കാബൂള്‍: കാബൂളില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂര മര്‍ദ്ദനമേറ്റു. അഫ്ഗാനിലെ ടോളോ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ സിയാര്‍ യാദിനെയാണ് മര്‍ദ്ദിച്ചത്.റിപ്പോര്‍ട്ടിങ്ങിനിടെ തന്നെ അക്രമിച്ച താലിബാന്‍ ഭീകരര്‍ ക്യാമറയും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്ത് കൊണ്ടുപോയെന്നും ഇതോടെ താന്‍ മരിച്ചെന്ന തെറ്റായ വാര്‍ത്ത പ്രചരിച്ചെന്നും സിയാര്‍ അറിയിച്ചു.
അഫ്ഗാനിലെ പട്ടിണി, തൊഴിലില്ലായ്മ എന്നിവയെ കുറിച്ചുള്ള സിയാര്‍ യാദിന്റെ റിപ്പോര്‍ട്ടുകളാണ് താലിബാനെ പ്രകോപിപ്പിച്ചത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കെയായിരുന്നു മര്‍ദ്ദനം.കാബൂളിലെ ന്യൂസിറ്റിയില്‍ തോക്കിന് മുന്നില്‍ നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നും, മരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സിയാര്‍ യാദ് ട്വിറ്ററില്‍ കുറിച്ചു.
സിയാറിന്റെ ക്യാമറാമാനും ഗുരുതരമായി പരിക്കേറ്റു. സിയാര്‍ യാദിനെ ഭീകരര്‍ കൊലപ്പെടുത്തിയതായി ആദ്യം അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്താനിലെ ആദ്യ സ്വതന്ത്ര വാര്‍ത്താ ചാനലായ ടോളോ ന്യൂസും അവരുടെ റിപ്പോര്‍ട്ടറായ സിയാര്‍ യാദ് ഖാന്റെ മരണവാര്‍ത്ത 'സ്ഥിരീകരിച്ചിരുന്നു'. ഇതിന് പിന്നാലെയാണ് താന്‍ മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും, മര്‍ദ്ദനമേല്‍ക്കുകയാണുണ്ടായതെന്നും വെളിപ്പെടുത്തി റിപ്പോര്‍ട്ടര്‍ തന്നെ രംഗത്ത് എത്തിയത്.
ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റും പുലിറ്റ്‌സര്‍ സമ്മാനജേതാവുമായ ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ ജൂലൈയില്‍ കൊലപ്പെടുത്തിയതിന്റെ ഓര്‍മ്മയിലാണ് സിയാര്‍ യാദിന്റെ 'മരണ വാര്‍ത്ത ' പെട്ടെന്നു പ്രചരിച്ചത്.കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.പക്ഷേ, സിദ്ദിഖിയെ തെരഞ്ഞുപിടിച്ച ശേഷം താലിബാന്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നതിന്റെ വിവരങ്ങള്‍ പിന്നീട് പുറത്തുവന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.