മാജിക് കൂണുകള്‍ വിഷാദ രോഗത്തിന് അത്ഭുത മരുന്നാകുമോ ? ഗവേഷണവുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍

മാജിക് കൂണുകള്‍ വിഷാദ രോഗത്തിന് അത്ഭുത മരുന്നാകുമോ ? ഗവേഷണവുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന തദ്ദേശീയ മാജിക് കൂണുകള്‍ മാനസികാരോഗ്യ ചികിത്സയില്‍ ഉപയോഗപ്പെടുത്താനുള്ള ദൗത്യവുമായി ബ്രിസ്ബനിലെ ഗവേഷകര്‍. തീവ്രമായ വിഷാദം, മദ്യാസക്തി, മയക്കുമരുന്നിനോടുള്ള അടിമത്തം, ദീര്‍ഘകാല മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി മാജിക് കൂണുകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. ഇത്തരം കൂണുകള്‍ ശേഖരിക്കാനുള്ള നിയമപരമായ അനുമതി ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ക്കു ലഭിച്ചിരിക്കുകയാണ്.

പശുവിന്റെ ചാണകത്തിലും മണ്ണില്‍ വീണുകിടക്കുന്ന നനവുള്ള ഇലകളിലും പൊട്ടിമുളയ്ക്കുന്ന ഇത്തരം കൂണുകള്‍ ശേഖരിച്ച് ഇവയുടെ ഔഷധഗുണങ്ങളെക്കുറിച്ചും ചികിത്സാ സാധ്യതകളെക്കുറിച്ചും പഠിക്കുമെന്ന് ക്യൂന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മൈക്കോളജിസ്റ്റും പരിണാമ ജീവശാസ്ത്രജ്ഞനുമായ ഡോ. അലിസ്റ്റര്‍ മക് ടാഗാര്‍ട്ട് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഇതാദ്യമായാണ് ഇത്തരം മാജിക് കൂണുകള്‍ ശേഖരിക്കാന്‍ നിയമപരമായ അനുമതി സര്‍ക്കാര്‍ ഗവേഷകര്‍ക്കു നല്‍കുന്നത്.

ഓസ്‌ട്രേലിയയില്‍, മാജിക് കൂണുകള്‍ കൃഷി ചെയ്യുകയോ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.

ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ 15 ദശലക്ഷം ഡോളറാണ് ഗ്രാന്റായി അനുവദിച്ചിരിക്കുന്നത്. വിഷാദ രോഗങ്ങള്‍, ആസക്തി, ഭക്ഷണ ക്രമക്കേടുകള്‍ എന്നിവ പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ കൂണുകള്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചാണ് പഠനം.

മാനസികാരോഗ്യ ചികിത്സയ്ക്കുള്ള പുതുസാധ്യതകള്‍ തേടാനുള്ള മികച്ച സമയമാണ് ഈ കോവിഡ് കാലയളവെന്ന് ഡോ. അലിസ്റ്റര്‍ പറഞ്ഞു. മാജിക് മഷ്‌റൂമില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന സൈലോസിബിന്‍ എന്ന രാസവസ്തുവിനെ കേന്ദ്രീകരിച്ചാണ് പഠനം. ആഗോളതലത്തില്‍, 200 ഇനം കൂണുകളില്‍ സൈലോസിബിന്‍ അടങ്ങിയിട്ടുണ്ട്. മയക്കുമരുന്നായ എല്‍.എസ്.ഡിക്ക് സമാനമായി ഉന്മാദാവസ്ഥ സൃഷ്ടിക്കുന്നതാണ് സൈലോസിബിന്‍.



അതേസമയം ഓസ്‌ട്രേലിയയിലുള്ള ഇത്തരം 20-30 ഇനം തദ്ദേശീയ മാജിക് കൂണുകളെക്കുറിച്ച് വളരെക്കുറച്ച് പഠനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. ഇത്തരം കൂണുകള്‍ ഭക്ഷ്യയോഗ്യമാണോ വിഷമയമാണോ ചികിത്സാ സാധ്യതകള്‍ എന്തൊക്കെ എന്നിവ സംബന്ധിച്ച് ഡോ. അലിസ്റ്ററിന്റെ നേതൃത്വത്തിലുള്ള സംഘം ഗവേഷണം നടത്തും. കൂണുകളിലെ ഡി.എന്‍.എയും മനുഷ്യ മനസിനെയും തലച്ചോറിനെയും ഉത്തേജിപ്പിക്കുന്ന അവയുടെ സ്വഭാവ സവിശേഷതകളും പഠനവിധേയമാക്കും. മാനസികാരോഗ്യ ചികിത്സയില്‍ മികച്ച അടിത്തറ നല്‍കാന്‍ ഗവേഷണത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂണില്‍ അടങ്ങിയിട്ടുള്ള സൈലോസിബിന്‍ വിഷാദരോഗത്തിന് അടക്കം ചികിത്സിക്കാനുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഉടനെ ആരംഭിക്കുമെന്ന് എഡിത്ത് കോവാന്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് സൈക്കോളജിസ്റ്റ് ഡോ. സ്റ്റീഫന്‍ ബ്രൈറ്റ് പറഞ്ഞു. ആഗോള തലത്തിലുള്ള മാനസികാരോഗ്യ ചികിത്സയ്ക്ക് വലിയ മുന്നേറ്റം നല്‍കാന്‍ ഓസ്‌ട്രേലിയയിലെ തദ്ദേശീയ സൈലോസിബിന്‍ കൂണുകളെ ഉപയോഗപ്പെടുത്താനാവുമെന്ന് പ്രതീക്ഷയെന്ന് ഡോ. ബ്രൈറ്റ് പറഞ്ഞു.

ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ സൈക്കഡെലിക് ആന്‍ഡ് കോണ്‍ഷ്യസ്‌നസ് റിസര്‍ച്ചിന്റെ സമീപകാല പരീക്ഷണങ്ങള്‍ സൈലോസിബിന്റെ ചികിത്സാ സാധ്യതകള്‍ പുറത്തുകൊണ്ടുവന്നിരുന്നു.

അതേസമയം, വിഷമയമായ കൂണുകളെ മാജിക് കൂണ്‍ എന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ടെന്നും വിഷാദത്തിനോ ഉത്കണ്ഠയ്ക്കോ സ്വയം ചികിത്സയ്ക്കായി ഇത് ഉപയോഗിക്കുന്നത് രോഗികളെ ദോഷകരമായി ബാധിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇപ്പോള്‍ യൂറോപ്പിലും അമേരിക്കയിലും അടക്കം വിവിധയിനം മാജിക് കൂണുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഗവേഷണം നടക്കുന്നുണ്ട്. വിഷാദത്തിന് കാരണമാകുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളെ പുനഃക്രമീകരിക്കാന്‍ മാജിക് മഷ്‌റൂം ചികില്‍സയിലൂടെ സാധിച്ചതായും ലണ്ടനില്‍ നടന്ന പഠനങ്ങളില്‍ വ്യക്തമായിരുന്നു.

അതേസമയം, മാജിക്ക് മഷ്‌റൂം മയക്കുമരുന്നായും ഉപയോഗിക്കുന്നവരുണ്ട്. കഞ്ചാവിനേക്കാള്‍ ലഹരി നല്‍കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26