കാഷ്മീര്‍ പിടിച്ചടക്കാന്‍ താലിബാന്‍ പിന്തുണ വാഗ്ദാനം ചെയ്തതായി പാക് മന്ത്രി

കാഷ്മീര്‍  പിടിച്ചടക്കാന്‍ താലിബാന്‍ പിന്തുണ വാഗ്ദാനം ചെയ്തതായി പാക് മന്ത്രി


ഇസ്ലാമാബാദ് : കാഷ്്മീര്‍ പിടിച്ചെടുക്കാന്‍ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് താലിബാന്‍ ഉറപ്പുനല്‍കിയിട്ടുള്ളതായി പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്താനിലെ തെഹ്രീക് ഇ ഇന്‍സാഫ് നേതാവു കൂടിയായ മന്ത്രി നീലം ഇര്‍ഷാദ് ഷെയ്ഖ് പാക്-താലിബാന്‍ കൂട്ടുകെട്ടിന്റെ നിര്‍ണായക വിവരങ്ങള്‍ പരസ്യമാക്കിയത്.

കാഷ്്മീരിലെ അധിനിവേശത്തിന് വേണ്ടി താലിബാന്‍ എല്ലാ സഹായവും പാകിസ്താന് നല്‍കുമെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട് എന്നാണ് മന്ത്രി പറഞ്ഞത്.അതേസമയം, ഇത് വിവാദമാകുമെന്ന് മനസിലായതോടെ പരിപാടിയിലെ അവതാരകന്‍ മന്ത്രിക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.' ഈ പരിപാടി ഇന്ത്യ ഉള്‍പ്പെടെ ലോകം മുഴുവനുമുള്ള ജനങ്ങള്‍ കാണുന്നതാ'ണെന്ന് അവതാരകന്‍ അറിയിച്ചെങ്കിലും നീലം ഇര്‍ഷാദ് ഷെയ്ഖ് അത് കാര്യമാക്കിയില്ല.

താലിബാന്‍ ഭീകരര്‍ക്ക് വേണ്ട സഹായം എത്തിച്ചുനല്‍കുന്നത് പാകിസ്താന്‍ ആണെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ ഫണ്ടും മെഡിക്കല്‍ സൗകര്യങ്ങളും കൂടാതെ താലിബാന് വേണ്ടി ആക്രമണങ്ങള്‍ നടത്താന്‍ ഭീകരരെയും നല്‍കുന്നത് പാകിസ്താന്‍ ആണെന്നാണ് അഫ്ഗാന്‍ നേതാക്കള്‍ പറഞ്ഞത്. ലോകരാജ്യങ്ങളും ഈ ആരോപണങ്ങള്‍ ശരിവെച്ചു. എന്നാല്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഈ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചിരുന്നു.

താലിബാന്‍-പാക്-ചൈന ബന്ധം നേരത്തെ തന്നെ, പരസ്യമായതോടെ ഇന്ത്യയും അതീവ ജാഗ്രതയിലാണ്. മുന്‍പ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സമയത്ത് യുദ്ധസമാനമായ സാഹചര്യമാണ് കശ്മീരിലുണ്ടായിരുന്നത്. സംസ്ഥാനത്ത് പലയിടത്തും തീവ്രവാദികള്‍ അക്രമം അഴിച്ചു വിടാനുള്ള ശ്രമങ്ങളും നടത്തി. ഇക്കാലത്ത കാഷ്മീരിനെ സ്വതന്ത്രമാക്കണമെന്നും അല്ലാത്തപക്ഷം പാകിസ്ഥാന്റെ കൂടെ ചേര്‍ന്ന് ഇന്ത്യയെ ആക്രമിച്ച് കഷ്മീരിനെ കീഴടക്കുമെന്നും ആഹ്വാനം ചെയ്യുന്ന താലിബാന്‍ അംഗങ്ങളുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് അഫ്ഗാന്‍ കീഴടക്കിയ താലിബാന്റെ അടുത്ത ലക്ഷ്യം കശ്മീര്‍ ആകുമോയെന്ന സംശയം ഉയര്‍ന്നത്.

എന്നാല്‍ കാഷ്മീര്‍ ഒരു ആഭ്യന്തര പ്രശ്‌നമാണെന്നും അതില്‍ തങ്ങള്‍ തലയിടുകയില്ലെന്നും താലിബാന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പ്രശ്‌നത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നമായി താലിബാന്‍ വിശേഷിപ്പിക്കുയും ചെയ്തു. കാഷ്മീര്‍ തങ്ങളുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നമാണെന്നുമാണ്് ഭീകര സംഘം പറഞ്ഞത്. എന്നിരുന്നാലും, പാകിസ്ഥാനില്‍ അഭയം പ്രാപിച്ച ലഷ്‌കര്‍-ഇ-തൊയ്ബ, തെഹ്രീക്-ഇ-താലിബാന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് അഫ്ഗാനിസ്ഥാനിലും സാന്നിധ്യമുണ്ട്. കാബൂളിലെ ചില പ്രദേശങ്ങളില്‍ അവരുടെ ചെക്ക് പോസ്റ്റുകളും താലിബാന്റെ സഹായത്തോടെയാണ് ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.