'കോണ്‍ഗ്രസിന്റെ അടിത്തട്ട് ദ്രവിച്ചു; പുതുക്കിപ്പണിയണം': മേഖലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട്

'കോണ്‍ഗ്രസിന്റെ അടിത്തട്ട് ദ്രവിച്ചു; പുതുക്കിപ്പണിയണം': മേഖലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അടിത്തട്ട് ദ്രവിച്ചിരിക്കുകയാണെന്നും താഴെത്തട്ടിലുള്ള സംഘടനാ ദൗര്‍ബല്യം പരിഹരിക്കണമെന്നും റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച അഞ്ച് മേഖലാസമിതികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കങ്ങള്‍ കാര്യമായി നടന്നില്ലെന്നും അഞ്ചുസമിതികളും കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ അസ്വാരസ്യങ്ങള്‍ പോലും പറഞ്ഞു തീര്‍ത്തില്ല. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നീണ്ടു. മുഴുവന്‍ സംഘാടന ചുമതലയും സ്ഥാനാര്‍ഥികളുടെ തലയിലായി. ഡി.സി.സി.യിലും മറ്റും നൂറില്‍പ്പരം ഭാരവാഹികളുണ്ടെങ്കിലും പകുതി പേര്‍ പോലും പ്രവര്‍ത്തന രംഗത്തുണ്ടായില്ല.

മാണിയുടെ നഷ്ടം ജോസഫ് നികത്തിയില്ല പാര്‍ട്ടിയെ എക്കാലത്തും പിന്തുണച്ചിരുന്ന ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളുടെ പിന്തുണയില്‍ വലിയ ചോര്‍ച്ചയുണ്ടായി. തിരുവനന്തപുരത്ത് നാടാര്‍ വിഭാഗത്തെ ഒ.ബി.സി.യില്‍ ഉള്‍പ്പെടുത്തിയത് നാലുമണ്ഡലങ്ങളിലെ ഫലത്തെ ബാധിച്ചു. മീന്‍പിടിത്തക്കരാര്‍ പ്രചാരണായുധമാക്കിയിട്ടും തീരദേശ മേഖലയില്‍ പ്രയോജനപ്പെട്ടില്ല. വയനാട്, മലപ്പുറം, കോഴിക്കോട് മേഖലയിലെ 46 സീറ്റില്‍ ഒറ്റ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിപോലും ഇല്ലാത്തതുതന്നെ സാമുദായിക സന്തുലനം പാലിച്ചില്ലെന്നതിന് തെളിവാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മധ്യതിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ കൊഴിഞ്ഞുപോക്ക് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കി. ജോസഫ് ഗ്രൂപ്പിനാകട്ടെ ചിലയിടത്തൊഴിച്ച് താഴെത്തട്ടില്‍ കമ്മിറ്റികള്‍ പോലുമില്ല. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഈ വിടവ് പ്രകടമായി. ഓര്‍ത്തഡോക്‌സ്-യാക്കോബായ പ്രശ്‌നത്തിന്റെ പേരില്‍ എല്‍.ഡി.എഫിന് രണ്ടുകൂട്ടരുടെയും പിന്തുണ കിട്ടി. പ്രബല മുസ്ലിംവിഭാഗങ്ങളുടെ പിന്തുണയിലും യു.ഡി.എഫിന് കുറവു വന്നു. മുതിര്‍ന്ന നേതാക്കള്‍ തോല്‍പ്പിക്കാനിറങ്ങി തുടങ്ങി പ്രവര്‍ത്തനത്തിലെ നിരവധി പാളിച്ചകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ മുമ്പ് എം.എല്‍.എ.മാരായിരുന്നവര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ വന്ന ചെറുപ്പക്കാരെ തോല്‍പ്പിക്കാനിറങ്ങിയത് തിരിച്ചടിയായി. പുതുമുഖങ്ങള്‍ക്ക് സീറ്റുകിട്ടുന്നതിനെതിരേ സജീവമായി അവര്‍ ഇടപെട്ടു. അവരെ അനുനയിപ്പിക്കാന്‍ നേതൃതല ഇടപെടലുണ്ടായില്ല. കോണ്‍ഗ്രസ് തോറ്റ മിക്ക മണ്ഡലത്തിലും മുതിര്‍ന്ന നേതാക്കളുടെ നിസ്സഹകരണം പ്രതിഫലിച്ചു. കെ.പി.സി.സി ഭാരവാഹികളടക്കം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരേ പ്രവര്‍ത്തിച്ചു. സ്ഥാനാര്‍ഥികളുടെ പരാതികളായാണ് ഇവ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം വീഴ്ചകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കിലും അവരെ താക്കീതു ചെയ്യുകയെങ്കിലും വേണമെന്ന് നിര്‍ദേശമുണ്ട്.

കെ.എ.ചന്ദ്രന്‍, കെ.മോഹന്‍കുമാര്‍, പി.ജെ.ജോയ്, വി.സി.കബീര്‍, കുര്യന്‍ ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ച് മേഖലാസമിതികളാണ് പഠനം നടത്തിയത്. ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ക്രോഡീകരിക്കാന്‍ പരിശോധനസമിതിയെ നിയോഗിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.