കര്‍ഷകരെ പിഴിഞ്ഞ് ഓണപ്പിരിവ്: പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരും; ഡി.എഫ്.ഒ റിപ്പോര്‍ട്ട് നല്‍കി

കര്‍ഷകരെ പിഴിഞ്ഞ് ഓണപ്പിരിവ്: പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരും; ഡി.എഫ്.ഒ റിപ്പോര്‍ട്ട് നല്‍കി

കട്ടപ്പന: കര്‍ഷകരെ പിഴിഞ്ഞ് ഓണപ്പിരിവ് നടത്തിയ സംഭവത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരും. ഓണക്കാലത്ത് 'ചെലവി'നുള്ള പണം വനപാലകർ ഏലം കർഷകരിൽ നിന്ന് പിരിച്ച സംഭവത്തിൽ ഇടുക്കി ഫ്ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ഷാന്‍ട്രി കെ.ടോം കോട്ടയം ഫോറസ്റ്ര് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

തെളിവായി ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.എഫ്.ഒ പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി പുളിയന്മല, വണ്ടന്മട് സെക്ഷന്‍ ഓഫീസുകളിലെത്തി പരിശോധന നടത്തി ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പരാതിയില്‍ പറയുന്ന മറ്റ് സെക്ഷനുകളിലും ഉടന്‍ പരിശോധന ആരംഭിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. പരാതി നല്‍കിയ കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുടെയും പിരിവ് നല്‍കിയവരില്‍ ഒരു തോട്ടമുടമയുടേയും മൊഴി രേഖപ്പെടുത്തി.

കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷനാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ വനംവകുപ്പ് ജീവനക്കാര്‍ നിര്‍ബന്ധിത പണിപ്പിരിവ് നടത്തുന്നതായി പരാതി നല്‍കിയത്. പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.സംഭവം വിവാദമായതിനെ തുടര്‍ന്ന് പണം തിരികെ നല്‍കി ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങളും വനപാലകര്‍ നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.