ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; ന്യൂ സൗത്ത് വെയില്‍സില്‍ ഇന്ന് 919 പുതിയ കേസുകള്‍; വിക്ടോറിയയില്‍ വിദേശ മെഡിക്കല്‍ സംഘം എത്തും

ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; ന്യൂ സൗത്ത് വെയില്‍സില്‍ ഇന്ന് 919 പുതിയ കേസുകള്‍; വിക്ടോറിയയില്‍ വിദേശ മെഡിക്കല്‍ സംഘം എത്തും

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഇന്ന് 919 എന്ന പുതിയ റെക്കോര്‍ഡിലേക്കു കടന്നു. വിക്ടോറിയ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ വിദേശത്തുനിന്ന് 350 ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടുവരാനും തീരുമാനമായി.

919 പുതിയ കേസുകളാണ് ന്യൂ സൗത്ത് വെയില്‍സില്‍ ഇന്ന് രാവിലെ എട്ട് മണി വരെയുള്ള 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത്. കോവിഡ് ആരംഭിച്ച ശേഷം ഓസ്ട്രേലിയയില്‍ സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന സംഖ്യയാണിത്. സംസ്ഥാനത്ത് രണ്ട് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. 30 വയസുള്ള സ്ത്രീയും 80 വയസുള്ള പുരുഷനുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ വാക്‌സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന്‍ പറഞ്ഞു.

16-39 പ്രായക്കാര്‍ക്കിടയില്‍ പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കിയാല്‍ മാത്രമേ കോവിഡ് വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയൂ എന്ന് ന്യൂ സൗത്ത് വെയില്‍സ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചന്ദ് പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 537 പേര്‍ക്ക് പോലീസ് പിഴ ചുമത്തി. പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകും.

വിക്ടോറിയയില്‍ 45 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. കേസുകളില്‍ ഭൂരിഭാഗവും പ്രാദേശികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ്.

കോവിഡിനെതുടര്‍ന്നുള്ള ആശുപത്രി കേസുകള്‍ വര്‍ധിക്കുന്നത് മുന്‍നിര്‍ത്തിയും പകച്ചവ്യാധിയുടെ അടുത്ത ഘട്ടത്തെ പ്രതിരോധിക്കുന്നതിനും വിദേശത്തുനിന്നും 350 മെഡിക്കല്‍ സ്റ്റാഫുകളെ വിക്ടോറിയയിലേക്ക് കൊണ്ടുവരാന്‍ തീരുമാനമായി. സംസ്ഥാനത്ത് ആരോഗ്യരംഗത്ത് നിലവിലുള്ള ജീവനക്കാര്‍ കോവിഡ് പ്രതിരോധത്തിന് അപര്യാപ്തമെന്ന നിഗമനത്തിലാണ് പുതിയ തീരുമാനം. ഒക്ടോബറോടെ സംസ്ഥാനത്തുടനീളമുള്ള 30 ആരോഗ്യ സേവന കേന്ദ്രങ്ങളില്‍ വിദേശത്തുനിന്നുള്ള മെഡിക്കല്‍ സംഘം പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

പകര്‍ച്ചവ്യാധി വിക്‌ടോറിയയുടെ ആരോഗ്യമേഖലയില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നിരവധി ആശുപത്രി ജീവനക്കാര്‍ ക്വാറന്റീനിലും നിര്‍ബന്ധിത അവധിയിലുമാണ്. അതിനാല്‍ വിദേശത്തുനിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരെ ആശ്രയിക്കാതെ മറ്റു പോംവഴിയില്ലെന്ന അവസ്ഥയാണ്. വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നവരില്‍ തൊണ്ണൂറു ശതമാനവും ഡോക്ടര്‍മാരായിരിക്കും. ബാക്കിയുള്ളവര്‍ സ്‌പെഷ്യലിസ്റ്റ് നഴ്‌സുമാരും മിഡ് വൈഫുകളും ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.