2036, 2040 ഒളിമ്പിക്സുകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ താല്‍പര്യമറിയിച്ച് ഇന്ത്യ

2036, 2040 ഒളിമ്പിക്സുകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ താല്‍പര്യമറിയിച്ച് ഇന്ത്യ

ടോക്യോ: 2036ലേയും 2040ലേയും ഒളിമ്പിക്‌സുകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യക്ക് താത്പര്യമുണ്ടെന്ന് രാജ്യാന്തര ഒളിമ്പിക്‌സ് കൗണ്‍സില്‍ പ്രസിഡന്റ് തോമസ് ബാക്ക്. ഒളിമ്പിക്‌സിനു വേദിയൊരുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കൊപ്പം ഇന്‍ഡോനേഷ്യ, ജര്‍മ്മനി, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് 2036-2040 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ മത്സരിക്കുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് മെഹ്ത ഇക്കാര്യം സ്ഥിരീകരിച്ചു. 2032 ഒളിമ്പിക്‌സിന് ഓസ്‌ട്രേലിയന്‍ പട്ടണമായ ബ്രിസ്‌ബേന്‍ ആതിഥേയത്വം വഹിക്കും.

അതേസമയം, ടോക്യോ പാരാലിമ്പിക്‌സിന് വര്‍ണാഭമായ തുടക്കമായിരുന്നു. ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോ പാരാലിമ്പിക്‌സ് ഉദ്ഘാടനം ചെയ്തു. ടോക്യോയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. എന്നാല്‍ ചടങ്ങുകള്‍ കാണാന്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. കൊവിഡ് രോഗബാധ കാരണം ഏതാണ്ടെല്ലാ മത്സരങ്ങളും കാണികളില്ലാതെയാണ് നടക്കുക.

3,400 ഓളം പാരാലിമ്പ്യന്‍സ് ആണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. കോവിഡ് ആയതിനാല്‍ ഒളിമ്പിക്‌സ് പോലെ പാരാലിമ്പിക്‌സിലും സംഘാംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്ന് കായിക മാമാങ്കത്തില്‍ നിന്ന് പിന്മാറിയ അഫ്ഗാനിസ്ഥാന് പിന്തുണ അര്‍പ്പിച്ച് ഒരു വാളണ്ടിയര്‍ അഫ്ഗാന്‍ പതാകയുമായി മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തു.

54 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുക. ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ആര്‍ച്ചറി, അത്‌ലറ്റിക്സ് (ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്), ബാഡ്മിന്റണ്‍, നീന്തല്‍, ഭാരോദ്വഹനം തുടങ്ങി 9 ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുക. ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ അഞ്ചു കായികതാരങ്ങളടക്കം 11 പേരാണ് അണിനിരക്കുക. ഇന്ത്യന്‍ ടീമിലെ ഏക മലയാളി സിദ്ധാര്‍ഥ ബാബു ഷൂട്ടിങ്ങില്‍ മത്സരിക്കും.

ഷോട്ട് പുട്ട് താരം ടേക് ചന്ദ് ആണ് ഇന്ത്യന്‍ സംഘത്തിന്റെ പതാകവാഹകനായത്. നേരത്തെ നിശ്ചയിച്ചിരുന്ന മാരിയപ്പന്‍ തങ്കവേലു ക്വാറന്റീനില്‍ ആയതിനാലാണ് ചന്ദിനെ പതാക ഏല്പിച്ചിരിക്കുന്നത്. മാരിയപ്പനൊപ്പം മറ്റ് അഞ്ച് അത്ലീറ്റുകള്‍ കൂടി ക്വാറന്റീനിലാണ്. ഒളിമ്പിക്‌സില്‍ പങ്കെടുക്കാനായി ഇവര്‍ എത്തിയ വിമാനത്തില്‍ കോവിഡ് ബാധിതനുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് താരങ്ങളെ ക്വാറന്റീനിലാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.