കാന്‍ബറ: കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ അലംഭാവത്തിലും ഭൂരിപക്ഷം ഓസ്‌ട്രേലിയന്‍ യുവജനങ്ങളും നിരാശരും ആശങ്കാകുലരുമാണെന്നു സര്‍വേ. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടല്‍ ഓസ്‌ട്രേലിയയിലെ യുവസമൂഹം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഭരണനേതൃത്വം എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന വിശ്വാസം അവര്‍ക്കു നഷ്ടപ്പെട്ടതായും സര്‍വേ സൂചിപ്പിക്കുന്നു.
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ സംരംഭമായ ഫൗണ്ടേഷന്‍സ് ഫോര്‍ ടുമോറോ ആണ് യുവാക്കളുടെ പരിസ്ഥിതി സംബന്ധമായ പ്രതികരണങ്ങള്‍ തേടി സര്‍വേ നടത്തിയത്. 30 വയസില്‍ താഴെയുള്ള ഓസ്ട്രേലിയന്‍ പൗരന്മാരില്‍നിന്ന് 10,000-ലധികം പ്രതികരണങ്ങളാണു ലഭിച്ചത്.
ഇതില്‍ 5,743 പ്രതികരണങ്ങള്‍ സര്‍വേയിലൂടെയും 5,222 പേരുടെ അഭിപ്രായങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയുമാണ് ലഭിച്ചത്. വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന വ്യത്യസ്ത മേഖലകളിലുള്ള ചെറുപ്പക്കാര്‍ സര്‍വേയുടെ ഭാഗമായി.
കാലാവസ്ഥാ വ്യതിയാനത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒട്ടും താല്‍പര്യം കാണിക്കുന്നില്ലെന്ന് പ്രതികരിച്ചവരില്‍ 93% പേരും അഭിപ്രായപ്പെട്ടു. ഭരണനേതൃത്തിലും വ്യവസായ പ്രമുഖരിലുമുള്ള ചെറുപ്പക്കാരുടെ വിശ്വാസം നഷ്ടപ്പെട്ടതായി സര്‍വേയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തില്‍ ധീരമായ നടപടി സ്വീകരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് വോട്ട് ചെയ്യുമെന്നും അവരെ പിന്തുണയ്ക്കുമെന്നും പങ്കെടുത്ത നാലില്‍ മൂന്നു പേരും പറഞ്ഞു. സ്വകാര്യമേഖലയ്ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് സര്‍വേയില്‍ 82% പേരും ശക്തമായി വാദിച്ചു.
കാലാവസ്ഥാ വ്യതിയാനം എന്നതിനപ്പുറം, മൂന്നില്‍ രണ്ട് യുവാക്കളും സ്വന്തം ഭാവിയുടെ കാര്യത്തില്‍ ഉത്കണ്ഠയും അനിശ്ചിതത്വവും അനുഭവിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തി. ഈ പ്രവണത യുവാക്കള്‍ക്കിടയില്‍ ശക്തി പ്രാപിച്ചു വരുന്നുണ്ട്.
ജോലി നേടുന്നതിലുപരി താങ്ങാവുന്ന വാസസ്ഥലത്തിനാണ് ചെറുപ്പക്കാര്‍ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ ചെറുപ്പക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാരില്‍നിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പറഞ്ഞു.
ചെറുപ്പക്കാര്‍ പണ്ടത്തേക്കാളും കൂടുതല്‍ രാഷ്ട്രീയമായ ഇടപെടല്‍ ആഗ്രഹിക്കുന്നതായും എന്നാല്‍ അവര്‍ കടുത്ത നിരാശയും ഉത്കണ്ഠയും അനുഭവിക്കുന്നതായും സര്‍വ്വേഫലം ചൂണ്ടിക്കാണിക്കുന്നതായി ഫൗണ്ടേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ടെയ്ലര്‍ ഹോക്കിന്‍സ് പറഞ്ഞു,
പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെടലിനായുള്ള തങ്ങളുടെ നിലവിളികള്‍ ഭരണനേതൃത്വം ഉള്‍പ്പെടെ ആരും ഗൗനിക്കുന്നില്ലെന്ന് ചെറുപ്പക്കാര്‍ ആശങ്കപ്പെടുന്നതായി ഹോക്കിന്‍സ് പറഞ്ഞു. പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ പിന്മാറുന്നു എന്ന സൂചനയും സര്‍വേ നല്‍കുന്നു.
അഞ്ജലി ശര്‍മ
അഞ്ജലി ശര്‍മ എന്ന കൗമാരക്കാരി ഇതിന് ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനത്തില്‍നിന്ന് ഭാവി തലമുറയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഫെഡറല്‍ പരിസ്ഥിതി മന്ത്രിക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ് അഞ്ജലി ശര്‍മ്മ അടക്കമുള്ള ചെറുപ്പക്കാര്‍. മേയിലാണ് സര്‍ക്കാരിനെതിരേ ഫെഡറല്‍ കോടതിയില്‍ അഞ്ജലി ശര്‍മ്മ കേസ് നല്‍കിയത്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരേ അടുത്തിടെ നടന്ന സ്‌കൂള്‍ പണിമുടക്കില്‍ പങ്കെടുത്ത അഞ്ജലി സര്‍വേ ഫലങ്ങളില്‍ അതിശയിക്കാനില്ലെന്ന് അഭിപ്രായപ്പെട്ടു. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ചെറുപ്പക്കാര്‍ക്ക് വളരെയധികം ആശങ്കകളുണ്ടെന്ന് വ്യക്തമാണ്. കാര്യങ്ങള്‍ ചെറുപ്പക്കാരുടെ കൈകളിലേക്ക് എത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ജനം വിശ്വസിക്കുന്നു. അതിനാലാണ് ഞങ്ങളില്‍ പലരും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്-അഞ്ജലി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.