കാബൂള്‍:താലിബാനെതിരെ ശക്തമായ പ്രതിരോധ ദുര്‍ഗം തീര്‍ത്ത് പഞ്ച്ഷീര്‍ പ്രവിശ്യയുടെ ചെറുത്തു നില്‍പ്പ്. പ്രവിശ്യ പിടിച്ചടക്കാന്‍ നിയോഗിക്കപ്പെട്ട നൂറു കണക്കിനു ഭീകരര്‍ താഴ്‌വരയുടെ നാലുപാടും വളഞ്ഞ് ആക്രമണ തന്ത്രം മെനയവേ ആകാംക്ഷയുടെ മുള്‍മുനയിലാണ് ലോക രാഷ്ട്രങ്ങളിലെ സൈനിക നിരീക്ഷകര്‍. സംയുക്ത പ്രാദേശിക സൈന്യം 9000 സായുധരെ അണിനിരത്തിയിട്ടുണ്ട്.മുന്‍ അഫ്ഗാന്‍ പ്രതിരോധ മന്ത്രി ജനറല്‍ ബിസ്മില്ലാ മൊഹമ്മദ് ഇക്കാര്യത്തില്‍ ഉറച്ച പ്രതീക്ഷയാണ് ട്വിറ്ററില്‍ രേഖപ്പെടുത്തിയത്.
വടക്ക് കിഴക്കന്‍ കാബൂളില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് ഹിന്ദുകുഷ് മലനിരകളിലെ വീരേതിഹാസങ്ങളുടെ തട്ടകമായ പഞ്ച്ഷീര്‍;പോരാട്ട വീര്യം കൊണ്ട് അനശ്വരത നേടിയ അഞ്ച് 'പടയാളി സിംഹങ്ങളുടെ' ഇടം. മലനിരകള്‍ സുരക്ഷിത അതിരുകളായുള്ള താഴ്‌വരയിലെ ജനങ്ങള്‍ സമാധാനപൂര്‍വ്വം കീഴടങ്ങാത്തതിനാല്‍ പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ നൂറോളം ആളുകളെ അവിടേക്ക് അയച്ചെന്ന് താലിബാന്‍ അറിയിച്ചിരിക്കവേ, യുദ്ധക്കളമൊരുങ്ങിയതായാണ് നിരീക്ഷണം. സ്ത്രീകളും കുട്ടികളും വരെ സ്വാതന്ത്ര്യ സംരക്ഷണാര്‍ത്ഥമുള്ള പോരാട്ടത്തിന് റൈഫിള്‍ കയ്യിലേന്തി മലനിരകളിലേക്കു നീങ്ങുകയാണ്.
ഒരിക്കലും വീഴാത്ത കോട്ടയെന്ന വിശേഷണം ഉള്ളതുകൊണ്ടാണ് പലിയടത്തു നിന്നായി ജനങ്ങള്‍ വിശ്വാസം കൈവിടാതെ ഇവിടെ എത്തിയത്. ഒരുപാട് സ്ത്രീകള്‍, ബുദ്ധിജീവികള്‍, പണ്ഡിതര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ പഞ്ച്ഷീറില്‍ അഭയം തേടിയിരിട്ടുണ്ട്. താലിബാന് വേണ്ടി മലനിരകളിലും താഴ്വരയിലും ചതിക്കുഴി ഒരുക്കി കാത്തിരിക്കാനാണ് എന്‍ആര്‍എഫിന്റെ പദ്ധതി. അമേരിക്കയില്‍ നിന്നുള്ള ആയുധ സഹായം എന്‍ആര്‍എഫ് ലക്ഷ്യമിടുന്നു. പല വിധത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇവിടെയുള്ളവര്‍ക്ക് ഭക്ഷണം അടക്കമുള്ളത് നല്‍കാനാവൂ എന്ന തലവേദനയുമുണ്ട് പോരാളി സഖ്യത്തിന്.
താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ പിടിച്ചെടുക്കാന്‍ ആരംഭിച്ചത് മുതല്‍ പഞ്ച്ഷീര്‍ പ്രദേശത്തെ ജനങ്ങള്‍ പ്രതിരോധം ശക്തമാക്കിയിരുന്നു. അഫ്ഗാന്‍ ഭരണകൂടത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരുടെ സംഘവും പ്രാദേശിക പ്രതിരോധ സേനയും സംയുക്തമായാണ് ഇവിടെ അന്തിമ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്. പ്രദേശത്തെ ആളുകള്‍ കീഴടങ്ങാതെ നില്‍ക്കുന്നത് താലിബാന് ആശങ്ക വര്‍ദ്ധിപ്പിച്ചു. ഇതോടെയാണ് ഏതു വിധേനയും പ്രദേശം പിടിച്ചടക്കാന്‍ താലിബാന്‍ തീരുമാനിച്ചത്.ഇതിനിടെ നടന്ന അനുരഞ്ജന ശ്രമം വിഫലമായി. താലിബാന്റെ എളുപ്പത്തിലുള്ള വിജയമാണ് പലരും പ്രവചിക്കുന്നതെങ്കിലും പ്രതിരോധ കോട്ടയുടെ നാല് വശവും പുതിയ തന്ത്രങ്ങള്‍ ഒരുക്കി കാത്തിരിക്കുന്നു പഞ്ച്ഷീര്‍. താലിബാന്‍ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ഈ മലനിരകളില്‍ നിന്ന് നേരിടേണ്ടി വരുമെന്നാണ് സൂചന.
ദീര്‍ഘ കാലത്തേക്കുള്ള യുദ്ധത്തിന് താലിബാന്‍ വിരുദ്ധ സേന തയ്യാറെടുത്തതായാണ് നിരീക്ഷകര്‍ക്കു കിട്ടിയിരിക്കുന്ന വിവരം. യുദ്ധം നീട്ടികൊണ്ടുപോയി താലിബാനെ തളര്‍ത്തുക തന്നെ ലക്ഷ്യം. അതേസമയം താലിബാന്‍ ഒരുവശത്ത് കൂടി ഇപ്പോഴും ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നുണ്ട്. സമാധാനപരമായി പഞ്ച്ഷീര്‍ കൈമാറണമെന്നായിരുന്നു താലിബാന്റെ ആവശ്യം. ഇത് നടക്കില്ലെന്ന് ഇവിടെയുള്ളവര്‍ തുറന്ന് പറഞ്ഞു. ഒരേസമയം യുദ്ധവും, മറുവശത്ത് കൂടി പഞ്ച്ഷീറിന്റെ സ്വതന്ത്രാധികാരത്തിനായി താലിബാനുമായി ചര്‍ച്ചകളുമാണ് പ്രതിരോധ സേന പ്ലാന്‍ ചെയ്യുന്നത്.
താലിബാനെ വെറുക്കുന്ന ആയിരങ്ങളാണ് പല പ്രദേശങ്ങളില്‍ നിന്ന് പഞ്ച്ഷീറിലേക്ക് ഒഴുകിയെത്തിയത്. ഇവര്‍ സൈന്യത്തിനൊപ്പം ചേര്‍ന്നു. പഞ്ച്ഷീറിനെ സുരക്ഷിത കോട്ടയായിട്ടാണ് ഇവര്‍ കാണുന്നത്. ഇവിടെ കനത്ത സൈനിക പരിശീലനവും നടക്കുന്നുണ്ട്.പൊതുവായുള്ള ഫിറ്റ്നെസ് പ്രോഗ്രാമുകളും തുടങ്ങിയിരുന്നു. നാല് വശത്തും പ്രതിരോധം ഒരുക്കാനാണ് ശ്രമം പുരോഗമിക്കുന്നത്. മലനിരകളില്‍ നിന്ന് പൊരുതുന്നത് കൊണ്ടുള്ള ഭൂമിശാസ്ത്രപരമായ മുന്‍തൂക്കം മുതലാക്കാമെന്ന് പ്രതിരോധ സേന കണക്കു കൂട്ടുന്നു.
