ത്താനുള്ള ലളിതവും എന്നാല്‍ വിശാലവുമായ മാര്‍ഗമാണ്, പ്രത്യേകിച്ച് ഏറ്റവും ദുര്‍ബലരായവരുടെ കാര്യത്തില്‍ - ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.'നമ്മില്‍ ഓരോരുത്തര്‍ക്കും നല്ല ഭാവിക്കായി സ്‌നേഹത്തിന്റെ ചെറിയ പ്രവൃത്തികളില്‍ പങ്കു ചേരാന്‍ കഴിയും.എത്ര ചെറുതാണെങ്കിലും, സ്‌നേഹം എല്ലായ്‌പ്പോഴും മഹത്തരമാണ്,'
അമേരിക്കയിലുടനീളമുള്ള കര്‍ദിനാള്‍മാരും ഇതര മേലധ്യക്ഷന്മാരും വീഡിയോയില്‍ മാര്‍പ്പാപ്പയോടൊപ്പം ചേര്‍ന്നു.ലോകമെമ്പാടും പകര്‍ച്ചവ്യാധി സൃഷ്ടിച്ച കഷ്ടപ്പാടുകളെയും മരണത്തെയും കുറിച്ച് കത്തോലിക്ക ബിഷപ്പുമാരുടെ അമേരിക്കന്‍ സമിതിയുടെ പ്രസിഡന്റും ലോസ് ഏഞ്ചല്‍സ് ആര്‍ച്ച്ബിഷപ്പുമായ ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസിന്റെ വിശദീകരണവുമുണ്ട് വീഡിയോയില്‍.'വിശ്വാസത്തിന്റെ കരുത്തോടെ മഹാമാരിയെ നേരിടാന്‍ ദൈവം നമുക്ക് കൃപ നല്‍കട്ടെ. എല്ലാവര്‍ക്കും വാക്‌സിനുകള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തുക. അങ്ങനെ നമുക്കെല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കട്ടെ' -അദ്ദേഹം പ്രാര്‍ത്ഥിച്ചു.

എല്ലാവരുടെയും നല്ല ഭാവിക്ക് കോവിഡ് വാക്‌സിനേഷന്‍ അനിവാര്യമായിരിക്കുകയാണെന്ന് മെക്സിക്കന്‍ കര്‍ദിനാള്‍ കാര്‍ലോസ് അഗുയാര്‍ റീറ്റസ് ചൂണ്ടിക്കാട്ടി.കൊറോണ വൈറസില്‍ നിന്ന് ലോകത്തിന് ഒരുപാട് പഠിക്കാനുണ്ടെന്ന് ഹോണ്ടുറാസിലെ കര്‍ദിനാള്‍ റോഡ്രിഗസ് മറഡിയാഗ പറഞ്ഞു.' ഒരു കാര്യം ഉറപ്പാണ്: അംഗീകൃത വാക്‌സിനുകള്‍ ഫലപ്രദമാണ് ജീവന്‍ രക്ഷിക്കാന്‍ അതിവിടെയുണ്ട്, അവ വ്യക്തിപരവും സാര്‍വത്രികവുമായ രോഗശാന്തിയുടെ താക്കോലാണ്.' അദ്ദേഹം പറഞ്ഞു.

'സുരക്ഷിതവും ഫലപ്രദവുമായ' വാക്‌സിന്‍ വികസിപ്പിച്ച ആരോഗ്യ പ്രൊഫഷണലുകളുടെ 'വീര പരിശ്രമങ്ങളെ' ബ്രസീലിയന്‍ കര്‍ദിനാള്‍ ക്ലോഡിയോ ഹംസ് പ്രശംസിച്ചു.'വാക്‌സിനേഷന്‍ എടുക്കുന്നത് സ്‌നേഹത്തിന്റെ പ്രവൃത്തിയാണ്' എന്ന മാര്‍പാപ്പയുടെ ഉറപ്പ് അദ്ദേഹം ആവര്‍ത്തിച്ചു.വാക്‌സിനേഷന്‍ ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കാന്‍ സഹായിക്കുന്നുവെന്നതാണ് ഏറ്റവും പ്രാധനമായ കാര്യമെന്ന് സാല്‍വദോറിലെ കര്‍ദിനാള്‍ ഗ്രിഗോറിയോ റോസ ഷാവേസ് പറഞ്ഞു. വാക്‌സിനേഷന്‍ എടുക്കുന്നതിനുള്ള നമ്മുടെ തീരുമാനം മറ്റുള്ളവര്‍ക്കും ഗുണകരമായി മാറുന്നു.

പെറുവിയന്‍ ആര്‍ച്ച് ബിഷപ്പ് മിഗുവല്‍ കാബ്രെജോസ് നടത്തുന്ന ഐക്യ അഭ്യര്‍ത്ഥനയും പ്രാര്‍ത്ഥനയും വീഡിയോയില്‍ ഉള്‍പ്പെടുന്നു.സാര്‍വത്രിക വാക്‌സിനേഷന്‍ ആണ് ആവശ്യമെന്നും വടക്കന്‍, മധ്യ, ദക്ഷിണ അമേരിക്കന്‍ പ്രദേശങ്ങളെയും കരീബിയന്‍ ദ്വീപുകളെയും ബിഷപ്പുമാരുടെ കൂട്ടായ്മ ഇക്കാര്യം ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നുണ്ടെന്നും പെറുവിയന്‍ ആര്‍ച്ച് ബിഷപ്പ് അറിയിച്ചു.
' മഹത്തായ മനുഷ്യ കുടുംബത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന സാര്‍വത്രിക വാക്‌സിനേഷന്‍ ആണ് ആവശ്യം. '. മാര്‍പാപ്പായുടെ വാക്കുകള്‍ എല്ലാ വീടുകളിലും എത്തിക്കുന്നതിന് ബിഷപ്പുമാര്‍ ഏവരുടെയും പിന്തുണ അഭ്യര്ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.