സ്റ്റാലിന്റെ ഭരണകാലത്ത് വധിക്കപ്പെട്ട ആയിരങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

സ്റ്റാലിന്റെ ഭരണകാലത്ത് വധിക്കപ്പെട്ട ആയിരങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

കീവ്: ജോസഫ് സ്റ്റാലിന്റെ ഭരണകാലത്തു വധിക്കപ്പെട്ടവരുടേതെന്നു കരുതുന്ന ആയിരക്കണക്കിന് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. സോവിയറ്റ് യൂണിയന്റെ ഭാഗവും പിന്നീടു സ്വതന്ത്രരാജ്യവുമായ യുക്രെയ്‌നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിനു സമീപമാണ് 1937-39 കാലത്തു കൊല്ലപ്പെട്ടെന്നു കരുതുന്ന 5000 മുതല്‍ 8000 വരെ ആളുകളുടെ അസ്ഥികള്‍ കണ്ടെത്തിയത്. യുക്രെയ്‌നില്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ കൂട്ട ശ്മശാനങ്ങളിലൊന്നാണിത്.

വിമാനത്താവള വികസനത്തിനു മണ്ണു നീക്കിയപ്പോഴാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്. ഖനനം തുടരുന്നതിനാല്‍ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മുന്‍പും ഈ ഭാഗത്ത് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തിരുന്നു. സോവിയറ്റ് യൂണിയന്റെ രഹസ്യ പൊലീസ് വിഭാഗം കൊന്നൊടുക്കിയവരുടേതാണ് അസ്ഥികൂടങ്ങളെന്നു കരുതുന്നതായി യുക്രെയ്ന്‍ നാഷനല്‍ മെമറി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാദേശിക മേധാവി സെര്‍ഗി ഗുട്‌സാല്യുക് പറഞ്ഞു. കമ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന സ്റ്റാലിന്റെ കാലത്ത് ഏറെ കുപ്രസിദ്ധി നേടിയ സേനാവിഭാഗമാണ് എന്‍കെവിഡി എന്ന രഹസ്യ പൊലീസ്.

1924 മുതല്‍ 1953 വരെ സോവിയറ്റ് ഭരണാധികാരിയായിരുന്ന സ്റ്റാലിന്‍, ഗുലാഗ് എന്നറിയപ്പെട്ട ലേബര്‍ ക്യാംപുകളിലും അല്ലാതെയുമായി 15 ലക്ഷത്തിലേറെപ്പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ വലിയൊരു വിഭാഗം യുക്രെയ്‌നി വംശജരാണ്. 1932-33 ലെ വന്‍ ക്ഷാമകാലത്തു ദശലക്ഷക്കണക്കിനു യുക്രെയ്ന്‍കാര്‍ മരിച്ചതും സ്റ്റാലിന്‍ നടത്തിയ വംശഹത്യയായാണ് കണക്കാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.