തുമ്പയില്‍ ട്രൈ സോണിക് വിന്‍ഡ് ടണല്‍ സ്ഥാപിക്കുന്നു; റോക്കറ്റ് നിര്‍മ്മാണത്തിന് ഇനി അതിവേഗം

തുമ്പയില്‍ ട്രൈ സോണിക് വിന്‍ഡ് ടണല്‍ സ്ഥാപിക്കുന്നു;  റോക്കറ്റ് നിര്‍മ്മാണത്തിന് ഇനി അതിവേഗം

തിരുവനന്തപുരം: തുമ്പയില്‍ വി.എസ്.എസ്.സിയില്‍ അത്യാധുനിക ട്രൈ സോണിക് വിന്‍ഡ് ടണല്‍ സ്ഥാപിക്കുന്നു. റോക്കറ്റ് നിര്‍മ്മാണത്തിന്റെ വേഗംകൂട്ടാനാണ് ഈ അത്യാധുനിക സംവിധാനം സ്ഥാപിക്കുന്നത്. 2022 ഫെബ്രുവരിയോടെ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങും.

കോവിഡ് മഹാമാരിയിൽ നഷ്ടപ്പെട്ട രണ്ടുവര്‍ഷങ്ങളില്‍ നടക്കേണ്ടിയിരുന്ന വിക്ഷേപണങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇത് നിര്‍മ്മിക്കാനുള്ള ഉപകരണങ്ങൾ കഴിഞ്ഞദിവസം കൊല്ലത്തുനിന്ന് എത്തിച്ചിരുന്നു. പൂനെയിലെ ടാറ്റാ പ്രോജക്‌ട് ലിമിറ്റഡില്‍ നിന്ന് കപ്പല്‍മാര്‍ഗം കൊല്ലത്ത് എത്തിച്ച ശേഷമാണ് ദിവസങ്ങളെടുത്ത് ഇവിടേക്ക് കൊണ്ടുവന്നത്. പി.എസ്.എല്‍.വി, ജി.എസ്.എല്‍.വി റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നത് ഐ.എസ്.ആര്‍.ഒയുടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ തുമ്പ വി.എസ്.എസ്.സിയിലാണ്.

റോക്കറ്റുകള്‍ ദൗത്യം കൃത്യതയോടെ നിറവേറ്റുന്നതിന് അവയുടെ നിര്‍മ്മാണഘട്ടത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തണം. ബംഗളൂരു, തമിഴ്നാട്ടിലെ മഹേന്ദ്രഗിരി എന്നിവിടങ്ങളിലാണ് പരീക്ഷണം. അതിനായി റോക്കറ്റ് ഭാഗങ്ങള്‍ തിരുവനന്തപുരത്തുനിന്ന് ഇവിടങ്ങളിലെത്തിക്കണം.

എന്തെങ്കിലും തകരാര്‍ കണ്ടാല്‍ അത് ചെറുതാണെങ്കില്‍ അവിടങ്ങളില്‍തന്നെ പരിഹരിക്കും. വലുതാണെങ്കില്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്തെത്തിക്കണം. തുടര്‍ന്ന് വീണ്ടും ബംഗളൂരുവിലെത്തിച്ച്‌ ടെസ്റ്റ് പൂര്‍ത്തിയാക്കി വിക്ഷേപണത്തിന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ എത്തിക്കണം. ഇതിന് ഏറെസമയം വേണ്ടിവരും. ഇത് പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് അത്യാധുനിക സാമഗ്രികള്‍ തുമ്പയില്‍ സ്ഥാപിക്കുന്നത്. ഇതിലൂടെ പരമാവധി പരീക്ഷണങ്ങള്‍ ഇവിടെത്തന്നെ നടത്താനാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.