താലിബാന്‍ പരിഗണിക്കുന്നത് ഇറാനിലെ ഭരണ മാതൃക; സര്‍ക്കാര്‍ വൈകില്ലെന്ന് സൂചന

താലിബാന്‍ പരിഗണിക്കുന്നത് ഇറാനിലെ ഭരണ മാതൃക; സര്‍ക്കാര്‍ വൈകില്ലെന്ന് സൂചന


കാബൂള്‍/ ന്യൂഡല്‍ഹി: അഫ്ഗാനിലെ രാഷ്ട്രീയ ഭരണ സംവിധാനം ഇറാനിയന്‍ മാതൃകയില്‍ ഏര്‍പ്പെടുത്താന്‍ താലിബാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സാദയുടെ കീഴിലായിരിക്കും ഭരണ കൗണ്‍സില്‍ രൂപീകരിക്കുക.അതേസമയം ഭരണനിര്‍വഹണം പൂര്‍ണമായും താലിബാന്‍ നിശ്ചയിക്കുന്ന പ്രധാനമന്ത്രിയുടെ കൈകളിലാകും. കാണ്ഡഹാറില്‍ താലിബാന്‍ ഉന്നതരുമായി നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം തീരുമാനമാകുമെന്നാണ് വിവരം.

ഒരാഴ്ചക്കുള്ളില്‍ പുതിയ താലിബാന്‍ സര്‍ക്കാരിന്റെ ഔദ്യാഗിക പ്രഖ്യാപനവും ഉണ്ടായേക്കും.അമേരിക്കന്‍ സൈന്യം പൂര്‍ണമായി പിന്മാറിയതോടെയാണ് 20 വര്‍ഷത്തെ ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് താലിബാന്‍ അഫ്ഗാന്‍ ഭരണം പൂര്‍ണമായും പിടിച്ചെടുത്തത്. കാബൂള്‍ വിമാനത്താവളത്തിന്റെ കൂടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെയാണ് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയെന്ന പ്രഖ്യാപനം താലിബാന്‍ നടത്തിയത്. അഫ്ഗാന്റെ പരമ്പരാഗത തലസ്ഥാനമെന്ന നിലയില്‍ കാണ്ഡഹാറില്‍ തന്നെയായിരിക്കും ഭീകരരുടെ നേതാവായ ഹിബത്തുള്ള അഖുന്‍സാദ തുടരുകയെന്ന സൂചനയും താലിബാന്‍ നല്‍കുന്നുണ്ട്.

ഭരണ കൗണ്‍സിലില്‍ 72 അംഗങ്ങളെ വരെ ഉള്‍പ്പെടുത്തിയേക്കാം.മന്ത്രിമാരുടെ പ്രവര്‍ത്തനവും പ്രധാനമന്ത്രിയുടെ കീഴിലാകും. അബ്ദുള്‍ ഗാനി ബരാദര്‍, മകന്‍ മുല്ല ഒമര്‍ എന്നിവരിലൊരാള്‍ പ്രധാനമന്ത്രി പദത്തിലെത്തുമെന്നാണ് സൂചന. 1996ല്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ഓഫ് അഫ്ഗാനിസ്താന്‍ സ്ഥാപിച്ചയാളാണ് മുല്ല ഒമര്‍. അഫ്ഗാന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് ദൗത് ഖാനിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച രാജ്യത്തെ 1964/65 ഭരണഘടനയെ പുനര്‍നിര്‍മിക്കാനുള്ള താലിബാന്‍ നീക്കവും ശക്തമാകുന്നുണ്ട്.

പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി അഫ്ഗാനിലെ കാണ്ഡഹാര്‍ പ്രവിശ്യയില്‍ യോഗം ചേരാന്‍ താലിബാന്‍ നേതാക്കള്‍ തീരുമാനിച്ച വിവരം പുറത്തുവന്നു.അമേരിക്കന്‍ സൈന്യം പൂര്‍ണമായും രാജ്യം വിടാതെ പുതിയ സര്‍ക്കാരിനുള്ള ചര്‍ച്ചകള്‍ നടത്തില്ലെന്നു താലിബാന്‍ വ്യക്തമാക്കിയിരുന്നു.പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നതിന് പുറമെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും കൂടിയാണ് യോഗം ചേരുന്നത്. തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കുന്ന കൂടിക്കാഴ്ചയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.

ഇസ്ലാമിക് എമിറേറ്റ്സിന്റെ പരമോന്നത നേതാവായ ഷെയ്ക്ക് അല്‍-ഹദിത്ത് ഹിബഉള്ളയുടെ നേതൃത്വത്തിലാകും മൂന്ന് ദിവസത്തെ യോഗം നടക്കുക. ചര്‍ച്ചയില്‍ അഫ്ഗാനിലെ നിലവിലെ രാഷ്ട്രീയ, സുരക്ഷ, സാമൂഹിക സാഹചര്യങ്ങള്‍ ചര്‍ച്ചയാക്കുമെന്ന് സബിഹുള്ള ട്വീറ്റ് ചെയ്തു. പുതിയ ഭരണകൂടത്തിന് കീഴില്‍ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ജീവിത സാഹചര്യങ്ങളും മറ്റ് സൗകര്യങ്ങളും നല്‍കുമെന്നും ട്വീറ്റില്‍ പറയുന്നു. താലിബാന്റെ പ്രധാന നേതാക്കളാകും ആദ്യഘട്ട കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത്. അവസാന ദിവസം ഷെയ്ക്ക് അല്‍-ഹദിത്ത് ഹിബഉള്ള കൗണ്‍സിലിലെ മറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്യുമെന്നും, ഓരോരുത്തരുടേയും ചുമതലകള്‍ വിശദീകരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.