ദേശീയ പ്രതിരോധ സഖ്യം (നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് - എന്‍ആര്‍എഫ് )എന്നാണ് അഹമ്മദ് മസൂദ് പ്രധാന നേതൃത്വം നല്‍കുന്ന താലിബാന്‍ വിരുദ്ധ സേന അറിയപ്പെടുന്നത്. അഫ്ഗാനിസ്ഥാനില്‍ ചോരപ്പുഴയൊഴുക്കാതിരിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് എന്‍ആര്‍എഫ് പ്രഖ്യാപിച്ചിരുന്നു.' എന്നാല്‍ താലിബാന് മുന്നില്‍ ഇത് വിലപ്പോവുമോ എന്നറിയില്ല. പോരാട്ടത്തിന്റെ കാര്യത്തില്‍ പഞ്ച്ഷീര്‍ പിന്നിലല്ലെന്ന് അവര്‍ മനസിലാക്കുന്നതു നന്ന്'- എന്‍ആര്‍എഫ് വക്താവ് അലി മൈസം നസറി പറഞ്ഞു. എന്‍ആര്‍എഫുമായി ചര്‍ച്ചകള്‍ നടത്തിയില്ലെങ്കില്‍ രാജ്യം മുഴുവന്‍ പ്രതിരോധ സഖ്യം പടരുമെന്ന് നസറി മുന്നറിയിപ്പ് നല്‍കി. അധികാര വികേന്ദ്രീകരണമാണ് എന്‍ആര്‍ആഫ് ആവശ്യപ്പെടുന്ന പ്രധാന കാര്യം. താലിബാന്റെ കൈയ്യിലേക്കു മാത്രമായി അധികാരം നല്‍കുന്നത് ഏകാധിപത്യമാണെന്നും നസറി പറഞ്ഞു.
സാമൂഹ്യ നീതി, തുല്യത, അവകാശങ്ങള്‍, എല്ലാവര്‍ക്കും സ്വാതന്ത്ര്യം എന്നിവയാണ് എന്‍ആര്‍എഫ് ഉന്നയിക്കുന്ന പ്രധാന കാര്യങ്ങള്‍. താലിബാന്റെ കീഴില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ എന്‍ആര്‍എഫ് മുന്നോട്ട് വെക്കുന്നത്. താലിബാന്‍ ഇവ അംഗീകരിച്ചില്ലെങ്കില്‍ ദീര്‍ഘകാലമുള്ള മഹായുദ്ധം തന്നെ നേരിടേണ്ടി വരുമെന്ന് അലി മൈസം നസറി പറഞ്ഞു. എന്‍ആര്‍എഫിന്റെ വിദേശ ബന്ധ സെല്ലിന്റെ അധ്യക്ഷനുമാണ് നസ്റി. അഫ്ഗാനിലെ പ്രാദേശിക താലിബാന്‍ വിരുദ്ധ സേനകളെല്ലാം എന്‍ആര്‍എഫിനൊപ്പം ചേരുന്നുണ്ട്.
പല പ്രാദേശിക നേതാക്കളും അഫ്ഗാന്റെ ഉത്തര മേഖലയില്‍ നിന്ന് ഇവരെ തേടിയെത്തിയിരുന്നു.ഗറില്ലാ തന്ത്രം കൂടുതല്‍ ശക്തമായി നടപ്പാക്കാന്‍ ഇവരുടെ വരവ് എന്‍ആര്‍എഫിനെ സഹായിക്കും. ഇവര്‍ക്കെല്ലാം താലിബാനെ വീഴ്ത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. താലിബാന്‍ സൈന്യത്തിന് ഇപ്പോള്‍ താങ്ങാവുന്നതില്‍ അധികം കാര്യങ്ങളുണ്ട്.അവര്‍ക്ക് എല്ലായിടത്തും എത്താനാവില്ല.ഭൂരിപക്ഷത്തിന്റെ പിന്തുണ അവര്‍ക്കില്ലെന്നും അലി മൈസം നസറി പറഞ്ഞു.ഇതിനിടെ പാകിസ്താനുമായുള്ള ബന്ധം എങ്ങനെയാകണമെന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്‍ആര്‍എഫിനുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങളും പുറത്തു വന്നിരുന്നു.എന്നാല്‍, താലിബാനില്‍ നിന്ന് സ്വതന്ത്രമായി പഞ്ച്ഷീറിനെ നിലനിര്‍ത്തുകയെന്നതില്‍ ഭിന്നതയില്ല. പഷ്തൂണുകളുടേത് മാത്രമല്ല അഫ്ഗാന്‍ എന്ന് നസ്റി ചൂണ്ടിക്കാട്ടി. പ്രതീക്ഷയുടെ വെളിച്ചമാണ് പഞ്ച്ഷീര്‍ എന്നും അദ്ദേഹം പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.