താലിബാനെതിരെ ഉപരോധനീക്കവുമായി ജി-7 രാജ്യങ്ങള്‍; പിന്തുണയ്ക്കുമെന്ന് യുഎസ്

താലിബാനെതിരെ ഉപരോധനീക്കവുമായി ജി-7 രാജ്യങ്ങള്‍; പിന്തുണയ്ക്കുമെന്ന് യുഎസ്

ലണ്ടന്‍: താലിബാനെതിരെ ഉപരോധനീക്കവുമായി ജി-7 രാജ്യങ്ങള്‍. ചൊവ്വാഴ്ച നടക്കുന്ന ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ താലിബാനെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ സമ്മര്‍ദം ചെലുത്തും. സാമ്പത്തിക ഉപരോധത്തെ പിന്തുണയ്ക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് നിലവില്‍ ജി-7 ഗ്രൂപ്പിന്റെ അധ്യക്ഷന്‍. അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, കാനഡ എന്നിവരാണ് മറ്റ് അംഗരാജ്യങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് വെര്‍ച്വലായി സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. താലിബാന്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുകയും മേഖലയില്‍ ഭീകരപ്രവര്‍ത്തകര്‍ക്കു താവളം ഒരുക്കുകയും ചെയ്യുകയാണെങ്കില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്നുമാണ് ബ്രിട്ടന്‍ വ്യക്തമാക്കുന്നത്.

അതേസമയം അഫ്ഗാനില്‍ നിന്നുള്ള സുരക്ഷിതമായ ഒഴിപ്പിക്കല്‍ നടപടികള്‍ സുഗമമാക്കാന്‍ രാജ്യാന്തര സമൂഹം കൈകോര്‍ക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അഫ്ഗാന്‍ ജനത 20 വര്‍ഷം കൊണ്ടുണ്ടാക്കിയ നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. സേനാ പിന്മാറ്റം ഓഗസ്റ്റ് 31ന് അപ്പുറത്തേക്കു നീട്ടി ഒഴിപ്പിക്കല്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഡൈബനു മേല്‍ സമ്മര്‍ദം ചെലുത്താനും ബോറിസ് ജോണ്‍സണ്‍ ശ്രമിക്കുന്നുണ്ട്.

കാബൂള്‍ വിമാനത്താവളം നിയന്ത്രിക്കുന്ന അമേരിക്കന്‍ സൈന്യത്തിനു നേരെ താലിബാന്റെ ഭാഗത്തു നിന്ന് ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ബ്രിട്ടന്‍ മുന്നോട്ടുവയ്ക്കുന്ന ഉപരോധ നിലപാടിനെ അനുകൂലിക്കുന്നുവെന്നും ബൈഡന്‍ വ്യക്തമാക്കി. താലിബാന്‍ വിഷയത്തില്‍ ബോറിസ് ജോണ്‍സണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവര്‍ മാക്രോ, ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രാഗി എന്നിവരുമായി ബൈഡന്‍ ചര്‍ച്ച നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.